തൊഴിലാളികൾക്കുള്ള ഓണക്കാലത്തെ ബോണസ് വിതരണവും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം ചെയ്യും
ഈ വർഷത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു

തിരുവനന്തപുരം: തൊഴിലാളികൾക്കുള്ള ഓണക്കാലത്തെ ബോണസ് വിതരണവും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
ഈ വർഷത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. നിലവിൽ ഈ ഫയൽ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. ഇതിന്റെ അടിസ്ഥാനത്തിലാകും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള ബോണസ് നിശ്ചയിക്കുക.
കയർ, കശുവണ്ടി മേഖലകളിലെ തൊഴിലാളികൾക്കുള്ള ബോണസ് നിശ്ചയിക്കുന്നതിനായി അതാത് വ്യവസായ ബന്ധ സമിതികളുടെ യോഗം അടിയന്തിരമായി വിളിച്ചുചേർക്കാൻ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബോണസ് വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി തൊഴിൽ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു.
Adjust Story Font
16

