ബയോ ഫ്ലോക്ക് മത്സ്യ കൃഷി പരാജയമാകുന്നു; തിരിച്ചടി നേരിട്ട് ആയിരക്കണക്കിന് കർഷകർ
ഫിഷറീസ് വകുപ്പ് വന്‍ പ്രചാരണം നടത്തി നടപ്പിലാക്കിയ പദ്ധതി തീർത്തും പരാജയമായെന്നാണ് കർഷകര്‍ പറയുന്നത്

കോട്ടയം: പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജ പദ്ധതി പ്രകാരം ബയോ ഫ്ലോക് രീതിയില്‍ കൃഷി നടത്തിയ കർഷകർ ദുരിതത്തില്‍. യഥാ സമയം മത്സ്യങ്ങള്‍ വില്‍പന നടത്താന്‍ സാധിക്കാത്തതും ഉത്പാദന ചിലവേറുന്നതുമാണ് പ്രതിസന്ധിയുടെ കാരണം. ഫിഷറീസ് വകുപ്പ് വന്‍ പ്രചാരണം നടത്തി നടപ്പിലാക്കിയ പദ്ധതി തീർത്തും പരാജയമായെന്നാണ് കർഷകര്‍ പറയുന്നത്.
മൂന്ന് വർഷം മുൻപാണ് മത്സ്യ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പിന് കീഴിൽ ബയോ ഫ്ലോക്ക് പദ്ധതികൾ നടപ്പിലാക്കി തുടങ്ങിയത്. വൻ തോതിൽ പ്രചാരണം നടത്തിയതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന് പേരാണ് ഈ പ്രത്യേക കൃഷി രീതിയിലേക്ക് തിരിഞ്ഞത്. മത്സ്യ കുഞ്ഞുങ്ങളുടെ നിക്ഷേപത്തിന് ശേഷം ആറ് മാസത്തിനുള്ളിൽ വിളവെടുപ്പ് നടത്താമെന്നും കിലോയ്ക്ക് 300 രൂപ വരെ വില ലഭിക്കുമെന്നും ഫിഷറീസ് വകുപ്പ് ഉറപ്പ് നൽകി. എന്നാൽ അത് വിശ്വസിച്ച് കൃഷി ചെയ്യാനിറങ്ങിയ പലരുമാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.
കൃതൃമായി ഓക്സിജനും പോഷക തീറ്റയും നൽകി മീൻ വളർത്തുന്ന ഇസ്രായേൽ സാങ്കേതിക വിദ്യ വൻ വിജയമാകുമെന്നാണ് ഫിഷറീസ് വകുപ്പ് കണക്കാക്കിയത്. എന്നാൽ പദ്ധതി ആരംഭിച്ച് രണ്ട് വർഷത്തിനുള്ളിൽ തന്നെ കർഷകർക്ക് തിരിച്ചടി നേരിട്ടു. വളർത്തു മത്സ്യങ്ങൾ വില ഇടിഞ്ഞതിന് പിന്നാലെ പരിപാലത്തിനായി വൻ തുക ചിലവാക്കേണ്ടി വരുന്നതും നഷ്ടം ഇരട്ടിയാക്കി. ഇതോടെയാണ് ബാങ്ക് വായ്പയെടുത്ത് കൃഷിയാരംഭിച്ച പലരും പ്രതിസന്ധിയാലയത്.
നിലവിലെ പ്രതിസന്ധികൾ പലതവണ ഫിഷറീസ് വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അനുകൂല നടപടികളുണ്ടാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. ബയോ ഫ്ലോക്ക് കൃഷിയിൽ തിരിച്ചടി നേരിട്ടവരുടെ മത്സ്യം പ്രത്യേകമായി സംഭരിക്കണമെന്നും പദ്ധതിക്ക് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തണമെന്നുമാണ് കർഷകരുടെ ആവശ്യം.
Adjust Story Font
16

