'നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന പല പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും': ഫേസ്ബുക്ക് പോസ്റ്റുമായി കെ.എന്‍ ബാലഗോപാല്‍
രാവിലെ ഒൻപത് മണിക്കാണ് ബജറ്റ് അവതരണം തുടങ്ങുന്നത്.

- Updated:
2026-01-29 02:49:45.0

തിരുവനന്തപുരം: നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന പല പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.
രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കാനിക്കെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാവിലെ ഒൻപത് മണിക്കാണ് ബജറ്റ് അവതരണം തുടങ്ങുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റ് ആയതിനാൽ ജനക്ഷേമ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ഷേമപെൻഷൻ വർധിപ്പിക്കുമോ എന്ന് ഏവരും ഉറ്റു നോക്കുന്നുണ്ട്. ചില വൻകിട വ്യവസായ പദ്ധതികൾക്കും സാധ്യതയുണ്ട്. പരമ്പരാഗത വ്യവസായങ്ങൾക്കുള്ള സഹായം, വയോജന സംരക്ഷണ പദ്ധതികൾ എന്നിവയും ബജറ്റിൽ ഇടം പിടിച്ചേക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്നതായിരിക്കും ബജറ്റ് എന്നാണ് കരുതുന്നത്.
സ്വപ്‌ന ബജറ്റായിരിക്കില്ല അവതരിപ്പിക്കുന്നത് എന്നാൽ എല്ലാവരും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കുമെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ബജറ്റ് അവതരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരിൽ നിന്ന് രേഖകൾ അടങ്ങിയ പെട്ടി കൈപ്പറ്റിയ ശേഷമാണ് മന്ത്രിയുടെ പ്രതികരണം. പ്രായോഗിക ബജറ്റായിരിക്കുമെന്നും നടപ്പിലാക്കാൻ പറ്റുന്നതേ പറയൂവെന്നും മന്ത്രി വ്യക്തമാക്കി. ഏത് സർക്കാർ വന്നാലും തുടരാൻ പറ്റുന്ന പദ്ധതികൾ ബജറ്റിലുണ്ടാകുമെന്നും കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
രണ്ടാം പിണറായി സർക്കാരിന്റെ ആറാമത്തെ ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന പല പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. എൽഡിഎഫ് സർക്കാർ കേരളത്തിന് അനുഭവേദ്യമാക്കിയ വികസന വിപ്ലവത്തെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള രേഖയായി ബജറ്റിനു മാറാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
Adjust Story Font
16
