Quantcast

വോട്ടെടുപ്പിന് നാളുകൾ മാത്രം ബാക്കി; പുതുപ്പള്ളിയിൽ പ്രചാരണം ശക്തമാക്കി മുന്നണികള്‍

മുൻനിര നേതാക്കളെ എത്തിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ് പാര്‍ട്ടികള്‍

MediaOne Logo

Web Desk

  • Published:

    26 Aug 2023 1:22 AM GMT

Candidates intensifies campaign in Puthuppally by-election, Puthuppally by-election 2023, Puthuppally bypoll
X

കോട്ടയം: പുതുപ്പള്ളിയിൽ പ്രചാരണം ശക്തമാക്കി മുന്നണികള്‍. വോട്ടെടുപ്പിന് നാളുകൾ മാത്രം ബാക്കിനില്‍ക്കെ മുൻനിര നേതാക്കളെ എത്തിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ് പാര്‍ട്ടികള്‍.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിനു വോട്ടുതേടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുപ്പള്ളിയിലെത്തിയിരുന്നു. പുതിയ രാഷ്ട്രീയ വിവാദങ്ങളോടും പ്രതികരിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ സംസാരം. വികസനത്തില്‍ ഊന്നിക്കൊണ്ടാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് അദ്ദേഹം വോട്ട് ചോദിച്ചത്.

അതേസമയം, മുഖ്യമന്ത്രിക്ക് മറുപടി പറഞ്ഞു പ്രചാരണം ശക്തമാക്കുകയാണ് യു.ഡി.എഫ്. വികസനവും വർഗീയതയും അടക്കം വിഷയങ്ങളില്‍ മുഖ്യമന്ത്രിക്ക് മറുപടി പറഞ്ഞാണ് പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം. സംസ്ഥാന നേതാക്കളുടെ നീണ്ട നിരയാണ് ഓരോ യോഗങ്ങളിലും എത്തുന്നത്.

പ്രചാരണത്തിൽ മുന്നേറിനീങ്ങിയ യു.ഡി.എഫ് ക്യാംപ് വിശദീകരണ യോഗങ്ങൾക്കുകൂടി പ്രാധാന്യം നൽകുന്നുണ്ട്. കൂടുതൽ നേതാക്കളെ യോഗങ്ങളിലെത്തിച്ചാണ് മറുപടി പറയുന്നത്. കഴിഞ്ഞ ദിവസം പുതുപ്പള്ളിയിലെത്തിയ കെ.സി വേണുഗോപാൽ പ്രസംഗം മുഴുവൻ മുഖ്യമന്ത്രിയുടെ പുതുപ്പള്ളി പ്രസംഗത്തിനുള്ള മറുപടിയായിരുന്നു.

കോട്ടയംകാരനായ കർണാടക ഊർജമന്ത്രി എ.വി ജോർജ്, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്, എൻ.കെ പ്രേമചന്ദ്രൻ, മാണി സി. കാപ്പൻ അടക്കം നിരവധി നേതാക്കളാണ് യോഗങ്ങളിൽ പങ്കെടുക്കുന്നത്. തുടർദിവസങ്ങളിലും ഇടതുമുന്നണിക്ക് മറുപടി പറഞ്ഞും ഉമ്മൻ ചാണ്ടി വികാരമുയർത്തിയുമാകും യു.ഡി.എഫ് പ്രചാരണം.

ഇന്നലെ മണർകാട് പൊടിമറ്റത്താണ് ജെയ്ക്കിന്‍റെ പ്രചാരണം ആരംഭിച്ചത്. കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ വികസനപ്രശ്നങ്ങള്‍ ഉന്നയിച്ചായിരുന്നു ജെയ്ക്കിന്‍റെ പര്യടനം. മണർകാട്‌, അയർക്കുന്നം പഞ്ചായത്തുകളിലായിരുന്നു വെള്ളിയാഴ്ചത്തെ പര്യടനം. ഇന്ന് വാകത്താനം, മീനടം പഞ്ചായത്തുകളിലാണു പ്രചാരണം.

Summary: With only days left for voting in the Puthuppally by-election, political parties intensifies their campaign

TAGS :

Next Story