സിയാൽ രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റിന് നാളെ തുടക്കം
സമ്മിറ്റിൽ വാണിജ്യ കൂടിക്കാഴ്ചകൾ, എക്‌സിബിഷൻ, പാനൽ ചർച്ചകൾ എന്നിവ ഉണ്ടാകും

കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റ് ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളിൽ നടക്കും. നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മിറ്റിൽ വാണിജ്യ കൂടിക്കാഴ്ചകൾ, എക്‌സിബിഷൻ, പാനൽ ചർച്ചകൾ എന്നിവ ഉണ്ടാകും. കാർഗോ, ലോജിസ്റ്റിക്‌സ് എന്നിവയുമായി ബന്ധപ്പെട്ട 55 എക്‌സിബിഷൻ സ്റ്റാളുകൾ പരിപാടിയുടെ ഭാഗമായി പ്രവർത്തിക്കും. പൊതുജനങ്ങൾക്ക് എക്‌സിബിഷനിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.
ജനുവരി 31-ന് രാവിലെ 9:30 ന് നടക്കുന്ന വിഷയാവതരണത്തോടെ സമ്മിറ്റിനു തുടക്കമാകും. 10 മണി മുതൽ ഗ്ലോബൽ ട്രേഡ്, താരിഫ്, എയർ കാർഗോ, മൾട്ടി മോഡൽ ട്രാൻസ്‌പോർട്ട് ഓപ്പറേഷൻസ്, റെഗുലേറ്ററി കംപ്ലയൻസ്, ഇ കൊമേഴ്സ് എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടക്കും. കാർഗോ, ലോജിസ്റ്റിക്‌സ് മേഖലകളിലെ വിദഗ്ധർ ഇതിൽ പങ്കെടുക്കും. ഫെബ്രുവരി ഒന്നിന് രാവിലെ 11.30 ന് നടക്കുന്ന പ്ലീനറി സെഷൻ കേരളാ മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കാർഗോ രംഗത്തെ മികച്ച കമ്പനികളെ ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിക്കും.
സിയാൽ ഇൻക്യൂബേഷൻ സെന്റർ
ഇന്റർനാഷണൽ കാർഗോ ബിസിനസ് സമ്മിറ്റ് 2026-ന്റെ ഭാഗമായി, കയറ്റുമതി മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കും തുടക്കക്കാർക്കും പിന്തുണ നൽകുന്നതിനായി സിയാൽ ഇൻക്യൂബേഷൻ സെന്റർ പ്രവർത്തിക്കും. ആദ്യമായി ഈ മേഖലയിലേക്ക് കടക്കുന്നവർക്ക് ആവശ്യമായ സഹായവും മാർഗനിർദേശവും നൽകുകയാണ് സിയാൽ എയർ കാർഗോയുടെ സംരംഭമായ ഇൻക്യൂബേഷൻ സെന്റർ ലക്ഷ്യമിടുന്നത്. കയറ്റുമതിയുമായി ബന്ധപ്പെട്ട സംശയദൂരീകരണം, നടപടിക്രമങ്ങൾ, നിയമപരമായ മാനദണ്ഡങ്ങൾ എന്നിവയെ ആസ്പദമാക്കിയ വിശദമായ വിവരങ്ങൾ ഇൻക്യൂബേഷൻ സെന്ററിലൂടെ ലഭ്യമാകും. കൂടാതെ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായും കാർഗോ-ലോജിസ്റ്റിക്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരുമായും നേരിട്ടുള്ള ആശയവിനിമയത്തിനുള്ള അവസരവും ഇതിലൂടെ ഒരുങ്ങും. അന്താരാഷ്ട്ര വ്യാപാരത്തിലേക്ക് ആദ്യ ചുവടുവെക്കുന്നവർക്ക് ആവശ്യമായ നെറ്റ്‌വർക്കിങ് സാധ്യതകളും സിയാൽ ഇൻക്യൂബേഷൻ സെന്റർ വഴി ലഭ്യമാകും.
Adjust Story Font
16

