Quantcast

'ബീഫ് കഴിച്ചത് ബില്ലില്‍ ചേര്‍ക്കരുതേ, ജോലി പോവുമെന്ന് അവര്‍ പറഞ്ഞു'

റെസ്റ്റോറന്‍റിലുണ്ടായ ഒരു സംഭവം വിശദീകരിച്ച് ഹോട്ടലുടമ

MediaOne Logo

Web Desk

  • Updated:

    2023-01-24 06:40:00.0

Published:

24 Jan 2023 6:22 AM GMT

beef hotel owner shares experience
X

നമ്മള്‍ എന്തുകഴിക്കണം, എന്തുകഴിക്കാന്‍ പാടില്ല എന്നൊക്കെ കമ്പനികള്‍ തീരുമാനിക്കുന്ന കാലത്തിലേക്ക് നമ്മള്‍ പോവുകയാണെന്ന് ഹോട്ടലുടമയും യുട്യൂബറുമായ ഷെയ്റ പി മാധവം. കഴിഞ്ഞ ദിവസം റെസ്റ്റോറന്‍റിലുണ്ടായ ഒരു സംഭവം ചൂണ്ടിക്കാട്ടിയാണ് ഷെയ്റയുടെ പ്രതികരണം.

റെസ്റ്റോറന്‍റില്‍ നിന്ന് ബീഫ് ഫ്രൈ കഴിച്ച രണ്ടു പേര്‍ ബില്ലില്‍ നിന്ന് ബീഫ് മാറ്റിത്തരാമോയെന്ന് ചോദിച്ചെന്ന് ഷെയ്റ പറയുന്നു. ബീഫിന്‍റെ ബില്ലുമായി ചെന്നാല്‍ കമ്പനിയില്‍ നിന്ന് ക്ലെയിം കിട്ടില്ല എന്നതാണ് അവര്‍ പറഞ്ഞ കാരണം. ഒരു നോര്‍ത്ത് ഇന്ത്യന്‍ കമ്പനിയാണെന്നാണ് അവര്‍ പറഞ്ഞത്. ഈ ബില്‍ അവിടെ കൊണ്ടുപോയിക്കൊടുത്താല്‍ ജോലി വരെ പോകുമെന്നും അവര്‍ പറഞ്ഞു. ഒടുവില്‍ ബീഫിനു പകരം രണ്ട് ഫിഷ് വെച്ച് താന്‍ ബില്‍ മാറ്റിനല്‍കിയെന്ന് ഷെയ്റ വിശദീകരിച്ചു.

ഷെയ്റയുടെ വാക്കുകള്‍...

"ഇന്നലെ റെസ്റ്റോറന്‍റിലുണ്ടായ സംഭവം പങ്കുവെയ്ക്കണമെന്ന് തോന്നി. റെസ്റ്റോറന്‍റില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം രണ്ടു പേര്‍ വന്ന് ബില്‍ ചോദിച്ചു. ഞാന്‍ ബില്‍ കൊടുത്തു. അവര്‍ ബീഫ് ഫ്രൈ കഴിച്ചിരുന്നു. സ്വാഭാവികമായിട്ടും അതും കൂടി ചേര്‍ത്താണ് ബില്‍ അടിച്ചത്. അപ്പോള്‍ അവര്‍ അയ്യോ ചേച്ചീ, ഈ ബീഫൊന്ന് ബില്ലില്‍ നിന്ന് മാറ്റിത്തരുമോയെന്ന് ചോദിച്ചു. നിങ്ങള്‍ കഴിച്ചതാണല്ലോ എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ഈ ബില്‍ കൊടുത്താല്‍ ക്ലെയിം കിട്ടില്ല കമ്പനിയില്‍ നിന്നെന്ന് അവര്‍ പറഞ്ഞു. ബീഫ് കഴിച്ചാല്‍ ക്ലെയിം തരാത്ത കമ്പനി ഏതാണെന്ന് ഞാന്‍ ചോദിച്ചു. ഒരു നോര്‍ത്ത് ഇന്ത്യന്‍ കമ്പനിയാണെന്ന് മാത്രമേ അവര്‍ പറഞ്ഞുള്ളൂ. അവര്‍ക്ക് ക്ലെയിം കിട്ടാതിരിക്കേണ്ടെന്ന് കരുതി ബില്ലില്‍ ബീഫ് മാറ്റി രണ്ട് ഫിഷ് വെച്ച് അഡ്ജസ്റ്റ് ചെയ്തുകൊടുത്തു. പോവുമ്പോള്‍ അവരെന്നോട് സോറി പറഞ്ഞു. അതൊന്നും കുഴപ്പമില്ല, എനിക്ക് കേട്ടപ്പോള്‍ അത്ഭുതം തോന്നിയെന്നു ഞാന്‍ പറഞ്ഞു. ഇതിപ്പോള്‍ അവിടെ കൊണ്ടുപോയിക്കൊടുത്താല്‍ ഞങ്ങളുടെ ജോലി വരെ പോകും ചേച്ചീ അതുകൊണ്ടാണെന്ന് അവര്‍ പറഞ്ഞു.

ഞാന്‍ കുറേനേരം അതേപ്പറ്റി ആലോചിച്ചു ആ തിരക്കിനിടയിലും. നമ്മള്‍ കേട്ടുമാത്രം പരിചയമുള്ള കാര്യങ്ങള്‍ നമ്മുടെ കണ്‍മുന്നിലേക്ക് എത്തുകയാണ്. നമ്മുടെ മുറ്റത്തേക്കും നമ്മുടെ റെസ്റ്റോറന്‍റിലേക്കും എത്തിത്തുടങ്ങുകയാണ്. എനിക്കു ഭയങ്കര സങ്കടം തോന്നി. നമ്മള്‍ എന്തുകഴിക്കണം, എന്തുകഴിക്കാന്‍ പാടില്ല എന്നൊക്കെ കമ്പനികള്‍ തീരുമാനിക്കുന്ന കാലത്തിലേക്ക് നമ്മള്‍ പോയിക്കൊണ്ടിരിക്കുകയാണ്".



TAGS :

Next Story