Quantcast

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് മന്ത്രിസഭയുടെ അനുമതി

കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് 40% സംവരണം

MediaOne Logo

Web Desk

  • Updated:

    2025-02-10 16:15:23.0

Published:

10 Feb 2025 8:37 PM IST

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് മന്ത്രിസഭയുടെ അനുമതി
X

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സ്വകാര്യ സർവകലാശാല ബിൽ 13ന് നിയമസഭയിൽ അവതരിപ്പിക്കും.

കേരളത്തിൽ വിദേശ, സ്വകാര്യ സർവകലാശാലകൾ ആകാമെന്ന നിലപാട് സിപിഎമ്മിന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിക്കുകയും, ഇടതുമുന്നണി പിന്നീട് അത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനുള്ള തീരുമാനം മന്ത്രിസഭായോഗം എടുത്തത്. സർവകലാശാലകളുടെ ഭരണപരമായ കാര്യങ്ങളിൽ സർക്കാരിന് അധികാരം ഉണ്ടാകും. സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിയമങ്ങളിൽ മാറ്റം വരുത്തിയാൽ നോട്ടീസ് നൽകി അതിനെ പിരിച്ചുവിടാൻ സർക്കാരിന് അധികാരം ഉണ്ടാകും.ഈ സമ്മേളന കാലയളവിൽ തന്നെ സ്വകാര്യ സർവകലാശാല ബിൽ പാസാക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

സ്വകാര്യ സർവകലാശാലയിൽ സംവരണത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് 40% സംവരണം അനുവദിക്കണം. ഇതിൽ പിന്നോക്ക സംവരണവും ഉൾപ്പെടും.സർവകലാശാലകൾ അനുവദിക്കുന്ന വകുപ്പിലെ സെക്രട്ടറിമാർ അതാത് സ്വകാര്യ സർവകലാശാല ഭരണ സമിതിയിൽ അംഗങ്ങളാകും. സ്വകാര്യ സർവകലാശാലയിൽ വിസിറ്റർ തസ്തിക സിപിഐയുടെ എതിർപ്പ് മൂലം ഒഴിവാക്കി. മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ തന്നെ തുടങ്ങാനാണ് തീരുമാനം

ഇതിനിടെ ഗവർണറുമായി നിയമ മന്ത്രി പി രാജീവും, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും ചർച്ച നടത്തി. സർവകലാശാലകൾക്ക് സ്ഥിരം വി.സിമാർ ഇല്ലാത്തത് മന്ത്രിമാർ ചൂണ്ടിക്കാട്ടി.

സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകൾ

1. വിദ്യാഭ്യാസ മേഖലയിൽ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള ഒരു സ്പോൺസറിങ് ഏജൻസിക്ക് സ്വകാര്യ സർവകലാശാലക്ക് വേണ്ടി അപേക്ഷിക്കാം.

2. സർവകലാശാലയ്ക്ക് വേണ്ടി റെഗുലേറ്ററി ബോഡികൾ അനുശാസിച്ചിട്ടുള്ളത് പ്രകാരമുള്ള ഭൂമി കൈവശം വെക്കണം.

3. 25 കോടി കോർപ്പസ് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണം.

4. മൾട്ടി-കാമ്പസ് യൂണിവേഴ്സിറ്റിയായി ആരംഭിക്കുകയാണെങ്കിൽ ആസ്ഥാന മന്ദിരം കുറഞ്ഞത് 10 ഏക്കറിൽ ആയിരിക്കണം.

5. സർവകലാശാലയുടെ നടത്തിപ്പിൽ അധ്യാപക നിയമനം, വൈസ് ചാൻസലർ അടക്കമുള്ള ഭരണ നേതൃത്വത്തിൻ്റെ നിയമനം ഉൾപ്പെടെ വിഷയങ്ങളിൽ യുജിസി, സംസ്ഥാന സർക്കാർ അടക്കമുള്ള നിയന്ത്രണ ഏജൻസികളുടെ നിർദേശങ്ങൾ പാലിക്കണം.

6. ഓരോ കോഴ്സിലും 40% സീറ്റുകൾ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാർഥികൾക്ക് സംവരണം ചെയ്യും. ഇതിൽ സംസ്ഥാനത്ത് നിലവിലുള്ള സംവരണ സംവിധാനം ബാധകമാക്കും.

7 പട്ടികജാതി / പട്ടികവർ​ഗ വിഭാഗത്തിലെ വിദ്യാർഥികൾക്ക് നൽകുന്ന ഫീസിളവ് / സ്കോളർഷിപ്പ് നിലനിർത്തും

അപേക്ഷാ നടപടിക്രമങ്ങൾ

1. വിശദമായ പ്രോജക്ട് റിപ്പോർട്ടോടുകൂടിയ അപേക്ഷ നിശ്ചിത ഫീസ് സഹിതം സർക്കാരിന് സമർപ്പിക്കുക

2. ഭൂമിയും വിഭവങ്ങളുടെ ഉറവിടവും ഉൾപ്പെടെ സർവകലാശാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പദ്ധതി റിപ്പോർട്ടിൽ ഉൾപ്പെടുത്തണം

3. നിയമത്തിൽ നൽകിയിരിക്കുന്ന വ്യവസ്ഥകൾ പ്രകാരം വിദ​ഗ്ധ സമിതി അപേക്ഷ വിലയിരുത്തും.

4. വിദ​ഗ്ധ സമിതിയിൽ സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു പ്രമുഖ അക്കാദമിഷ്യൻ (Chairperson), സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു വൈസ് ചാൻസലർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേരള സംസ്ഥാനവിദ്യാഭ്യാസ കൗൺസിലിൻ്റെ നോമിനി. ആസൂത്രണ ബോർഡിൻ്റെ നോമിനി, സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ജില്ലയിലെ കലക്ടർ (Members) എന്നിവർ അംഗങ്ങളാകും.

5. വിദ​ഗ്ധ സമിതി രണ്ട് മാസത്തിനകം തീരുമാനം സർക്കാരിന് സമർപ്പിക്കണം

6. സർക്കാർ അതിൻ്റെ തീരുമാനം സ്പോൺസറിങ് ബോഡിയെ അറിയിക്കും

7. നിയമസഭപാസാക്കുന്ന നിയമ ഭേദഗതിയിലൂടെ സർവകലാശാലയെ നിയമത്തിനൊപ്പം ചേർത്തിരിക്കുന്ന ഷെഡ്യൂളിൽ ഉൾപ്പെടുത്തും.

8. സ്വകാര്യ സർവകലാശാലകൾക്ക് മറ്റ് പൊതു സർവ്വകലാശാലകളെപ്പോലെ എല്ലാ അധികാരങ്ങളും അവകാശങ്ങളും ഉണ്ടാകും .

മറ്റ് നിബന്ധനകൾ

1. സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ഉണ്ടാകില്ല. പക്ഷേ, ഫാക്കൽറ്റിക്ക് ഗവേഷണ ഏജൻസികളെ സമീപിക്കാം.

2. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യുന്ന മറ്റൊരു വകുപ്പ് സെക്രട്ടറിയും സ്വകാര്യ സർവകലാശാലയുടെ ഗവേണിംഗ് കൗൺസിലിൽ ഉണ്ടായിരിക്കും.

3. സംസ്ഥാന ഗവൺമെൻ്റിന്റെ ഒരു നോമിനി സ്വകാര്യ സർവകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമായിരിക്കും

4. സംസ്ഥാന ഗവൺമെൻ്റിൻ്റെ മൂന്ന് നോമിനികൾ സ്വകാര്യ സർവകലാശാലയുടെ അക്കാഡമിക് കൗൺസിലിൽ അംഗമായിരിക്കും.

5. അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാർഥികളുടെയും അനധ്യാപകരുടെയും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും പരാതി പരിഹാര സംവിധാനങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യും.

6. PF ഉൾപ്പടെ ജീവനക്കാരുടെ അവകാശങ്ങൾ ഉറപ്പു വരുത്തണം.

TAGS :

Next Story