അഞ്ച് പേർക്ക് പുതുജന്മം നൽകി റോസമ്മ യാത്രയായി
അപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച റോസമ്മയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേതൃപടലം എന്നിവ ദാനം ചെയ്തു

റോസമ്മ ഉലഹന്നാൻ
കോട്ടയം: കോട്ടയത്ത് പാലായിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട റോസമ്മ ഉലഹന്നാൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും. അപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച റോസമ്മയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേതൃപടലം എന്നിവ ദാനം ചെയ്തു.
ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളജിലേക്കും മറ്റൊന്ന് അമൃത ആശുപത്രിയിലേക്കും കരൾ കാരിത്താസ് ആശുപത്രിയിലേക്കും നേതൃപടലങ്ങൾ ചൈതന്യ കണ്ണാശുപത്രിയിലേക്കുമാണ് നൽകിയത്. തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാൻ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യമന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു.
നവംബർ അഞ്ചിന് രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് ഭർത്താവിനോടൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് അപകടം. സാധനങ്ങൾ വാങ്ങിക്കുന്നതിനായി കടയിൽ നിർത്തി ഉലഹന്നാൻ പുറത്തിറങ്ങിയതിന് പിന്നാലെ ഓട്ടോയിൽ വിശ്രമിക്കുകയായിരുന്നു റോസമ്മ. ഈ സമയത്ത് ഓട്ടോയുടെ പിന്നിൽ കാർ വന്നിടിച്ചായിരുന്നു അപകടം. കാർ ഉടമ വാഹനം നിർത്താതെ പോകുകയും ചെയ്തു.
ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും രക്ഷിക്കാനായില്ല. നവംബർ 11ന് മസ്തിഷ്കമരണം സംഭവിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതമറിയിച്ച് മുന്നോട്ടുവരികയായിരുന്നു.
Adjust Story Font
16

