Quantcast

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിച്ച് പൗരത്വ നിയമഭേദഗതി; ആയുധമാക്കാന്‍ മുന്നണികള്‍

ന്യൂനപക്ഷവോട്ടുകള്‍ ലക്ഷ്യംവച്ചുള്ള പ്രചാരണമാണ് എല്‍.ഡി.എഫും യു.ഡി.എഫും നടത്തുന്നത്. കേന്ദ്രം കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്ക് ന്യൂനപക്ഷ വോട്ട് ബാങ്കിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് ഇരു മുന്നണികളുടെയും കണക്കുകൂട്ടൽ

MediaOne Logo

Web Desk

  • Updated:

    2024-03-12 02:08:02.0

Published:

12 March 2024 12:57 AM GMT

After long rumours, with the release of the official notification, it is certain that the Citizenship Amendment Act will be at the forefront of the Lok Sabha election campaign in Kerala, CAA will be at the forefront of the Lok Sabha election campaign in Kerala, Lok Sabha elections 2024
X

തിരുവനന്തപുരം: ഏറെനാളത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ ഔദ്യോഗിക വിജ്ഞാപനമിറങ്ങിയതോടെ പൗരത്വ നിയമഭേദഗതി കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍പന്തിയിലേക്ക് എത്തുമെന്നുറപ്പായിരിക്കുകയാണ്. സംസ്ഥാനത്ത് നിയമം നടപ്പാക്കില്ലെന്ന മുന്‍നിലപാട് സർക്കാർ ആവർത്തിക്കുന്നുണ്ട്. പ്രതിഷേധത്തിന് തുടക്കം കുറിച്ച് എൽ.ഡി.എഫ് റാലി ഇന്ന് രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കും. പ്രക്ഷോഭത്തിന്‍റെ പാതയിലേക്ക് തിരിയാനാണ് യു.ഡി.എഫിന്റെയും തീരുമാനം. നിയമപരമായി നേരിടാനാണ് മുസ്‍ലിം ലീഗിന്‍റെ നീക്കം.

ന്യൂനപക്ഷവോട്ടുകള്‍ ലക്ഷ്യംവച്ചുള്ള പ്രചാരണമാണ് എല്‍.ഡി.എഫും യു.ഡി.എഫും നടത്തുന്നത്. കേന്ദ്രം കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്ക് ന്യൂനപക്ഷ വോട്ട് ബാങ്കിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് ഇരു മുന്നണികളുടെയും കണക്കുകൂട്ടൽ. കേന്ദ്രം കൊണ്ടുവന്ന നിയമം നടപ്പാക്കില്ലെന്ന് ആവർത്തിച്ച് എൽ.ഡി.എഫ് പറയുന്നുണ്ട്. ഇതിനുപുറമേ നിയമപോരാട്ടങ്ങളും ആലോചനയിലുണ്ടെന്നാണ് സൂചന.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിലുടനീളം ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് യു.ഡി.എഫും തീരുമാനിച്ചിരിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന്റെ പ്രതിഷേധ പ്രകടനങ്ങൾ ഇന്നുണ്ടാകും. സി.എ.എ ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പൗരത്വ നിയമം നടപ്പാക്കില്ലെന്ന് സർക്കാരും, നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും പറയുമ്പോൾ വെട്ടിലാവുന്നത് ബി.ജെ.പിയാണ്. ഇരു മുന്നണികളുടെയും നിലപാടിനെ എതിർത്താൽ സംസ്ഥാനത്തെ ഭൂരിപക്ഷ സമുദായ വോട്ടുകളിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ.

Summary: After long rumours, with the release of the official notification, it is certain that the Citizenship Amendment Act will be at the forefront of the Lok Sabha election campaign in Kerala.

TAGS :

Next Story