Quantcast

വിവാദങ്ങൾക്കിടെ മന്ത്രിസഭായോഗം ഇന്ന്; പ്രതിഷേധങ്ങൾ ചർച്ച ചെയ്യും

വിമാനത്തിലടക്കമുണ്ടായ പ്രതിഷേധങ്ങൾ യോഗം വിലയിരുത്തിയേക്കും

MediaOne Logo

Web Desk

  • Updated:

    2022-06-15 02:18:04.0

Published:

15 Jun 2022 2:14 AM GMT

വിവാദങ്ങൾക്കിടെ മന്ത്രിസഭായോഗം ഇന്ന്; പ്രതിഷേധങ്ങൾ ചർച്ച ചെയ്യും
X

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിവാദങ്ങൾക്കിടെ മന്ത്രിസഭ യോഗം ഇന്ന് ചേരും. വിമാനത്തിലടക്കമുണ്ടായ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ സാഹചര്യം യോഗം വിലയിരുത്തിയേക്കും. കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നത് കൊണ്ട് തുടർ നടപടികൾ ചർച്ചയാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ നിയമനവും പരിഗണനക്ക് വരുമെന്നാണ് സൂചന.

മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷപ്രതിഷേധങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് എൽ.ഡി.എഫ് യോഗത്തിൽ തീരുമാനിച്ചത്. ഈ മാസം 21 മുതൽ എല്ലാ ജില്ലകളിലും റാലികളും വിശദീകരണ യോഗങ്ങളും നടത്തും. ജനങ്ങളോട് നേരിട്ട് കാര്യങ്ങൾ വിശദീകരിക്കാനാണ് തീരുമാനം. ജില്ലകളിൽ നടക്കുന്ന പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല.

അതേസമയം കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് അരങ്ങേറിയ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ഗാന്ധി പാർക്കിൽ നടക്കും. യോഗത്തിൽ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ , പ്രതിപക്ഷനേതാവ് വി ഡി സതീശൻ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും. ഡിസിസികൾ കേന്ദ്രീകരിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. സ്വർണക്കടത്ത് കേസിൽ കുറ്റാരോപിതനായ മുഖ്യമന്ത്രി രാജി വെക്കുക, സിപിഎം അക്രമം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കൂടാതെ ഗാന്ധി പ്രതിമ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ പയ്യന്നൂരിൽ ഇന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഏകദിന ഉപവാസ സമരം സംഘടിപ്പിക്കും. ഗാന്ധിപാർക്കിൽ രാവിലെ 09:30 മുതലാണ് ഉപവാസ സമരം. 3 മണിക്ക് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ സമരത്തിന് അഭിവാദ്യമർപ്പിക്കും.

TAGS :

Next Story