ചരക്കുകപ്പല്‍ തീപിടിത്തം: രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി ആളിക്കത്തുന്ന തീ; ഇനിയും കണ്ടെത്താനുള്ളത് നാലുപേരെ
രക്ഷപ്പെടുത്തിയ രണ്ടുപേരുടെ നില അതീവ ഗുരുതരം

കൊച്ചി: കേരളാ തീരത്ത് ചരക്ക് കപ്പൽ തീപിടിച്ച സംഭവത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.കോസ്റ്റ് ഗാർഡിന്റെയും നാവിക സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കപ്പലും കണ്ടെയ്നറുകളും ഒഴുകി നടക്കുന്നതും തീ ആളിപ്പടർന്നതും രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയായി.
കപ്പലിലുണ്ടായിരുന്ന 22 പേരിൽ 18 പേരെ രക്ഷപെടുത്തിയെങ്കിലും നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. തീ പിടിക്കുന്നതും വിഷാംശമുള്ളതുമായ വസ്തുക്കളാണ് കപ്പലിലെ കണ്ടെയ്നറുകളിലുള്ളത്. തിങ്കളാഴ്ച കൊളംബോയിൽ നിന്നു മുംബൈയിലേക്കുള്ള യാത്രാ മധ്യേ കേരളാ തീരത്ത് നിന്ന് 78 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് വാൻഹായ് 503 എന്ന ചരക്കു കപ്പലിൽ അഗ്നി ബാധ ഉണ്ടായത്.
അപകടത്തില്‍നിന്ന് രക്ഷപ്പെട്ട 18 പേരെ ചികിത്സക്കായി മംഗളൂരുവിലാണ് എത്തിച്ചത്.ഗുരുതരമായി പരിക്കേറ്റ ആറ് പേരെ മംഗളൂരു എ ജെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.ഐഎൻഎസ് വിക്രാന്തിൽ മംഗളൂരു പോർട്ടിൽ എത്തിച്ച ജീവനക്കാരെ പ്രത്യേക ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്. ചൈന ,തായ്‌വാൻ സ്വദേശികൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. 30 മുതല്‍ 45 ശതമാനം വരെയാണ് ജീവനക്കാര്‍ക്ക് പൊള്ളലേറ്റിട്ടുള്ളത്.
Adjust Story Font
16

