Quantcast

'മാരകായുധങ്ങൾ ഉപയോഗിച്ച് പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തി'; പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ കേസ്

ഡിസിസി പ്രസിഡൻറ് പ്രവീൺകുമാർ ഉൾപ്പെടെ എട്ട് യുഡിഎഫ് നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന 692 പേർക്ക് എതിരെയുമാണ് കേസെടുത്തത്

MediaOne Logo

Web Desk

  • Published:

    11 Oct 2025 7:58 AM IST

മാരകായുധങ്ങൾ ഉപയോഗിച്ച് പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തി; പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ കേസ്
X

കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ പൊലീസ് കേസെടുത്തു. ഷാഫി പറമ്പിൽ, ഡിസിസി പ്രസിഡൻറ് പ്രവീൺകുമാർ ഉൾപ്പെടെ എട്ട് യുഡിഎഫ് നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന 692 പേർക്ക് എതിരെയുമാണ് കേസെടുത്തത്. മാരകായുധങ്ങൾ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്ഐആര്‍. സംഭവത്തില്‍ എട്ട് എൽഡിഎഫ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പേരാമ്പ്രയിൽ പൊലീസ് ലാത്തിചാർജിലും കണ്ണീർ വാതക പ്രയോഗത്തിലും ഷാഫി പറമ്പിൽ എംപിക്കും കോൺഗ്രസ് നേതാക്കൾക്കും പരിക്കേറ്റിരുന്നു. പേരാമ്പ്ര സികെജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് യുഡിഎഫും എൽഡിഎഫും ഇന്നലെ വൈകീട്ട് പേരാമ്പ്രയിൽ റാലി സംഘടിപ്പിച്ചത്. റാലികൾ നേർക്കുനേർ വന്നതോടെ സംഘർഷമായി. ഇതിനിടെ പൊലീസിന്റെ ലാത്തി ചാർജിലും കണ്ണീർവാതക പ്രയോഗത്തിലുമാണ് പരിക്കേറ്റത്.

ഈ ചോര കൊണ്ടൊന്നും ശബരിമല സ്വർണ മോഷണം മറക്കാനാവില്ലെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. പൊലീസ് ഷാഫിയെ തെരഞ്ഞുപിടിച്ചു മർദിക്കുകയായിരുന്നുവെന്ന് ഡിസിസി അധ്യക്ഷൻ പ്രവീൺകുമാർ ആരോപിച്ചു.

പരിക്കേറ്റ ഷാഫി പറമ്പിലിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂക്കിന് പരിക്കേറ്റ എംപിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പൊലീസ് ലാത്തി ഉപയോഗിച്ച് ഷാഫി പറമ്പിലിനെ മർദിച്ചെന്ന് ഡിസിസി അധ്യക്ഷൻ കെ. പ്രവീൺകുമാർ പറഞ്ഞു.

സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധമാണ് നടന്നത്. കോഴിക്കോട് ഉൾപ്പടെ വിവിധ ജില്ലകളിൽ രാത്രി നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. ഇന്നും വിവിധ സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾ നടക്കും.

ഇതോടെ യൂത്ത് കോൺഗ്രസ് രാത്രി സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. കോഴിക്കോട്ട് കമ്മീഷണർ ഓഫീസിലേക്കാണ് മാർച്ച് നടന്നത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും തൊടുപുഴയിലും നടന്ന മാർച്ചിൽ സംഘർഷമുണ്ടായി. ‌കൊല്ലം ചവറയിലും പാലക്കാടും കൽപ്പറ്റയിലും യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചു.


TAGS :

Next Story