Quantcast

ബഫർസോൺ സർവേ; കർഷകർക്കൊപ്പം ജനജാഗ്രത യാത്ര നടത്താൻ കെ.സി.ബി.സി

ഈ മാസം 19നാണ് യാത്ര ആരംഭിക്കുക

MediaOne Logo

Web Desk

  • Updated:

    2022-12-17 04:21:38.0

Published:

17 Dec 2022 2:29 AM GMT

ബഫർസോൺ സർവേ; കർഷകർക്കൊപ്പം ജനജാഗ്രത യാത്ര നടത്താൻ കെ.സി.ബി.സി
X

ബഫര്‍സോണ്‍ നിര്‍ണയത്തിനായി നടത്തുന്ന ഉപഗ്രഹ സർവേയ്‌ക്കെതിരെ പ്രതിഷേധം കടക്കുന്നതിനിടെ ജനജാഗ്രത യാത്ര നടത്താൻ ഒരുങ്ങി കെ.സി.ബി.സി (കേരള കത്തോലിക്ക മെത്രാൻ സമിതി). കർഷക സംഘടനകളുമായി ചേർന്നാണ് ജനജാഗ്രത യാത്ര നടത്തുക. താമരശ്ശേരി രൂപത അധ്യക്ഷൻ റെമിജിയോസ് ഇഞ്ചനാനി യാത്ര ഉദ്‌ഘാടനം ചെയ്യും. ഈ മാസം 19നാണ് യാത്ര ആരംഭിക്കുക.

ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേയില്‍ അടിമുടി ആശയക്കുഴപ്പമാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് കെ.സി.ബി.സിയുടെ നീക്കം. അതിരുകളിലെ അവ്യക്തതയില്‍ മലയോര കര്‍ഷകര്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും മലബാര്‍ വന്യജീവി സങ്കേതത്തിന്‍റെ ബഫര്‍സോണില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ കരടിൽ ജനവാസ മേഖലയിലെ നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും വിട്ടുപോയെന്നാണ് പരാതി. വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ അനുബന്ധ വിവരങ്ങൾ കൂടി ചേർത്ത് പുതിയ പട്ടിക പ്രസിദ്ധീകരിക്കാൻ സർക്കാർ നിർദേശിച്ചെങ്കിലും ഇതും പ്രായോഗികമല്ലെന്നാണ് ആക്ഷേപം.

പരിസ്ഥിതി ലോല മേഖലയിലെ ജനവാസം സംബന്ധിച്ച് സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്‍റര്‍ ഉപഗ്രഹ സർവ്വേയിലൂടെ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിനെതിരെയാണ് വ്യാപക പരാതി ഉയരുന്നത്. പ്രദേശത്തെ വീടുകൾ, കൃഷിയിടങ്ങൾ, കെട്ടിടങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവയെല്ലാം കരടിൽ ഉൾപ്പെടണമെന്നാണ് സുപ്രിംകോടതി നിർദേശം. എന്നാൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ട് അപൂർണമാണ്.

കോഴിക്കോട് ജില്ലയിലെ മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റുമുളള ഒരു കിലോമീറ്റർ ദൂരമാണ് പരിസ്ഥിത ലോല മേഖലയിൽ ഉൾപ്പെടുന്നത്. എന്നാൽ ഇതിന് പുറത്തുളള കൂത്താളി, മരുതോങ്കര വില്ലേജുകളും ചക്കിട്ടപ്പാറ ടൗണും പുതിയ കരട് പട്ടികയിലുണ്ട്. പെരിയാർ കടുവ സങ്കേതത്തിന് സമീപമുളള കൊല്ലമുളള വില്ലേജാവട്ടെ മാപ്പിൽ ഇടം പിടിച്ചിട്ടില്ല. ശബരിമല വനത്തിന്റെ ഭാഗമായുളള പെരിനാട് വില്ലേജ് ഏത് പട്ടികയിൽ ഉൾപ്പെടും എന്നും വ്യക്തതയില്ല. കണ്ണൂർ ജില്ലയിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ അതിർത്തിയിൽ വരുന്ന സർവ്വേ നമ്പറുകളും പട്ടികയിൽ അവ്യക്തമാണ്. ഓലയും ഓടും മേഞ്ഞവീടുകൾ, മരത്തണലിലുളള വീടുകൾ, ചെറിയ കടകൾ എന്നിവയും ഉപഗ്രഹ ചിത്രങ്ങളിലില്ല.

പരാതികൾ ഈ മാസം 23നകം അറിയിക്കാനാണ് വനം വകുപ്പിന്റെ നിർദേശം. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് കർഷകർ പറയുന്നു. ബഫർ സോണിലെ ജനവാസ മേഖലകളെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതി പ്രദേശങ്ങളിൽ നേരിട്ട് പരിശോധന നടത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. അതുകൊണ്ട് തന്നെ അനുബന്ധ വിവരങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്ന പുതിയ പട്ടികയും അംഗീകരിക്കാനാവില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്.

ഇതിനിടെ വനംവകുപ്പിനെയും മന്ത്രിയെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് തലശ്ശേരി അതിരൂപത രംഗത്തെത്തി. വനംവകുപ്പും മന്ത്രിയും പുകമറ സൃഷ്ടിക്കുകയാണ്. സുപ്രിംകോടതിയിൽ കർഷകരെ വഴിയാധാരമാക്കുന്ന റിപ്പോർട്ട് നൽകാനാണ് ശ്രമമെന്നും ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി മീഡിയവണിനോട് പറഞ്ഞു. വനംവകുപ്പിന്റെ നടപടികൾ നിരുത്തരവാദപരമാണ്. കർഷകരുടെ പ്രശ്നങ്ങളെ സർക്കാർ നിസാരവത്കരിക്കുകയാണെന്നും ജോസഫ് പാംപ്ലാനി വിമർശിച്ചു. കർഷക രോക്ഷം ജനകീയ പ്രക്ഷോഭമായി വളരും. കർഷകരുടെ വികാരങ്ങൾക്കൊപ്പം സഭയുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story