'കേന്ദ്രമന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ താൽപര്യം'; എയിംസിൽ സുരേഷ് ഗോപിയെ തള്ളി ബിജെപി സംസ്ഥാന നേതൃത്വം
ഓരോ നേതാക്കൾ അവരവർക്ക് ഇഷ്ടമുള്ളിടത്ത് ആവശ്യപ്പെടുമെന്നും എം.ടി രമേശ് പറഞ്ഞു.

കൊല്ലം: എയിംസ് വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തള്ളി സംസ്ഥാന ബിജെപി നേതൃത്വം. സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ താൽപര്യങ്ങളും ആവശ്യവുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. സുരേഷ് ഗോപിയുടെ ആവശ്യം ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കേണ്ട. കേന്ദ്ര നിയമങ്ങൾ അനുസരിച്ചാകും എയിംസ് അനുവദിക്കുക. കേരളത്തിൽ എവിടെ വന്നാലും ബിജെപിക്ക് സന്തോഷമാണ്. ഓരോ നേതാക്കൾ അവരവർക്ക് ഇഷ്ടമുള്ളിടത്ത് ആവശ്യപ്പെടുമെന്നും എം.ടി രമേശ് പറഞ്ഞു.
കേരളത്തിന് എയിംസ് വേണമെന്നത് കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യമാണെന്നിരിക്കെയാണ് ഇക്കാര്യത്തിൽ ഇപ്പോൾ ബിജെപി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം സുരേഷ് ഗോപി, എയിംസ് ആലപ്പുഴയിൽ വരണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിൽ മറ്റു ചില ബിജെപി നേതാക്കൾ എതിർപ്പുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു എം.ടി രമേശിന്റെ പ്രതികരണം.
കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ വ്യക്തമാക്കിയിരുന്നു. എയിംസ് എപ്പോൾ വരുമെന്ന് മാധ്യമ പ്രവർത്തകർ ചോദിക്കുന്നുണ്ട്. എയിംസ് ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് വരുമെന്നും കൊല്ലത്തെ ബിജെപി യോഗത്തിൽ നഡ്ഡ പറഞ്ഞു.
എയിംസിൽ കേരളത്തോട് വിവേചനം പാടില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. വേണ്ടത് രാഷ്ട്രീയ തീരുമാനമാണെന്നും നിലവിലെ തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടപ്പെടരുതെന്നും മന്ത്രി വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങൾക്ക് രണ്ട് എയിംസ് അനുവദിച്ചു. കേരളത്തിൽ ഒരു എയിംസ് എങ്കിലും എന്തുകൊണ്ടായിക്കൂടാ എന്നും മന്ത്രി ചോദിച്ചു. കേരളത്തിന്റെ ആവശ്യം കേന്ദ്രം അനുഭാവപൂർവം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും അയച്ച കത്തിനോടും അദ്ദേഹം പോസിറ്റീവായി തന്നെയാണ് പ്രതികരിച്ചിട്ടുള്ളത്. എയിംസ് വേണമെന്നത് കേരളത്തിന്റെ പൊതുവായ ആവശ്യമാണെന്നും മന്ത്രി വിശദീകരിച്ചു.
'ഇപ്പോള്‍ ആലപ്പുഴ വികസനമൊന്നും ലഭിക്കാതെ പിന്നോട്ട് നില്‍ക്കുകയാണ്. എയിംസ് ഇവിടെ വരികയാണെങ്കില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെല്ലാം അത് വലിയ മാറ്റങ്ങളുണ്ടാക്കും. ഇന്‍ഫ്രാസ്ട്രക്ചറെല്ലാം ഉയരും. ഏറ്റവും വലിയ ജില്ലയാണ് ആലപ്പുഴ. ജന സാന്ദ്രത കൂടുതല്‍ മലപ്പുറത്താണെങ്കിലും വലിയ ജില്ല ആലപ്പുഴയാണ്'- എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
Adjust Story Font
16

