Quantcast

'അഭിനന്ദനങ്ങൾ സഹോദരാ, ദീർഘായുസ്സു നേരുന്നു'; മുജാഹിദ് നേതാവ് അബ്ദുൽ മജീദ് സ്വലാഹിയെ അഭിനന്ദിച്ച് കാസ

ഹമാസ് അടക്കം ലോകത്തുടനീളമുള്ള ചെറുത്തുനിൽപ്പ് സംഘങ്ങളെ രൂക്ഷമായി വിമർശിക്കുന്ന മജീദ് സലാഹിയുടെ പ്രസംഗത്തെയാണ് കാസ പ്രകീര്‍ത്തിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-11-02 08:12:15.0

Published:

2 Nov 2023 7:50 AM GMT

അഭിനന്ദനങ്ങൾ സഹോദരാ, ദീർഘായുസ്സു നേരുന്നു; മുജാഹിദ് നേതാവ് അബ്ദുൽ മജീദ് സ്വലാഹിയെ അഭിനന്ദിച്ച് കാസ
X

കോഴിക്കോട്: ഹമാസ് ഭീകരസംഘടനയാണ് എന്ന കേരള നദ്‌വത്തുൽ മുജാഹിദീൻ സെക്രട്ടറി അബ്ദുൽ മജീദ് സ്വലാഹിയുടെ അഭിപ്രായപ്രകടനത്തെ പ്രകീർത്തിച്ച് തീവ്ര വലതുപക്ഷ ക്രിസ്ത്യൻ സംഘടനയായ ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ(കാസ). മുസ്‌ലിം സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് 2022 ജനുവരിയിൽ ആലുവയിൽ നടത്തിയ പ്രോഫ്‌കോൺ സമ്മേളനത്തിൽ മജീദ് സ്വലാഹി നടത്തിയ പ്രഭാഷണം സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് കാസയുടെ അഭിനന്ദനം.

'ഹമാസ് എന്ന ഭീകര സംഘടനയെ സന്നദ്ധ സംഘടനയാക്കാൻ ഇവിടുത്തെ ഇടതു വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മത്സരിക്കുമ്പോൾ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിക്കൊണ്ട് അത് വിളിച്ചു പറയുന്ന മുജാഹിദ് നേതാവായ മജീദ് സലാഹിയെ പോലെയുള്ളവർ ഇവിടെ നമുക്കിടയിൽ ഉണ്ട് എന്നുള്ളത് മാത്രമാണ് ഏക ആശ്വാസം. അഭിനന്ദനങ്ങൾ സഹോദരാ, ഒപ്പം താങ്കൾക്ക് ദീർഘായുസ്സും നേരുന്നു.' - എന്നാണ് പ്രഭാഷണശകലത്തിന്റെ വീഡിയോക്ക് ഒപ്പമുള്ള കുറിപ്പ്.

ഹമാസ് അടക്കം ലോകത്തുടനീളമുള്ള ചെറുത്തുനിൽപ്പ് സംഘങ്ങളെ രൂക്ഷമായി വിമർശിക്കുന്നതായിരുന്നു മജീദ് സലാഹിയുടെ പ്രസംഗം. ഇത്തരം പ്രതിരോധ കൂട്ടായ്മകൾ മുസ്‌ലിംകൾക്ക് ഭാരമാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറയുന്നു.

'ഈ രാജ്യാന്തര പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനത്തിൽ അൽപ്പ നേരം നിങ്ങളോട് സംസാരിക്കേണ്ട വിഷയം മുസ്‌ലിംകളെ പ്രതിക്കൂട്ടിലാക്കുന്ന പ്രതിരോധ ഭീകരത എന്നതാണ്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മുസ്‌ലിം പ്ലാറ്റ്‌ഫോമിൽ നിന്ന് ഉയർന്നു വന്ന് മുസ്‌ലിംകളെ ശല്യപ്പെടുത്തുന്ന ചെറുത്തുനിൽപ്പു സംഘങ്ങളെന്ന വ്യാജേന പ്രവർത്തിക്കുന്നവരെ തിരുത്തുക എന്നതാണ് ബാധ്യത. മുസ്‌ലിംകൾ സൈ്വര്യമായി എവിടെയെല്ലാം ജീവിക്കുന്നുണ്ടോ അവിടങ്ങളിലെല്ലാം തന്നെ പൊളിറ്റിക്കൽ ഇസ്‌ലാമിന്റെയും മിലിറ്റന്റ് ഗ്രൂപ്പിന്റെയും പ്രവർത്തനങ്ങളെ ശക്തമായി തളച്ചിട്ടതു കൊണ്ടാണ് എന്നു കാണാൻ കഴിയും. ഈ മിലിറ്റന്റ് ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ കഴിയാത്ത പ്രദേശങ്ങളിൽ മുസ്‌ലിം സമൂഹത്തിന്റെ ജീവിതം ദുസ്സഹമാണ് എന്നതിൽ യാതൊരു സംശയവുമില്ല. നമ്മുടെ അയൽ രാജ്യങ്ങളിലേക്ക് നിങ്ങൾ ഒന്നു കണ്ണോടിച്ചു നോക്കൂ. ഇസ്‌ലാമിനെ ഏറ്റവും കൂടുതൽ പ്രതിക്കൂട്ടിലാക്കുന്നത്, ഇസ്‌ലാമിനെ ഏറ്റവും കൂടുതൽ പരിഹസിക്കുന്നത് പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ ഉഗ്രരൂപങ്ങളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിരോധ സേനകളുണ്ട്, ചെറുത്തുനിൽപ്പ് സംഘങ്ങളുണ്ട്. ദൗർഭാഗ്യവശാൽ ഈ ചെറുത്തുനിൽപ്പു സംഘങ്ങളും പ്രതിരോധ സേനകളും മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭാരമായിത്തീർന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്.'- അദ്ദേഹം പറഞ്ഞു.

ഫലസ്തീൻ ജനതയ്ക്ക് ഏറ്റവും വലിയ ശല്യവും ഭാരവുമായി തീർന്നിരിക്കുകയാണ് ഹമാസെന്നും അദ്ദേഹം ആരോപിക്കുന്നു. ഹമാസ് നേതാക്കൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ റിസോർട്ടിലിരുന്ന് ഫലസ്തീൻ ജനതയെ ഒറ്റുകൊടുക്കുകയാണ് എന്നും സലാഹി പറയുന്നു.

'അവർ (ചെറുത്തുനിൽപ്പു സേനകൾ) ചെയ്തുകൊണ്ടിരിക്കുന്ന കൊടുംക്രൂരതയോട് മനസ്സു കൊണ്ടെങ്കിലും ചെറിയ ഒരടുപ്പം കാണിച്ചാൽ അവർ ഇസ്‌ലാമിക സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കും. അവർ ഇവിടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് ജിഹാദിനെ തീവ്രവാദവുമായി കൂട്ടിച്ചേർക്കുകയാണ്. ആത്മഹത്യയെ രക്തസാക്ഷിത്വവുമായി കൂട്ടിച്ചേർക്കുകയാണ്. എന്തെല്ലാം ഇസ്‌ലാം നിരോധിച്ചിട്ടുണ്ടോ ആ കാര്യങ്ങളെയെല്ലാം തന്നെ വിവിധ രൂപത്തിൽ അവതരിപ്പിച്ചു കൊണ്ട് മുസ്‌ലിംകളെ കബളിപ്പിക്കുന്ന ഈ ഉഗ്രവാദികളെ തുറന്നു കാട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭീകരവാദമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം ആത്മഹത്യാ സ്‌ക്വോഡുകൾ മുസ്‌ലിംകൾക്ക് വലിയ ബാധ്യതയാണ്. ഹമാസിനെ കുറിച്ച് ചെറുപ്പക്കാർക്ക് ഒരുപക്ഷേ സംശയമുണ്ടാകും. അവർ ഫലസ്തീൻ ജനതയെ സംരക്ഷിക്കുന്നവരല്ലേ എന്ന്. ഫലസ്തീൻ ജനതയ്ക്ക് ഏറ്റവും വലിയ ശല്യവും ഭാരവുമായി തീർന്നിരിക്കുകയാണ് ഇന്ന് ഹമാസ്. അവരുടെ നേതാക്കൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റിസോർട്ടുകളിലിരുന്ന് റിമോട്ടായി ആളുകളെ നിയന്ത്രിക്കുകയും ഫണ്ടുകൾ സ്വരൂപിക്കുകയും ഫലസ്തീൻ ജനതയെ ഒറ്റുകൊടുക്കുകയും രാഷ്ട്രീയ കളിക്കുകയും ചെയ്യുകയാണ്. അവരും പറയുന്നു ഞങ്ങൾ ചെറുത്തുനിൽപ്പ് പ്രസ്ഥാനമാണ്. പ്രതിരോധ സേനയാണ്. എന്തു ചെറുത്തുനിൽപ്പാണ് അവർ നടത്തുന്നത്. ഇസ്രായേലിനെ ഇളക്കിവിട്ട് ഫലസ്തീനിൽ ബോംബിടാനുള്ള അവസരമൊരുക്കിക്കൊടുത്ത് ഫലസ്തീനെ തന്നെ തകർക്കാൻ അവസരം ഉണ്ടാക്കിക്കൊടുക്കുന്നു. അവർ അരുംകൊല നടത്തുന്നതിനെ രക്തസാക്ഷിത്വവുമായി ബന്ധപ്പെടുത്തുന്നത് ഏറ്റവും വലിയ അപരാധമാണ്.' - അദ്ദേഹം കൂട്ടിച്ചേർത്തു.



TAGS :

Next Story