Quantcast

സിഎഎ പ്രതിഷേധം; തമിഴ്‌നാട്ടിൽ പിൻവലിച്ചത് 2282 കേസ്, കേരളത്തിൽ വെറും 34

സിഎഎ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 6847 പേര്‍ പ്രതികളാണ്

MediaOne Logo

Web Desk

  • Published:

    28 Jun 2022 8:42 AM GMT

സിഎഎ പ്രതിഷേധം; തമിഴ്‌നാട്ടിൽ പിൻവലിച്ചത് 2282 കേസ്, കേരളത്തിൽ വെറും 34
X

തിരുവനന്തപുരം: കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഒളിച്ചുകളിച്ച് എൽഡിഎഫ് സർക്കാർ. പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിരുന്നെങ്കിലും ഇതുവരെ നടപ്പായില്ല. ഗുരുതരമായ ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ 2021 ഫെബ്രുവരി 24നാണ് മന്ത്രിസഭ തീരുമാനമെടുത്തത്. കേസുകൾ പിൻവലിക്കുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സിഎഎ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആകെ 835 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആകെ പ്രതികൾ 6847. ഈ കേസുകളിൽ 34 എണ്ണം മാത്രമാണ് പിൻവലിച്ചത് എന്ന് മഞ്ഞളാംകുഴി അലി എം.എൽ.എയുടെ ചോദ്യത്തിന് ചൊവ്വാഴ്ച മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയില്‍ പറയുന്നു. പിൻവലിച്ച ഈ 34 കേസുകളിൽ 28 എണ്ണം കണ്ണൂരിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തവയാണ്. ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ട കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒന്നു പോലും പിൻവലിച്ചിട്ടില്ല.

തിരുവനന്തപുരം സിറ്റിയിലും റൂറലിലുമായി 86 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാനൂറിലേറെ പ്രതികളുണ്ട്. ഒരു കേസ് പോലും പിൻവലിച്ചിട്ടില്ല. കൊല്ലം സിറ്റിയിലും റൂറലിലുമായി രജിസ്റ്റർ ചെയ്തത് 44 കേസുകൾ. ആകെ മുന്നൂറ് പ്രതികളുണ്ട്. ഒരു കേസും പിൻവലിച്ചിട്ടില്ല. പത്തനംതിട്ടയിൽ 16 ഉം ആലപ്പുഴയിൽ 25 ഉം കോട്ടയത്ത് 26 ഉം കേസ് രജിസ്റ്റർ ചെയ്തു. ഒരു കേസും പിൻവലിച്ചിട്ടില്ല. യഥാക്രമം 214, 446, 665 എന്നിങ്ങനെയാണ് ഈ ജില്ലകളിലെ പ്രതികളുടെ എണ്ണം. ഇടുക്കിയിൽ 17 കേസുകൾ രജിസ്റ്റർ ചെയ്തു. 139 പ്രതികൾ. ഒരു കേസും പിൻവലിച്ചിട്ടില്ല. എറണാകുളം സിറ്റിയിലും റൂറലിലുമായി 55 കേസുകളാണുള്ളത്. എഴുന്നൂറിലേറെ പ്രതികളുണ്ട്. ആറു കേസുകളാണ് പിൻവലിച്ചത്. തൃശൂർ സിറ്റിയിലും റൂറലിലുമായി 86 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. എഴുന്നൂറോളം പ്രതികളുള്ള കേസുകളിൽ ഒന്നു പോലും പിൻവലിക്കപ്പെട്ടിട്ടില്ല.




പാലക്കാട്ട് രജിസ്റ്റർ ചെയ്തത് 85 കേസുകൾ. ആകെ 388 പ്രതികൾ. കേസുകൾ പിൻവലിച്ചിട്ടില്ല. മലപ്പുറത്ത് 93 കേസുകളാണുള്ളത്. 514 പേർ പ്രതികളാണ്. ഒരു കേസും പിൻവലിച്ചിട്ടില്ല. ഏറ്റവും കൂടുതൽ പ്രതികളായത് കോഴിക്കോട് ജില്ലയിലാണ്. സിറ്റിയിലും റൂറലിലുമായി 159 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1366 പ്രതികൾ. ഒരു കേസും പിൻവലിച്ചിട്ടില്ല. വയനാട്ടിൽ 32 കേസുകൾ രജിസ്റ്റർ ചെയ്തു. ഉൾപ്പെട്ടത് 130 പേർ. ഒരു കേസും പിൻവലിക്കപ്പെട്ടിട്ടില്ല. കണ്ണൂർ സിറ്റിയിലും റൂറലിലുമായി 93 കേസുകൾ രജിസ്റ്റർ ചെയ്തു. എഴുന്നൂറോളം പേർ പ്രതികളാണ്. 28 കേസുകളാണ് കണ്ണൂരിൽ പിൻവലിക്കപ്പെട്ടത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസ് പിൻവലിക്കപ്പെട്ട ജില്ലയും കണ്ണൂരാണ്. കാസർക്കോട്ടെ പ്രതിഷേധങ്ങളിൽ 18 കേസ് രജിസ്റ്റർ ചെയ്തു. ആകെ 146 പ്രതികൾ. ഒരു കേസും പിൻവലിച്ചിട്ടില്ല.

തമിഴ്‌നാട്ടിൽ പിൻവലിച്ചത് 2282 കേസുകൾ

അതിനിടെ, കേരളത്തിന്‍റേതിനു സമാനമായ പ്രഖ്യാപനം നടത്തിയ തമിഴ്‌നാട്ടിൽ സിഎഎ പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 2282 കേസുകളാണ് സ്റ്റാലിൻ സർക്കാർ പിൻവലിച്ചിട്ടുള്ളത്. കാർഷിക നിയമം, കൂടംകുളം ആണവ പ്ലാന്റ് തുടങ്ങിയവ അടക്കം നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 5,570 കേസുകളാണ് കഴിഞ്ഞ വർഷം സെപ്തംബറിൽ സർക്കാർ ഒറ്റയടിക്ക് പിൻവലിച്ചത്. അക്രമാസക്തമല്ലാത്ത പ്രതിഷേധങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിച്ചതായി മുഖ്യമന്ത്രി സ്റ്റാലിൻ നിയമസഭയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് തമിഴ്‌നാട് സിപിഎം സഭാ കക്ഷി നേതാവ് നാഗമാലി അടക്കമുള്ളവരുടെ ചോദ്യത്തിനാണ് സ്റ്റാലിൻ മറുപടി നൽകിയിരുന്നത്.

TAGS :

Next Story