പിഎം ശ്രീ ഫെഡറൽ തത്വങ്ങളെയും മതേതര മൂല്യങ്ങളെയും അട്ടിമറിക്കും: സി.എ മൂസ മൗലവി
കേരളത്തിലെ മതേതര കക്ഷികളും സർക്കാറിന്റെ ഭാഗമായി നിൽക്കുന്നവരും പിഎം ശ്രീയെ ശക്തമായി എതിർക്കുമ്പോഴാണ് ഈ നീക്കുപോക്ക് എന്നത് അത്യന്തം ഗൗരവതരമാണെന്നും മൂസ മൗലവി പറഞ്ഞു

കൊച്ചി: പിഎം ശ്രീ രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളെയും മതേതര മൂല്യങ്ങളെയും അട്ടിമറിക്കുമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി സി.എ മൂസ മൗലവി. ഇത് രാജ്യത്തോടും തലമുറകളോടും ചെയ്യുന്ന കൊടും പാതകമാണ്. പിഎം ശ്രീ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള വഴിയാണ്. ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കാനും ബഹുസ്വര മുല്യങ്ങളെ ബലികഴിക്കാനും കുരുന്നു മനസ്സുകളിൽ വിഭാഗീയതയുടെ വിഷം കുത്തിവെക്കാനും ഇടവരുത്തുന്ന അപകടകരമായ നീക്കമാണിത്.
നൂറ്റാണ്ടുകൾക്ക് മുമ്പ് ബ്രിട്ടീഷുകാർ നടത്തിയ വിഷലിപ്തമായ ചരിത്ര നിർമ്മാണം ഇന്നും അസഹിഷ്ണുതയുടെയും വൈര്യത്തിന്റെയും കെട്ടടങ്ങാത്ത നെരിപ്പോടായി തുടരുന്നുവെന്ന യാഥാർഥ്യം എല്ലാവരും മനസ്സിലാക്കണം. അയൽ സംസ്ഥാനമായ തമിഴ്‌നാട് ഉൾപ്പെടെ പ്രതിപക്ഷ സംസ്ഥാനങ്ങൾ അതിശക്തമായി പിഎം ശ്രീയോട് വിയോജിച്ചു നിൽക്കുമ്പോഴാണ് കേരളത്തിന്റെ ഈ അതിവേഗ നീക്കം ഉണ്ടായിരിക്കുന്നത്. കേരളത്തിലെ മതേതര കക്ഷികളും സർക്കാറിന്റെ ഭാഗമായി നിൽക്കുന്നവരും പിഎം ശ്രീയെ ശക്തമായി എതിർക്കുമ്പോഴാണ് ഈ നീക്കുപോക്ക് എന്നത് അത്യന്തം ഗൗരവതരമാണ്. മതേതര മനസ്സുകളെ ആശങ്കപ്പെടുത്തുന്ന ഇത്തരം നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും മൂസ മൗലവി ആവശ്യപ്പെട്ടു.
Adjust Story Font
16

