Quantcast

മാളികപ്പുറത്തിന് സമീപമുണ്ടായ സ്ഫോടനം; പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരം

അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ശബരിമലയിലെ വെടിവഴിപാട് താത്കാലികമായി നിർത്തിവയ്ക്കാന്‍ ദേവസ്വം ബോർഡ് തീരുമാനിച്ചു

MediaOne Logo

Web Desk

  • Published:

    3 Jan 2023 1:06 AM GMT

മാളികപ്പുറത്തിന് സമീപമുണ്ടായ സ്ഫോടനം; പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരം
X

പത്തനംതിട്ട: ശബരിമലയിലെ മാളികപ്പുറത്തിന് സമീപമുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരം. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ചെങ്ങന്നുൂർ സ്വദേശി എ.ആർ ജയകുമാറിന്‍റെ ആരോഗ്യ നിലയാണ് ഗുരുതരമായി തുടരുന്നത്. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ശബരിമലയിലെ വെടിവഴിപാട് താത്കാലികമായി നിർത്തിവയ്ക്കാന്‍ ദേവസ്വം ബോർഡ് തീരുമാനിച്ചു.

മാളികപ്പുറത്തിന് സമീപം ഇന്നലെ നടന്ന അപകടത്തിലാണ് വെടിക്കെട്ട് കാരാർ തൊഴിലാളിയായ എ.ആർ ജയകുമാറിന് പൊള്ളലേറ്റ് പരിക്കേറ്റത്. സന്നിധാനത്തെയും പമ്പയിലെയും പ്രാഥമിക ശുശ്രുഷകള്‍ക്ക് ശേഷം ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും അരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 60 ശതമാനത്തോളം പൊള്ളലേറ്റ ജയകുമാറിന്‍റെ ആന്തരിക അവയവങ്ങൾക്കും ക്ഷതമേറ്റിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്ന ഇദ്ദേഹത്തിന് വരുന്ന 48 മണിക്കൂർ നിർണായകമാണന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം ജയകുമാറിനെ കൂടാതെ അപകടത്തില് പരിക്കേറ്റ അമലും രജീഷും അപകട നില തരണം ചെയ്തതായും അധികൃതർ പറഞ്ഞു. ദേവസ്വം മന്ത്രി കെ.രാധാക്യഷ്ണന്‍റെ നിർദേശത്തെ തുടർന്ന് ഇന്നലെ രാത്രി അപകട സ്ഥലം സന്ദർശിച്ച് ശബരിമല എഡിഎമ്മിന്‍റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍ കതിന പൊട്ടിത്തെറിച്ചല്ല അപകടമുണ്ടായെതെന്നാണ് സംഘത്തിന്‍റെ പ്രാഥമിക വിലയിരുത്തല്‍.

വെടിപ്പുരക്ക് തീ പിടിച്ചാണ് അപകടമുണ്ടായതെന്ന് വ്യക്തമാണങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ വേണമെന്നാണ് വിവിധ വകുപ്പുകളുടെ അഭിപ്രായം. എന്നാല്‍ ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവും വെടിമരുന്ന് കൈകാര്യം ചെയ്യുന്നതില്‍ ജീവനക്കാര്‍ക്ക് ഉണ്ടായ അശ്രദ്ധയുമാണ് അപകടത്തിനിടയാക്കിയതെന്നും സംഘം വിലയിരുത്തി. അതുകൊണ്ട് തന്നെ അപകട സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ശബരിമലയിലെ വെടിവഴിപാട് താത്കാലികമായി നിത്തിവയ്ക്കാനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നത്.

TAGS :

Next Story