'ബിനോയ് വിശ്വം പോരാ' ശബ്ദരേഖയിൽ ഖേദം പ്രകടിപ്പിച്ച് കെ.എം ദിനകരനും കമല കമല സദാനന്ദനും
ബിനോയ് വിശ്വവും ജില്ലാ സെക്രട്ടറി കെ. എം ദിനകരനും ഒരേ വേദിയിൽ

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് കമല സദാനന്ദനും കെ.എം ദിനകരനും. ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ചാണ് ഇരുവരും ഖേദം പ്രകടിപ്പിച്ചത്. എന്നാൽ മാപ്പ് പറഞ്ഞ കാര്യം അറിയില്ലെന്നാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. വിഷയം 24ന് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്യും.
സംസ്ഥാന സെക്രട്ടറിക്കെതിരായ ശബ്ദരേഖ വിവാദം സിപിഐയിൽ ചൂട് പിടിക്കുകയാണ്. ഇതിനിടെയാണ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം ദിനകരനും ബിനോയ് വിശ്വത്തെ നേരിട്ട് വിളിച്ച് ഖേദപ്രകടനം നടത്തിയത്. ഇരുവരുടെയും വാക്കുകൾ കേട്ടതല്ലാതെ ബിനോയ് വിശ്വം മറുപടിയൊന്നും നൽകിയില്ല. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ബിനോയ് വിശ്വത്തിന്‍റെ പ്രവർത്തനം പോരെന്നായിരുന്നു കമലയുടെയും ദിനകരന്‍റെയും ശബ്ദരേഖയിൽ ഉള്ളത്. എന്നാൽ ഉന്നത മൂല്യം ഉയർത്തിപ്പിടിക്കുന്ന അങ്ങനെ പറയില്ലെന്ന് നിലപാട് ബിനോയ് വിശ്വം ആവർത്തിച്ചു .
ശബ്ദരേഖാ വിവാദത്തിൽ താനൊരു ഖേദപ്രകടനവും നടത്തിയിട്ടില്ലെന്ന് കമല സദാനന്ദന്‍റെ പ്രതിരകരണം. വിവാദങ്ങൾക്കിടെ എറണാകുളം മണ്ഡലം സമ്മേളനത്തിൽ ബിനോയ് വിശ്വത്തിനൊപ്പം കമല സദാനന്ദനും ദിനകരനും പങ്കെടുത്തു. സെക്രട്ടറിക്കെതിരായ വിഭാഗീയ പ്രവർത്തനമായാണ് ഇരുവരുടെയും സംഭാഷണത്തെ നേതാക്കൾ വിലയിരുത്തുന്നത്.
ഈ മാസം 24നാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേരുന്നത്. സംസ്ഥാന എക്സിക്യൂട്ടീവ് അംഗത്തിന്‍റെയും ജില്ലാ സെക്രട്ടറിയുടെയും ഭാഗത്തു നിന്നുള്ള പ്രതികരണം എക്സിക്യൂട്ടീവ് യോഗത്തിൽ ചൂടിയേറിയ ചർച്ചയാകും. ഇരുവർക്കും എതിരെ സംഘടന നടപടി വേണമൊ എന്ന കാര്യവും എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്യും.
Adjust Story Font
16

