മീഡിയവണിന്റെ പേരിൽ വ്യാജ പോസ്റ്ററുമായി യുക്തിവാദ പ്രചാരകൻ സി. രവിചന്ദ്രൻ; നിയമ നടപടി ആരംഭിച്ചതോടെ പോസ്റ്റ് മുക്കി

തെറ്റിദ്ധാരണ പരത്താനും ചാനലിനെ അപകീർത്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ള ഈ നടപടിക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി

MediaOne Logo

Web Desk

  • Updated:

    2023-02-13 12:32:56.0

Published:

13 Feb 2023 10:55 AM GMT

മീഡിയവണിന്റെ പേരിൽ വ്യാജ പോസ്റ്ററുമായി യുക്തിവാദ പ്രചാരകൻ സി. രവിചന്ദ്രൻ; നിയമ നടപടി ആരംഭിച്ചതോടെ പോസ്റ്റ് മുക്കി
X

മീഡിയവണിന്റെ സോഷ്യൽ മീഡിയ കാർഡിൽ തിരുത്തൽ വരുത്തി വ്യാജപ്രചരണം നടത്തിയ യുക്തിവാദി നേതാവ് സി. രവിചന്ദ്രനെതിരെ മീഡിയവൺ പൊലീസിൽ പരാതി നൽകി. പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി 'നേര് പറഞ്ഞ് പത്താണ്ട്' എന്ന തലവാചകത്തിൽ മീഡിയവൺ പ്രസിദ്ധീകരിച്ച സോഷ്യൽ മീഡിയ കാർഡ് ആണ് യുക്തിവാദി നേതാവ് എഡിറ്റിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തിരുത്തുകയും തന്റെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കുകയും ചെയ്തത്.

തെറ്റിദ്ധാരണ പരത്താനും ചാനലിനെ അപകീർത്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ള ഈ നടപടിക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയതായി മീഡിയവൺ കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് സീനിയർ മാനേജർ പി.ബി.എം ഫർമിസ് പറഞ്ഞു. ചാനലിന്റെ ലോഗോ ദുരുപയോഗം ചെയ്തതിനെതിരെയും നിയമ നടപടികൾ സ്വീകരിക്കുന്നുണ്ട്.

മീഡിയവൺ നിയമ നടപടികളിലേക്ക് കടന്നതോടെ രവിചന്ദ്രന്റെ പേജിൽ നിന്ന് പോസ്റ്റ് അപ്രത്യക്ഷമായി.

ഫെബ്രുവരി ഒമ്പതിനാണ് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ മീഡിയവൺ പത്താം വാർഷിക കാർഡ് പോസ്റ്റ് ചെയ്തത്. മീഡിയവണിന്റെ തനത് ഫോണ്ടിലാണ് കാർഡിൽ വാചകങ്ങൾ രേഖപ്പെടുത്തിയത്. ലക്ഷക്കണക്കിന് പ്രേക്ഷകർ പങ്കുവെച്ച ഈ കാർഡാണ് രവിചന്ദ്രൻ തിരുത്തൽ വരുത്തി പ്രചരിപ്പിച്ചത്

കാർഡിൽ നിന്ന് മീഡിയവൺ ലോഗോയും പത്താം വാർഷിക ലോഗോയും എടുത്താണ് സി. രവിചന്ദ്രൻ തെറ്റിദ്ധാരണ പരത്താനുദ്ദേശിച്ചു കൊണ്ടുള്ള വ്യാജ കാർഡ് തയാറാക്കിയത്. പരക്കെ ലഭ്യമായ 'നോട്ടോ സാൻസ് മലയാളം' എന്ന ഫോണ്ട് ഉപയോഗിച്ച് പുതിയ വാചകം ചേർക്കുകയും, പത്താം വാർഷിക ലോഗോയുടെ ഭാഗമായ വാചകത്തിൽ തിരുത്തൽ വരുത്തുകയുമായിരുന്നു.

യുക്തിവാദ പ്രചാരണത്തിന്റെ മറവിൽ സംഘ പരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ പേരിൽ വ്യാപകമായി വിമർശിക്കപ്പെട്ടയാളാണ് കൊല്ലം സ്വദേശിയായ രവിചന്ദ്രൻ. സംഘ പരിവാർ അനുകൂല യുക്തിവാദികളെ ചേർത്ത് എസൻസ് എന്ന പേരിൽ ഒരു കൂട്ടായ്മയ്ക്കും ഇയാൾ നേതൃത്വം നൽകുന്നുണ്ട്.

TAGS :

Next Story