Quantcast

തൃക്കാക്കരയിൽ കെട്ടിവെച്ച കാശുപോലും കിട്ടാതെ ബിജെപി; ഒരു ബൂത്തിലും മുന്നിലെത്താനായില്ല

പോൾ ചെയ്ത വോട്ടിന്റെ ആറിലൊന്നു നേടിയാലേ കെട്ടിവച്ച കാശു ലഭിക്കൂ. അതിന് 22,558 വോട്ട് വേണം. കിട്ടിയതാവട്ടെ 12,957 വോട്ട്.

MediaOne Logo

Web Desk

  • Published:

    4 Jun 2022 4:50 AM GMT

തൃക്കാക്കരയിൽ കെട്ടിവെച്ച കാശുപോലും കിട്ടാതെ ബിജെപി; ഒരു ബൂത്തിലും മുന്നിലെത്താനായില്ല
X

കൊച്ചി: സംസ്ഥാന നേതാവിനെ തന്നെ രംഗത്തിറക്കിയിട്ടും തൃക്കാക്കരയിൽ ബിജെപിക്കു കെട്ടിവച്ച കാശുപോലും കിട്ടിയില്ല. 9.57 % വോട്ടു മാത്രമാണ് ബിജെപിക്ക് നേടാനായത്. പോൾ ചെയ്ത വോട്ടിന്റെ ആറിലൊന്നു നേടിയാലേ കെട്ടിവച്ച കാശു ലഭിക്കൂ. അതിന് 22,558 വോട്ട് വേണം. കിട്ടിയതാവട്ടെ 12,957 വോട്ട്. 2021ലും പാർട്ടിക്കു കെട്ടിവച്ച കാശ് പോയിരുന്നു. ഇക്കുറി അന്നത്തേതിലും 2526 വോട്ട് കുറഞ്ഞു. യുഡിഎഫ് 53.76% വോട്ട് വിഹിതത്തോടെ 12,931 വോട്ട് അധികം നേടി. എൽഡിഎഫും 2244 വോട്ട് അധികം നേടി. 35.28% ആണ് വോട്ട് വിഹിതം.

കഴിഞ്ഞതവണ നാലു ബൂത്തിൽ ഒന്നാമതും 11 ബൂത്തിൽ രണ്ടാമതും എത്തിയ ബിജെപി ഇക്കുറി ഒരിടത്തുപോലും ഒന്നാമതു വന്നില്ല. 2016ൽ 15 ശതമാനവും 2021ൽ 11.34 ശതമാനവും നേടിയ പാർട്ടിയുടെ ഇത്തവണത്തെ വോട്ടുവിഹിതം 9.57% മാത്രം. കനത്ത തോൽവി സംസ്ഥാന നേതൃത്വത്തിലെ വിഭാഗീയത രൂക്ഷമാകാൻ കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്രമന്ത്രി വി.മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും നയിക്കുന്ന വിഭാഗത്തിന്റേതായി സ്ഥാനാർഥി നിർണയ ഘട്ടത്തിൽ ഉയർന്നുവന്ന പേരു ജില്ലയിൽനിന്നുള്ള മഹിളാ മോർച്ച യുവ നേതാവിന്റേതായിരുന്നു. പരിചയസമ്പത്തിന്റെ പേരിൽ സ്ഥാനാർഥിത്വം എ.എൻ.രാധാകൃഷ്ണനു മേൽ സുരേന്ദ്രൻ പക്ഷം കെട്ടിവച്ചെന്ന കുറ്റപ്പെടുത്തലും തുടങ്ങിയിട്ടുണ്ട്.

പാർട്ടിയിലെ ഗ്രൂപ്പിസം പ്രചാരണത്തിൽ പ്രതിഫലിക്കാതിരിക്കാൻ സംസ്ഥാന നേതൃത്വം കിണഞ്ഞു പരിശ്രമിച്ചിരുന്നു. ബിജെപിയുടെ മുതിർന്ന നേതാക്കളെല്ലാം മണ്ഡലത്തിൽ നിറഞ്ഞുനിന്നു പ്രവർത്തിച്ചെങ്കിലും അതൊന്നും വോട്ടായില്ല. ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രനെ വരെ പ്രചാരണത്തിനു കൊണ്ടുവന്നു. പി.സി ജോർജും കാസയും വർഗീയ പ്രചാരണങ്ങളുമായി മണ്ഡലത്തിൽ നിറഞ്ഞുനിന്നു. എന്നിട്ടും തൃക്കാക്കരക്കാർ ബിജെപിയെ നിലംതൊടീച്ചില്ല. തോൽവി ഞങ്ങൾക്ക് ശീലമാണ് എന്നായിരുന്നു എ.എൻ രാധാകൃഷ്ണന്റെ പ്രതികരണം.

TAGS :

Next Story