ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനത്തിൽ ബേനസീർ ഭൂട്ടോ സ്‌ക്വയർ; എസ്എഫ്‌ഐ നിലപാട് ചോദിച്ച് സോഷ്യൽ മീഡിയ
എംഎസ്എഫ് തീം സോങ്ങിൽ ഇംറാൻ ഖാന്റെ ചിത്രം വന്നതിനെതിരെ എസ്എഫ്‌ഐ കടുത്ത വിമർശനം ഉയർത്തിയിരുന്നു

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ തീം സോങ്ങിൽ മുൻ പാക് പ്രധാനമന്ത്രി ഇംറാൻ ഖാന്റെ ചിത്രം ഉൾപ്പെട്ടതിൽ എസ്എഫ്‌ഐ വിമർശനം ഉയർത്തിയതിന് പിന്നാലെ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമ്മേളനത്തിന് പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയുടെ പേരിൽ സ്‌ക്വയർ ഒരുക്കിയത് ചർച്ചയാകുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ 2023ൽ നടന്ന ദേശീയ സമ്മേളനത്തിന്റെ ഭാഗമായാണ് ബേനസീർ സ്‌ക്വയർ ഒരുക്കിയത്. ഇതിൽ എസ്എഫ്‌ഐ നിലപാട് എന്താണെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
എംഎസ്എഫ് തീം സോങ്ങിൽ ഇംറാൻ ഖാന്റെ ചിത്രം വന്നതിനെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദും സെക്രട്ടറി സഞ്ജീവും കടുത്ത വിമർശനമാണ് ഉയർത്തിയത്. മതരാഷ്ട്രവാദം ഉയർത്തിയും മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നൊടുക്കുകയും ചെയ്യുന്ന പാകിസ്താൻ നേതാവിനോട് പി.കെ നവാസിനും സംഘത്തിനും എന്ത് ബന്ധമാണ് എന്നായിരുന്നു സഞ്ജീവിന്റെ ചോദ്യം.
നമ്മുടെ രാജ്യത്തെയും, മതനിരപേക്ഷ ബോധത്തെയും നിരന്തരം അക്രമിക്കുകയും ആർഎസ്എസിന്റെ തീവ്ര ദേശീയതക്ക് ഇന്ത്യയിൽ വളരാൻ സഹായകമാകുന്ന നിലപാടെടുത്ത ഇമ്രാൻ ഖാൻ ആണോ നവാസിന്റെ ഹീറോ? തങ്ങൾ മതനിരപേക്ഷമാണെന്ന് തെളിയിക്കാൻ പാടുപെടുന്ന കേരളത്തിലെ എംഎസ്എഫ് ഇതുവഴി ഇപ്പോൾ സംഘപരിവാർ ബോധത്തെ വളർത്താനുള്ള മണ്ണൊരുക്കുക കൂടിയാണ് ചെയ്യുന്നത്. എംഎസ്എഫിന്റെ ജമാഅത്ത് ബന്ധത്തിന്റെ ഭാഗമായാണ് ഇംറാന്റെ ഫോട്ടോ വന്നതെന്നും സഞ്ജീവ് ആരോപിച്ചിരുന്നു.
മുസ്‌ലിം ലീഗ് വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയതിന്റെ ഫലമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ എന്നായിരുന്നു എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദിന്റെ വാദം. ലീഗിന്റെ രാഷ്ട്രീയ- ബൗദ്ധിക നേതൃത്വത്തെ ജമാഅത്ത് വിഴുങ്ങാൻ തയ്യാറെടുക്കുകയാണ്. അതിന്റെ വേഗത എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് എംഎസ്എഫ് ഗാനത്തിൽ വന്ന ഇംറാൻ ഖാന്റെ ഫോട്ടോ എന്നായിരുന്നു ശിവപ്രസാദ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്.
Adjust Story Font
16

