'ശിവൻകുട്ടിയെ എന്തെങ്കിലും പഠിപ്പിക്കാൻ ഞാനളല്ല'; പിഎം ശ്രീയിൽ മറുപടിയുമായി ബിനോയ് വിശ്വം
ഒരു പ്രകോപനത്തിനും വീഴാൻ സിപിഐ ഇല്ല

Photo| MediaOne
തിരുവനന്തപുരം: പിഎം ശ്രീയെ ചൊല്ലി വീണ്ടും സിപിഎം- സിപിഐ തർക്കം. ഏതെങ്കിലും കേന്ദ്രങ്ങളിൽനിന്ന് ഇടതുപക്ഷ ആശയം പഠിക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി തുറന്നടിച്ചു. ശിവൻകുട്ടിയെ എന്തെങ്കിലും പഠിപ്പിക്കാൻ താനില്ലെന്ന് ബിനോയി വിശ്വം മറുപടി നൽകി. എന്നാൽ വിവാദങ്ങൾ മാധ്യമസൃഷ്ടി മാത്രമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ മീഡിയ വണിനോട് പ്രതികരിച്ചു .
പിഎം ശ്രീ വിവാദം താൽക്കാലികമായി കെട്ടടങ്ങി സിപിഎം സിപിഐ നേതാക്കളുടെ ഉള്ളിൽ എപ്പോഴും നീറുന്നു എന്നതാണ് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇന്നലെ കരാർ മരവിപ്പിക്കാൻ കത്ത് നൽകിയതിനെ തൊട്ടു പിന്നാലെയാണ് സിപിഐക്കെതിരെ തുറന്നടിച്ച് മന്ത്രി രംഗത്തെത്തിയത്.
എന്നാൽ ശിവൻകുട്ടിയെ എന്തെങ്കിലും പഠിപ്പിക്കാൻ താൻ ആളല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഫണ്ട് കിട്ടിയില്ലെങ്കിൽ ഉത്തരവാദി അല്ലെന്ന് പറയുന്ന ശിവൻകുട്ടിയോട് എന്ത് പറയാനാണ്. ഒരു പ്രകോപനത്തിനും വീഴാൻ സിപിഐ ഇല്ല. ശിവൻകുട്ടിക്കും അത് ബോധ്യമുണ്ടാകണമെന്നും ബിനോയ് കൂട്ടിച്ചേര്‍ത്തു.
''പിഎം ശ്രീയെ സംബന്ധിച്ചുള്ള ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് ശിവൻകുട്ടിയെ പഠിപ്പിക്കാൻ എന്നെക്കാൾ എന്തുകൊണ്ടും അര്‍ഹരും അവകാശമുള്ളവരും സഖാവ് എം.എ ബേബിയും സഖാവ് ഗോവിന്ദൻ മാഷുമാണ്. അവര് പഠിപ്പിക്കട്ടെ. ആർഎസ്എസിന്റെ വിദ്യാഭ്യാസ അജണ്ടയാണ് പിഎംശ്രീ.ശിവൻകുട്ടി നല്ലൊരു രാഷ്ട്രീയ നേതാവാണ്, നല്ലൊരു മന്ത്രിയാണ്, സുഹൃത്താണ്.ഒരു കാരണവശാലും ശിവൻകുട്ടിയെ ചെറുതാക്കാൻ ഞാനില്ല'' ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
എസ്എസ്കെയും , പിഎംശ്രീം ഒന്നല്ലെന്നും രണ്ടും കൂട്ടിക്കെട്ടുന്നത് ആർഎസ്എസ് രാഷ്ട്രീയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. എസ്എസ്കെ ഫണ്ട് തട്ടിപ്പറിക്കാൻ കേന്ദ്രം ശ്രമിച്ചാൽ നിയമപരമായും രാഷ്ട്രീയമായും നേരിടണം. ജയപരാജയങ്ങളുടെ അളവുകോൽ വച്ച് അളക്കുന്നില്ല. എൽഡിഎഫ് ഐക്യത്തിന്റേയും ഐഡിയോളജിയുടേയും വിജയം ആണെന്ന് ബിനോയ് വിശ്വം പറഞ്ഞു.
Adjust Story Font
16

