Quantcast

പാലത്തായി കേസില്‍ കോടതി ശിക്ഷിച്ച പത്മരാജനെ ന്യായീകരിച്ച് ബിജെപി- സംഘ്പരിവാര്‍ പ്രൊഫൈലുകള്‍

എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും തയ്യാറാക്കിയ തിരക്കഥ അതിജീവിതയുടെ പൊടിപ്പും തൊങ്ങലും വെച്ച് സിപിഎമ്മിന്റെ ആശിര്‍വാദത്തോടെ കോടതി വിധി അനുകൂലമായി സമ്പാദിച്ചെടുക്കുകയായിരുന്നുവെന്ന് ജനം ടിവി കോർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    19 Nov 2025 12:27 PM IST

പാലത്തായി കേസില്‍ കോടതി ശിക്ഷിച്ച പത്മരാജനെ ന്യായീകരിച്ച് ബിജെപി- സംഘ്പരിവാര്‍ പ്രൊഫൈലുകള്‍
X

തലശ്ശേരി: പാലത്തായി പീഡനക്കേസില്‍ കോടതി ശിക്ഷിച്ച പത്മരാജനെ ന്യായീകരിച്ചും പിന്തുണച്ചും ബിജെപി- സംഘ്പരിവാര്‍ പ്രൊഫൈലുകള്‍. 'ഒരു സ്‌കൂളില്‍ മഴ പെയ്യുമ്പോള്‍ കയറിനിന്നാലെങ്കിലും മതി ആ കേസ് വ്യാജമാണെന്നറിയാന്‍' എന്നായിരുന്നു ബിജെപി നേതാവ് ശശികലയുടെ പ്രതികരണം. പത്മരാജന്റെ ഭാര്യ ഒറ്റക്കല്ല, ഞങ്ങളുണ്ട് കൂടെയെന്നും നിരപരാധിയായ പത്മരാജന്‍ ശിക്ഷിക്കപ്പെടുന്നില്ലെന്ന് ഉന്നത നീതിപീഠം ഉറപ്പുവരുത്തുമെന്നും ശശികല ഫേസ്ബുക്കില്‍ കുറിച്ചു. സ്വയം സേവകനായത് കൊണ്ട് മാത്രമാണ് പത്മരാജന്‍ മാഷിനെ കള്ളക്കേസില്‍ കുടുക്കി ശിക്ഷിച്ചതെന്നും ഒരു ദിവസം പോലും തടവറയില്‍ കഴിയേണ്ട ആളല്ലെന്നും ജനം ടിവി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ന്യായീകരിച്ചു.

'പാലത്തായി പീഡനക്കേസ് വ്യാജമാണെന്നറിയാന്‍ പൊലീസിന്റെ അന്വേഷണബുദ്ധിയൊന്നും വേണ്ട. ഒരു സ്‌കൂളില്‍ മഴ പെയ്യുമ്പോള്‍ കയറിനിന്നാലെങ്കിലും മതി. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്. ഉന്നത നീതിപീഠം അത് ഉറപ്പുവരുത്തുമെന്നാണ് തന്റെ വിശ്വാസം. പത്മരാജന്റെ കുടുംബത്തോടൊപ്പം ഞങ്ങളുണ്ടാകും.' ബിജെപി നേതാവ് ശശികല ഫേസ്ബുക്കില്‍ കുറിച്ചു.

പാലത്തായി പോക്‌സോ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പത്മരാജന്‍ ഒരു ദിവസം പോലും തടവറയില്‍ കഴിയേണ്ടയാളല്ലെന്നും അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു ജനം ടിവി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരുടെ പ്രതികരണം.

'ഒരു സ്വയം സേവകനായത് കൊണ്ട് മാത്രമാണ് അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കി ശിക്ഷിച്ചത്. എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും തയ്യാറാക്കിയ തിരക്കഥ അതിജീവിതയുടെ പൊടിപ്പും തൊങ്ങലും വെച്ച് സിപിഎമ്മിന്റെ ആശിര്‍വാദത്തോടെ ഭരണകൂട ഒത്താശയില്‍ കോടതിവിധി അനുകൂലമായി സമ്പാദിച്ചെടുക്കുകയായിരുന്നു. ജിഹാദികളുടെ പുതിയ തന്ത്രമാണിവിടെ അരങ്ങേറിയത്. രാഷ്ട്രീയ പ്രതിയോഗികളെ വ്യാജ പോക്‌സോ കേസുകളില്‍ പെടുത്തി പരമാവധി ഉപദ്രവിക്കുകയെന്നതാണ് അവരുടെ ഉദ്ദേശം.' അനില്‍ നമ്പ്യാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജസ്റ്റിസ് ഡിലേയ്ഡ് ഈസ് ജസ്റ്റിസ് ഡിനൈഡ് ആയതിനാല്‍ പത്മരാജന്‍ മാഷിന്റെ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കണം. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നും നീതിപീഠത്തിലുള്ള പൗരന്റെ വിശ്വാസത്തിന് കോട്ടം തട്ടാന്‍ ഇടവരുത്തരുതെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു.

'പാലത്തായി കേസിലെ സിഎഎ വിരുദ്ധ ജിഹാദി സമരത്തിന്റെ ഇരയോടൊപ്പം' എന്ന അടിക്കുറിപ്പോടെ പത്മരാജനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആര്‍എസ്എസ് നേതാവ് പ്രതീഷ് വിശ്വനാഥിന്റെ പിന്തുണ പ്രഖ്യാപനം.

പാലത്തായി പീഡനക്കേസില്‍ അധ്യാപകനും ആര്‍എസ്എസ് നേതാവുമായ കെ.പത്മരാജനെ കഴിഞ്ഞ ദിവസമാണ് കോടതി മരണംവരെ ജീവപര്യന്തം ശിക്ഷ വിധിച്ചത്. പോക്‌സോ വകുപ്പ് പ്രകാരം 20 വര്‍ഷം കഠിന തടവ് ഉള്‍പ്പെടെ 40 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. സംഘ്പരിവാര്‍ അധ്യാപക സംഘടനാ ജില്ലാ നേതാവാണ് പ്രതി പത്മരാജന്‍.

പാലത്തായി പീഡനക്കേസിന് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയുമാണെന്നും ചെയ്യാത്ത കുറ്റത്തിനാണ് പത്മരാജന്‍ ശിക്ഷിക്കപ്പെടുന്നതെന്നും പ്രതിഭാഗം അഭിഭാഷകന്‍ പ്രേമരാജന്‍ പറഞ്ഞിരുന്നു. ശിക്ഷാവിധിക്ക് പിന്നാലെ പത്മരാജന് പിന്തുണ നല്‍കിയും ന്യായീകരിച്ചും നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധി സംഘ്പരിവാര്‍ പ്രൊഫൈലുകളാണ് സമൂഹമാധ്യമങ്ങളില്‍ സജീവമായിരിക്കുന്നത്.

TAGS :

Next Story