സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം നിർമിക്കാൻ വൻകിട കമ്പനികളും; ഇ-ഫയല്‍ രേഖകള്‍ മീഡിയവണിന്
നികുതി ഇളവ് സംബന്ധിച്ച നിര്‍ദേശങ്ങളുമായി ബക്കാര്‍ഡി കമ്പനി സര്‍ക്കാരിനെ സമീപിച്ചു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം വിപണയില്‍ എത്തിക്കാന്‍ വന്‍കിട മദ്യ കമ്പനികളും രംഗത്തെത്തി. നികുതി ഇളവ് സംബന്ധിച്ച നിര്‍ദേശങ്ങളുമായി ബക്കാര്‍ഡി കമ്പനി സര്‍ക്കാരിനെ സമീപിച്ചു. ഇ-ഫയല്‍ രേഖകള്‍ മീഡിയവണിന് ലഭിച്ചു.
വീര്യം കുറഞ്ഞ മദ്യത്തിന് ഈടാക്കേണ്ട നികുതി നിരക്ക് സംബന്ധിച്ച ശിപാര്‍ശ ജിഎസ്ടി കമ്മീഷണര്‍ സര്‍ക്കാരിന് നല്‍കിയതിന് പിന്നാലെയാണ് മദ്യ കമ്പനികളുടെ നീക്കം. ഈ മാസം നാലിനാണ് ബക്കാര്‍ഡി കമ്പനി കുറഞ്ഞ നികുതി നിരക്ക് അടങ്ങുന്ന ശിപാര്‍ശ സര്‍ക്കാരിന് കൈമാറിയത്. ഇതും സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്ന് ഇ-ഫയല്‍ രേഖകള്‍ തെളിയിക്കുന്നു. അതായത് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ആദ്യം വിപണയില്‍ എത്തുക വന്‍കിട മദ്യകമ്പനികളുടെ ഉല്‍പന്നമാണെന്ന് ഉറപ്പായി. നിലവിലുള്ള മദ്യത്തിന് 400 രൂപയില്‍ കൂടുതലുള്ള ഫുള്‍ ബോട്ടിലിന് 251 ശതമാനമാണ് നികുതി.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി 80 ശതമാനമാക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. എന്നാല്‍ അത്രയും കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായേക്കില്ല. ഐടി,ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കും വീര്യം കുറഞ്ഞ മദ്യം വേണമെന്ന് വിലയിരുത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യം അനുവദിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചത്. പരമ്പരാഗത കശുവണ്ടി,മരച്ചീനി കര്‍ഷകര്‍ക്ക് ഇത് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ വന്‍കിട മദ്യ കമ്പനികള്‍ വിപണി പിടിച്ചെടുക്കാനാണ് സാധ്യത.
Adjust Story Font
16

