Quantcast

ഉപതെരഞ്ഞെടുപ്പ്: പരിശോധനകളുമായി ജനം സഹകരിക്കണം- ജില്ലാ കലക്ടർ

ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ വാഹനം തടഞ്ഞ് പരിശോധിച്ചതിനെതിരെ യുഡിഎഫ് നേതാക്കൾ രം​ഗത്തെത്തിയിരുന്നു.

MediaOne Logo

Web Desk

  • Published:

    14 Jun 2025 1:21 PM IST

By-election: People should cooperate with inspections - District Collector
X

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനകളുമായി ജനം സഹകരിക്കണമെന്ന് മലപ്പുറം ജില്ലാ കലകടർ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതായും സ്വതന്ത്രവും നീതിയുക്തവും സുതാര്യമായ തെരഞ്ഞെടുപ്പ് നടപടികൾ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളുമായി ജനങ്ങൾ സഹകരിക്കണമെന്നും ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ കലക്ടർ വി.ആർ വിനോദ് വ്യക്തമാക്കി.

മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നിലമ്പൂർ മണ്ഡലത്തിൽ 10 സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ, ഒമ്പത് ഫ്‌ളയിങ് സ്‌ക്വാഡുകൾ, മൂന്ന് ആന്റി-ഡിഫേസ്‌മെന്റ് സ്‌ക്വാഡുകൾ, രണ്ട് വീഡിയോ സർവൈലൻസ് ടീമുകൾ എന്നിവയും മറ്റ് സംവിധാനങ്ങളും പ്രവർത്തിക്കുന്നു. തെരഞ്ഞെടുപ്പ് ചട്ടപ്രകാരവും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളും അനുസരിച്ചുള്ള നിർബന്ധിത നടപടികളാണിവ. ജൂൺ 11-ന് നിലമ്പൂർ റസ്റ്റ് ഹൗസിൽ ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും റിട്ടേണിങ് ഓഫീസറും മറ്റ് പ്രധാന ഉദ്യോഗസ്ഥരും നടത്തിയ വാർത്താ സമ്മേളനത്തിൽ ഈ വിവരങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചിരുന്നു.

മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിൽ സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ താൽക്കാലിക ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുകയും വാഹന പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. ഈ ടീമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഓരോ സ്റ്റാറ്റിക് സർവൈലൻസ് ടീമിലും ഒരു ഗസറ്റഡ് ഓഫീസറും മറ്റ് രണ്ട് ഉദ്യോഗസ്ഥരും ഒരു വീഡിയോഗ്രാഫറും ഒരു സിവിൽ പൊലീസ് ഓഫീസറുമാണുള്ളത്. സ്റ്റാറ്റിക് സർവൈലൻസ് ടീമുകളുടെ ജീവനക്കാർക്ക് നൽകിയ ചുമതലകളിൽ വാഹനങ്ങളുടെ സമഗ്ര പരിശോധന ഉൾപ്പെടുന്നു. പരിശോധനാ പൂർണമായും വീഡിയോയിൽ പകർത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ഈ നിർബന്ധിത പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സഹകരണം അഭ്യർഥിക്കുന്നതായും കലക്ടർ അറിയിച്ചു.

ഇന്നലെ രാത്രി ഷാഫി പറമ്പിൽ എംപി, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എന്നിവരുടെ വാഹനം തടഞ്ഞ് പരിശോധിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായിരുന്നു. യുഡിഎഫ് നേതാക്കളുടെ വാഹനം മാത്രമാണ് പരിശോധിക്കുന്നത് എന്നായിരുന്നു ഇവരുടെ ആരോപണം. ഈ പശ്ചാത്തലത്തിലാണ് കലക്ടറുടെ വിശദീകരണം.

TAGS :

Next Story