ബിജെപി പ്രതിഷേധത്തിനിടെ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട് ബിജെപി നഗരസഭാ ചെയർപേഴ്സൺ
നഗരസഭാ ചെയർപേഴ്‌സണായിരുന്നു ചടങ്ങിന്റെ അധ്യക്ഷ.

Photo| MediaOne
പാലക്കാട്: ലൈംഗികാരാപണ വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപിയുടെ പ്രതിഷേധം നടക്കുന്നതിനിടെ എംഎൽഎയ്ക്കൊപ്പം വേദി പങ്കിട്ട് പാലക്കാട്ടെ ബിജെപിയുടെ നഗരസഭാ ചെയർപേഴ്സൺ. സ്റ്റേഡിയം ബൈപാസ്- ജില്ലാ ആശുപത്രി ലിങ്ക് റോഡ് ഉദ്ഘാടന ചടങ്ങിലാണ് ചെയർ പേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്തത്.
രാഹുലിന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡ് നിർമിച്ചത്. നഗരസഭാ ചെയർപേഴ്‌സണായിരുന്നു ചടങ്ങിന്റെ അധ്യക്ഷ. വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് കോൺഗ്രസ് ഇതര ജനപ്രതിനിധി രാഹുലിനൊപ്പം വേദി പങ്കിടുന്നത്.
പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ കാല് കുത്തിക്കില്ലെന്നായിരുന്നു ബിജെപി സംസ്ഥാന നേതാക്കളും ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നത്. കൂടാതെ രാഹുലിന്റെ ഓഫീസിലേക്ക് പലതവണ മാർച്ചും നടത്തിയിരുന്നു. ഓഫീസിന് മുന്നിൽ മഹിളാ മോർച്ചാ പ്രവർത്തകർ കോഴിയെ കെട്ടിത്തൂക്കുന്ന സാഹചര്യം പോലുമുണ്ടായി.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തിൽ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ട് നഗരസഭാ വൈസ് ചെയർമാൻ രാഹുൽ മാങ്കൂട്ടത്തിലിന് കത്തയച്ചിരുന്നു. രണ്ട് മാസം മുമ്പായിരുന്നു ഇത്. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ കണക്കിലെടുത്താണ് ആഗസ്റ്റ് 22ന് നടന്ന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കണമെന്നാവശ്യപ്പെട്ട് വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് കത്തയച്ചത്.
ഇത്തരമൊരു സാഹചര്യത്തിൽ ബിജെപി മുനിസിപ്പൽ ചെയർപേഴ്‌സൺ രാഹുലിനൊപ്പം വേദി പങ്കിട്ടത് ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എന്നാൽ നഗരസഭാ ചെയർപേഴ്‌സൺ എന്ന നിലയ്ക്കാണ് ചടങ്ങിൽ പങ്കെടുത്തത് എന്നാണ് പ്രമീളയുടെ വിശദീകരണം.
കഴിഞ്ഞദിവസം ചെയർപേഴ്‌സൺ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാർ പരിപാടി സംഘടിപ്പിച്ചിരുന്നു. രാഹുലിനെ പൂർണമായും ബഹിഷ്‌കരിക്കേണ്ടതില്ലെന്നാണ് സി. കൃഷ്ണകുമാർ വിരുദ്ധ പക്ഷമായ പ്രമീളയുൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ നിലപാട്.
Adjust Story Font
16

