Quantcast

ബ്രഹ്മപുരം തീപിടിത്തം: എംപവേഡ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന്

ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരുന്ന യോഗത്തില്‍ കൊച്ചി കോര്‍പറേഷന്‍ പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    15 March 2023 12:42 AM GMT

brahmapuram empowered committee first meeting
X

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് രൂപീകരിച്ച എംപവേഡ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരുന്ന യോഗത്തില്‍ കൊച്ചി കോര്‍പറേഷന്‍ പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് എംപവേഡ് കമ്മിറ്റി രൂപീകരിച്ചത്.

രാവിലെ 10 മണിക്കാണ് യോഗം ചേരുക. ബ്രഹ്മപുരത്തെ ഇതുവരെയുളള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനൊപ്പം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട തുടർനടപടികൾ ചര്‍ച്ചയാകും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരറിയിപ്പുണ്ടാകുന്നത് വരെ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകരുതെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. നിലവില്‍ ജൈവമാലിന്യങ്ങള്‍ അമ്പലമുകളിലെ കിന്‍ഫ്രയുടെ സ്ഥലത്താണ് നിക്ഷേപിക്കുന്നത്. ബ്രഹ്മപുരത്തെ മാലിന്യസംസ്കരണം ശാസ്ത്രീയമായ രീതിയിലാകുന്നത് വരെ ഇത് തുടരും. ജൈവമാലിന്യം കഴിവതും ഉറവിട സംസ്കരണത്തിലേക്ക് കൊണ്ടുവരാനുളള പദ്ധതികള്‍ ആവിഷ്കരിക്കാനും സാധ്യതയുണ്ട്.

ബ്രഹ്മപുരത്തെ ജൈവ മാലിന്യ സംസ്‌കരണത്തിനുളള വിന്‍ഡ്രോ കമ്പോസ്റ്റിങ് സംവിധാനം അടിയന്തരമായി നന്നാക്കാനുളള പ്രവൃത്തികളാകും ആദ്യം നടത്തുക. പ്ലാന്റിലേക്ക് മതിയായ റോഡ് സൗകര്യം ഇല്ലാത്തത് തീപിടിത്തമുണ്ടായപ്പോള്‍ അഗ്നിരക്ഷാസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വേയും മെഡിക്കല്‍ ക്യാംപ് പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തും.

TAGS :

Next Story