Quantcast

കാലിക്കറ്റ് സർവകലാശാലയിൽ വിരമിച്ച മൂന്ന് അധ്യാപകർക്ക് പ്രൊഫസർ പദവി: ഗവർണർക്ക് പരാതി നൽകി

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് പ്രൊഫസർ പദവി നൽകാനാണ് നീക്കമെന്നാണ് പരാതിയിൽ ആരോപിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-08-28 05:35:10.0

Published:

28 Aug 2022 5:23 AM GMT

കാലിക്കറ്റ് സർവകലാശാലയിൽ വിരമിച്ച മൂന്ന് അധ്യാപകർക്ക് പ്രൊഫസർ പദവി: ഗവർണർക്ക് പരാതി നൽകി
X

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വിരമിച്ച മൂന്ന് അധ്യാപകർക്ക് പ്രൊഫസ്സർ പദവി അനുവദിക്കാൻ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം. യു ജി സി ചട്ടങ്ങൾ ലംഘിച്ചാണ് തീരുമാനമെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ ഗവർണർക്ക് പരാതി നൽകി .

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് പ്രൊഫസർ പദവി നൽകാനാണ് തീരുമാനമെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്. യുജിസി റെഗുലേഷൻ പ്രകാരം സർവീസിൽ തുടരുന്നവരെ മാത്രമേ പ്രൊഫസർ പദവിക്ക് പരിഗണിക്കാൻ പാടുള്ളൂ എന്നതാണ് നിലവിലെ ചട്ടം. ഇതിനോടൊപ്പം തന്നെ യുജിസി ചട്ടപ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിയാവണം ഇന്റർവ്യൂ നടത്തി പ്രൊഫസർ പദവിക്ക് ശുപാർശ ചെയ്യേണ്ടതെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ ഈ ചട്ടം മറികടന്നുകൊണ്ടാണ് ഇപ്പോൾ വിരമിച്ച അധ്യാപകർക്ക് പ്രൊഫസർ പദവി നൽകാനുള്ള നീക്കമെന്നാണ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ ഗവർണർക്ക് നൽകിയ പരാതിയിൽ പറയുന്നത്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ്,തൃശൂർ സെന്റ് തോമസ് എന്നീ കോളേജുകളിൽ നിന്ന് രണ്ട് വർഷം മുമ്പ് വിരമിച്ച മൂന്ന് അധ്യാപകർക്കാണ് ഇത്തരത്തിൽ മുൻകാല പ്രാബല്യത്തോടു കൂടി പ്രൊഫസർ പ്രൊമോഷൻ നൽകാൻ തീരുമാനമായത്. ഇതിന് വേണ്ടിയുള്ള ഇന്റർവ്യൂ നടത്തണമെന്നത് കർശനമായതിനാൽ തന്നെ വിരമിച്ചവരെ അതാത് കോളേജുകളിൽ വെച്ച് ഇന്റർവ്യൂ നടത്തിയാണ് പ്രൊമോഷന് ശുപാർശ നൽകിയിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് പ്രൊഫസർ പദവി നൽകാനാണ് നീക്കമെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. മന്ത്രി ബിന്ദു തിരഞ്ഞെടുപ്പ് വേളയിൽ പ്രൊഫസർ പദവി ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന ആരോപണം ശക്തമായിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇത് ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥിയായിരുന്ന കോൺഗ്രസ് സ്ഥാനാർഥി തോമസ് ഉണ്യാടൻ ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്തിരുന്നു.

ഈ ഹർജി നിലനിൽക്കുന്നതിനാൽ ഇതിൽ നിന്ന് ഇളവുകൾ നേടുന്നതിനാണ് ഇത്തരത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ പെട്ടെന്ന് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നതെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്‌നിന്റെ ആരോപണം. സർവകലാശാലക്ക് യുജിസി ചട്ടങ്ങൾ ലംഘിക്കാൻ അവകാശമില്ലാത്തതിനാൽ മുൻകാല പ്രാബല്യത്തിൽ പ്രൊഫസർ പദവി അനുവദിക്കാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ നീക്കത്തെ തടയണമെന്നും സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കണമെന്നും കാട്ടിയാണ് സർവകലാശാല ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകിയിരിക്കുന്നത്.

ഇത് കൂടാതെ മുൻകാല പ്രാബല്യത്തോടെ പ്രൊമോഷൻ നൽകുകയാണെങ്കിൽ കൂടിയും അവരുറപ്പായും ഇപ്പോഴും സർവീസിൽ തുടരുന്നവരായിരിക്കണം എന്നാണ് യുജിസി ചട്ടം. ഇതിൽ യാതൊരു ഭേദഗതിയും വരുത്താതെയാണ് സർക്കാരും ഉത്തരവ് നടപ്പാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ നടപടി ചട്ടലംഘനമാണെന്നാണ് പരാതിയിലെ പ്രധാന പരാമർശം.

TAGS :

Next Story