കാലിക്കറ്റ് വിസി നിയമനം; കോടതിയിൽ കാണാമെന്ന നിലപാടിൽ സർക്കാർ
'ഗവർണറുടെ നടപടി വിദ്യാഭ്യാസ നയത്തിന്മേലുള്ള സംഘപരിവാർ കടന്നുകയറ്റം'

തിരുവനന്തപുരം:കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി സർക്കാർ. സർക്കാരിനെ മറികടന്ന് വിജ്ഞാപനം ഇറക്കിയത് ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിക്കും. ഗവർണറുടെ നടപടി വിദ്യാഭ്യാസ നയത്തിന്മേലുള്ള സംഘപരിവാർ കടന്നുകയറ്റമാണെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു.
വിസി നിയമനത്തിനുള്ള അസാധാരണ വിജ്ഞാപനമാണ് ഗവർണർ ഇറക്കിയത്. സാധാരണ നിലയിൽ നിയമനത്തിനുള്ള വിജ്ഞാപനമിറക്കേണ്ടത് ഉന്നത വിദ്യാഭ്യാസ വകുപ്പാണ്. ഇത് മറികടന്നായിരുന്നു ഏകപക്ഷീയമായ ഗവർണറുടെ നടപടി. ഇതിനെ നിയമപരമായി ചോദ്യം ചെയ്യാനാണ് സർക്കാർ ഒരുങ്ങുന്നത്. സെർച്ച് കമ്മിറ്റിയിലേക്കുള്ള കാലിക്കറ്റ് സർവകലാശാല സെനറ്റ് പ്രതിനിധി ഡോ. എ.സാബു പിന്മാറി. ഗവർണർ 3 അംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറക്കിയതിന് തൊട്ടു പിന്നാലെയാണ് പിന്മാറുകയാണെന്ന് ഇമെയിൽ സന്ദേശം ഡോക്ടർ എ സാബു രാജഭവന് അയച്ചത്. എന്നാൽ, ഇത് അംഗീകരിക്കാതെ ഗവർണർ കാലിക്കറ്റ് സർവകലാശാലയ്ക്കാണ് കത്ത് നൽകേണ്ടതെന്ന് മറുപടി നൽകി.
സർക്കാർ പ്രതിനിധി പിന്മാറിയതോടെ സെർച്ച് കമ്മിറ്റി അസാധു ആകേണ്ടതാണ്. ഇത് മുന്നിൽ കണ്ടായിരുന്നു ഗവർണറുടെ നീക്കം. ഗവർണറോട് വിട്ടുവീഴ്ച വേണ്ടെന്ന് നിലപാടാണ് സർക്കാറിനുള്ളത്. ഗവർണറുടെ നടപടിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ പോയാൽ സ്ഥിരം ബിസി നിയമനം വീണ്ടും അവതാളത്തിലാകും.
Adjust Story Font
16

