ഗാലറിയിൽ കുട്ടികളുണ്ടെന്ന് പ്രതിപക്ഷത്തോട് സ്പീക്കർ എട്ടുമുക്കാൽ അട്ടിവെച്ചപോലെ ഉയരവും ആണത്തവും പറഞ്ഞ് മുഖ്യമന്ത്രിയും എംഎൽഎയും
ബോഡി ഷേമിങ്ങ് പ്രസ്താവന നടത്തിയ മുഖ്യമന്ത്രിയുടെയും പൊളിറ്റിക്കൽ ഇൻകറക്ട് പ്രസ്താവന നടത്തിയ കടകംപള്ളിക്കുമെതിരെ സോഷ്യൽമീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്

PHOTO|SOCIALMEDIA
കോഴിക്കോട്: ഇന്നും ഇന്നലെയുമായി നടന്ന പ്രതിപക്ഷ പ്രതിഷേധത്തെപറ്റി സൂചിപ്പിച്ചാണ് സഭ ആരംഭിച്ചത്. സഭ നടത്തി കൊണ്ടുപോകാനുള്ള ഇരുകൂട്ടരുടെയും സഹകരണവും സ്പീക്കർ ആവിശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടർന്നു. "ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനോട്, ഇന്നലെ ഈ ഗാലറി മുഴുവൻ കുട്ടികളായിരുന്നു. അവര് കണ്ടുപടിക്കേണ്ടത് ഇതാണോ....? ഇതാണോ ജനാധിപത്യം......."
എന്നാണ് പ്രതിപക്ഷ പ്രതിഷേധത്തെ നേരിടാൻ ഇന്ന് സ്പീക്കർ പലകുറി ചോദിച്ചത്. ഇന്നലെയും ഇന്നുമായി നിരവധി വിദ്യാർഥികളാണ് കേരളത്തിൻ്റെ പല ഭാഗത്തുനിന്നും സഭാസമ്മേളനം കാണാൻ വന്നതെന്നും അവർക്ക് തെറ്റായ സന്ദേശം നൽകരുതെന്നും സ്പീക്കർ തുടക്കത്തിൽ തന്നെ അഭ്യർത്ഥിച്ചിരുന്നു.
എന്നാൽ പ്രതിപക്ഷ ബഹളങ്ങൾക്കപ്പുറം ഭരണപക്ഷത്ത് നിന്നുള്ള രണ്ട് പ്രസ്താവനകളാണ് ഇന്ന് കേരളത്തിൽ ചർച്ചയായത്. ‘എട്ടുമുക്കാൽ അട്ടിവെച്ചപോലെ അത്രയും ഉയരമുള്ള ഒരാളാണ് വലിയതോതിൽ ഇവിടെ അക്രമിക്കാൻ പുറപ്പെട്ടിരിക്കുന്നത്’ എന്ന ബോഡി ഷെയ്മിങ് നിറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസ്താവന വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. നാട്ടിലെ ഒരു ചൊല്ല് എന്ന് പറഞ്ഞാണ് പ്രതിപക്ഷത്തെ ഒരു എംഎൽഎയെ പറ്റി മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ഇത്കേട്ട് ഭരണപക്ഷത്തെ എംഎൽഎമാർ ഡെസികിലടിച്ച് പ്രോത്സാഹിപ്പിച്ച് മുഖ്യമന്ത്രിയെ പിന്തുണക്കുകയും ചെയ്തു.
ഒരാളുടെ ഉയരക്കുറവിനെ കളിയാക്കിയതിലെ പൊളിറ്റിക്കൽ കറക്ട്നെസ്സാണ് വിമർശനത്തിനിടയാക്കിയത്. മുഖ്യമന്ത്രിയിൽ നിന്നുതന്നെ ഇത് ഉണ്ടായി എന്നതും വലിയ ചർച്ചയായി. പ്രതിപക്ഷത്തിനൊപ്പം സോഷ്യൽമീഡിയയിലും ഇത് വലിയ വിമർശനത്തിനിടയാക്കി.
പരാമർശം പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സഭയിൽ എടുക്കേണ്ടവരുടെ അളവുകൂടെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. കുഞ്ഞുണ്ണി മാഷിന്റെ ചിത്രം പങ്കുവെച്ചാണ് വി.ടി ബൽറാമിന്റെ മറുപടി. എന്നാൽ പരാമർശം പിൻവലിക്കാൻ മുഖ്യമന്ത്രി തയാറായില്ല.
കടകംപള്ളി സുരേന്ദ്രൻ ഇടനിലനിന്ന് ഒരു കോടീശ്വരന് ദ്വാരപാലക ശില്പം വിറ്റു എന്ന പ്രതിപക്ഷ നേതാവിന്റെ വിമർനത്തിനുള്ള മറുപടിയായി കടകംപള്ളി സുരേന്ദ്രൻ സഭയിൽ ഉന്നയിച്ച വാക്കുകളാണ് രണ്ടാമതായി വിമർശിക്കപ്പെട്ടത്. ‘പ്രതിപക്ഷ നേതാവിന് ആണത്തം ഉണ്ടെങ്കിൽ, തന്റേടം ഉണ്ടെങ്കിൽ, അഭിമാനമുണ്ടെങ്കിൽ ശബരിമലയിലെ ദ്വാരപാലകശില്പം ഏതു കോടീശ്വരനാണ് താൻ വിറ്റതെന്ന് തെളിയിക്കണം. അല്ലെങ്കിൽ രാഷ്ട്രീയം അവസാനിപ്പിച്ച് വനവാസത്തിന് പോകണം’ എന്നായിരുന്നു കടകംപള്ളിയുടെ പ്രസ്താവന. എന്നാൽ ആണത്തം എന്ന വാക്ക് പിൻവലിക്കുന്നതായി പിന്നീട് അദ്ദേഹം പറഞ്ഞു. അത് അൺ പാർലമെന്ററി പ്രയോഗമാണെന്നും വൈകാരികമായി പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിചേർത്തു. മുഖ്യമന്ത്രിയും മുൻമന്ത്രിയും ഈ പ്രസ്താവനനടത്തുമ്പോൾ നിയമസഭാ ഗാലറിയിൽ സ്പീക്കർ ആദ്യം പറഞ്ഞ സ്കൂൾ കുട്ടികളുണ്ടായിരുന്നു. സാധാരണ മന്ത്രിമാർ നിയമസഭാ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാറില്ല. ഇന്ന് മന്ത്രി മുഹമ്മദ് റിയാസും സജി ചെറിയാനും പ്രതിപക്ഷത്തെ നേരിടാൻ നടുത്തളത്തിലിറങ്ങിയിരുന്നു. ഇരുവരുടെയും പ്രസ്താവനകൾക്ക് എതിരെ ഇടതുപക്ഷ പ്രൊഫൈലുകളിൽ നിന്നുൾപ്പെടെ വിമർശനം ഉയർന്നു. മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കുമോ , കുട്ടികൾ ഉൾപ്പെടെ ഉണ്ടായിരുന്നത് കൊണ്ട് തന്നെ സ്പീക്കർ ഇടപെടുമോ തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്.
Adjust Story Font
16

