Quantcast

2016ല്‍ ബിജെപി നേടിയ വോട്ടുകള്‍ 2021ല്‍ ആര്‍ക്കാണ് പോയത്?

ഫലം പുറത്തുവന്നപ്പോള്‍ പല മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് കുറഞ്ഞു..

MediaOne Logo

Web Desk

  • Published:

    3 May 2021 7:51 AM GMT

2016ല്‍ ബിജെപി നേടിയ വോട്ടുകള്‍ 2021ല്‍ ആര്‍ക്കാണ് പോയത്?
X

കേരളത്തില്‍ നേമത്തെ ബിജെപിയുടെ ഒരേയൊരു അക്കൗണ്ട് പൂട്ടിച്ചാണ് എൽഡിഎഫ് തുടർഭരണത്തിലേക്ക് കടക്കുന്നത്. മാത്രമല്ല, സംസ്ഥാനത്ത് ബിജെപി വോട്ട് വിഹിതത്തില്‍ തന്നെ കാര്യമായ ഇടിവുണ്ടായിട്ടുമുണ്ട്. പല മണ്ഡലങ്ങളിലും എൻഡിഎയുടെ വോട്ട് കുറഞ്ഞിരിക്കുകയാണ്. ബിജെപി വോട്ടുകൾ എങ്ങോട്ടാണ് പോയത്, ആർക്കാണ് അതിന്‍റെ ഗുണം ലഭിച്ചത് എന്നെല്ലാം വരുംദിവസങ്ങളിൽ ചർച്ചയാകും.

ഇത്തവണ കനത്ത പോരാട്ടം നടന്ന മണ്ഡലമാണ് തിരുവനന്തപുരം അരുവിക്കര. 2016ല്‍ 20230 വോട്ടാണ് സിനിമാ സംവിധായകന്‍ കൂടിയായ രാജസേനന്‍ നേടിയതെങ്കില്‍ ഇത്തവണ അത് 15379 ആയാണ് കുറഞ്ഞിരിക്കുന്നത്. സി ശിവന്‍കുട്ടിയായിരുന്നു ഇത്തവണ അവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി. കോവളത്തും ഈ അഞ്ചുവര്‍ഷം കൊണ്ട് ബിജെപി വോട്ടില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. 2016ല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി 30897 വോട്ട് നേടിയെങ്കില്‍ ഇത്തവണ വിഷ്ണുപുരം ചന്ദ്രശേഖരന്‍ ആകെ നേടിയത് 18664 വോട്ടുകള്‍ മാത്രമാണ്. കഴക്കൂട്ടത്ത് ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. പക്ഷേ 2016ല്‍ വി മുരളീധരന്‍ 42520 വോട്ടുകള്‍ നേടിയ സ്ഥാനത്ത് ഇത്തവണ ശോഭ സുരേന്ദ്രന്‍റെ വോട്ടുകള്‍ 40193 ആയി കുറഞ്ഞു.

മറ്റൊരു പ്രധാനപ്പെട്ട മണ്ഡലം കൊട്ടാരക്കരയാണ്. കൊട്ടാരക്കരയില്‍ 2016ല്‍ 23962 വോട്ടുകള്‍ നേടിയെങ്കില്‍ ഇത്തവണ അത് കുറഞ്ഞ് 21223 ആയി. കരുനാഗപ്പള്ളിയിലും നടന്നത് തീവ്രമായ മത്സരമാണ്. പക്ഷേ, ബിജെപിയുടെ വോട്ട് വിഹിതം അവിടെയും കുറഞ്ഞു. 19088 വോട്ടുകള്‍ നേടിയ ഇടത്ത് ഇത്തവണ ബിറ്റി സുധീറിന് ലഭിച്ചത് 12031 വോട്ടുകള്‍ മാത്രം. തിരുവല്ലയിലെ അവസ്ഥയും വ്യത്യസ്തമല്ല. 2016ല്‍ 31364 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇത്തവണ ലഭിച്ചത് 22674 വോട്ടുകള്‍.

ആറന്മുളയില്‍ കഴിഞ്ഞ തവണ എം ടി രമേശ് നേടിയത് 37752വോട്ടുകള്‍. എന്നാലത് ഇത്തവണ കുറഞ്ഞ് 29099 ആയി. ആറന്മുളയിലെ സ്ഥാനാര്‍ത്ഥി ബിജുമാത്യൂ മുമ്പ് സിപിഎം കാരനായിരുന്നു എന്നത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ വിവാദത്തിന് കാരണമായിരുന്നു. ചെങ്ങന്നൂരില്‍ പി എസ് ശ്രീധരന്‍പിള്ള കഴിഞ്ഞ തവണ നേടിയ വോട്ടും ഇത്തവണ കുറഞ്ഞു- 42590ല്‍ നിന്ന് 34620ലേക്ക്. ഇത്തവണത്തെ സ്ഥാനാര്‍ത്ഥി എം വി ഗോപകുമാര്‍ ജില്ലാ പ്രസിഡന്‍റ് കൂടിയായിട്ടും വോട്ടു കൂട്ടാന്‍ ബിജെപിക്കായില്ല.

ഏറ്റുമാനൂരിലാകട്ടെ 27399ല്‍ നിന്ന് 13746 ആയി കുറഞ്ഞു. കുണ്ടറയില്‍ ഉണ്ടായിരിക്കുന്നത് വന്‍ വോട്ട് ചോര്‍ച്ചയാണ്. അപ്രതീക്ഷിത തോല്‍വിയാണ് മേഴ്‍സിക്കുട്ടിയമ്മയ്ക്ക് കുണ്ടറയിലുണ്ടായിരിക്കുന്നത്. പി സി വിഷ്ണുനാഥ് ആണ് മണ്ഡലം പിടിച്ചത്. മണ്ഡലത്തിലെ 20180 ഓളം ബിജെപി വോട്ടുകള്‍ ഇത്തവണ വെറും 6097 ആയാണ് കുറഞ്ഞത്.

മാണി സി കാപ്പന്‍ ജയിച്ചു കയറിയ പാലയിലും സ്ഥിതി വ്യത്യസ്തമല്ല. 24724 ല്‍ നിന്ന് 10869ലേക്കാണ് വോട്ട് കുറഞ്ഞിരിക്കുന്നത്. കൊച്ചിയില്‍ 15191 ബിജെപി വോട്ടുകള്‍ 2016ല്‍ ഉണ്ടായിരുന്നത് 10991 ആയി കുറഞ്ഞു. വടക്കാഞ്ചേരിയില്‍ ആകട്ടെ സ്ഥാനാര്‍ത്ഥി മാറിയില്ലെങ്കിലും വോട്ട് കുറഞ്ഞു- 26544ല്‍ നിന്ന് 21744ലേക്ക്.

കെ ടി ജലീലോ ഫിറോസ് കുന്നംപറമ്പിലോ എന്ന ആകാംക്ഷ അവസാന നിമിഷം വരെ നിലനിര്‍ത്തിയ തവനൂരിലാകട്ടെ 15780 വോട്ടുകള്‍ ഉണ്ടായിരുന്നത് 9914 ആയി. അതേ അവസ്ഥ നിലനിന്ന കുറ്റ്യാടിയിലും ബിജെപി വോട്ടുകളുടെ സ്ഥിതി വ്യത്യസ്തമല്ല. 12783ല്‍ നിന്ന് 9139ലേക്കാണ് വോട്ടുകള്‍ കുറഞ്ഞത്.

ഇടുക്കി ജില്ലയിൽമാത്രം എന്‍ഡിഎക്ക് അറുപതിനായിരത്തിലധികം വോട്ടുകളാണ് കുറഞ്ഞിട്ടുള്ളത്. കോട്ടയത്ത് എല്ലാ എല്ലാ മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ട് താഴേക്കാണ്. വയനാട്ടിൽ സുല്‍ത്താന്‍ ബത്തേരിയിലും മാനന്തവാടിയിലും ബിജെപിക്ക് വോട്ട് കുറഞ്ഞു.2016 ൽ 27920 വോട്ട് നേടിയ ബത്തേരിൽ ഇത്തവണ ജാനുവിന് ലഭിച്ചത് 15188 വോട്ട് മാത്രമാണ്. കണ്ണൂരിൽ 10 മണ്ഡലങ്ങളിൽ ആറിടത്തും ബിജെപിക്ക് വോട്ട് കുറഞ്ഞു. കല്ല്യാശേരി, അഴീക്കോട്, ധർമടം, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ മാത്രമാണ് നാമമാത്രമായി വോട്ട് ഉയർത്താനായത്. തലശേരിയിൽ സ്ഥാനാർഥി ഇല്ലാത്തതിനാൽ ബിജെപി വോട്ടുകൾ പോൾ ചെയ്തിട്ടില്ല.

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയെങ്കിലും ബിജെപിയുടെ വോട്ട് എങ്ങോട്ടാണ് ചോര്‍ന്നത് എന്ന ചോദ്യത്തിനാണ് ഉത്തരം കിട്ടേണ്ടത്.

TAGS :

Next Story