Quantcast

'പള്ളിക്കമ്മിറ്റികൾക്കെതിരെ കേസെടുപ്പിക്കുന്നത് ലീഗും ജമാഅത്തും'; ആരോപണവുമായി കെടി ജലീൽ

വെള്ളിയാഴ്ച ജുമുഅ വിഷയത്തിൽ സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും എപി അബൂബക്കർ മുസ്‍ലിയാരും മുഖ്യമന്ത്രിയുമായി സംസാരിച്ച് വ്യക്തത വരുത്തിയ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ദയവായി ശ്രമിക്കരുതെന്ന് കെടി ജലീൽ എംഎൽഎ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    30 July 2021 1:02 PM GMT

പള്ളിക്കമ്മിറ്റികൾക്കെതിരെ കേസെടുപ്പിക്കുന്നത് ലീഗും ജമാഅത്തും; ആരോപണവുമായി കെടി ജലീൽ
X

വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന്റെ പേരിൽ മുസ്‍ലിം ലീഗും ജമാഅത്തെ ഇസ്‍ലാമിയും വ്യാജ പ്രചാരണം നടത്തുകയാണെന്ന് കെടി ജലീൽ എംഎൽഎ. ജുമുഅ നടത്തുന്ന പള്ളിക്കമ്മിറ്റികൾക്കെതിരെ പൊലീസിൽ വിളിച്ച് കേസെടുപ്പിക്കുന്നത് മുസ്‍ലിം ലീഗ്, ജമാഅത്തെ ഇസ്‍ലാമി, എസ്ഡിപിഐ പ്രവർത്തകരാണെന്നും മതമൈത്രി തകർക്കാനാണ് ഇവരുടെ ശ്രമമെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

പെരുന്നാൾദിനങ്ങൾ മാത്രമാണ് മുസ്‌ലിംകളുടെ വിശേഷാൽദിവസങ്ങൾ എന്ന് തെറ്റായി പ്രചരിപ്പിച്ച് ജുമുഅ നടക്കുന്ന പള്ളിക്കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസെടുപ്പിക്കുന്നത് ഹൈന്ദവ സഹോദരന്മാരല്ല. രഹസ്യമായി ഫോണിൽ വിളിച്ച് സ്റ്റേഷനിൽ പറയുന്നത് ലീഗ്, ജമാഅത്തെ ഇസ്‍ലാമി, എസ്ഡിപിഐ പാർട്ടികളിൽപെടുന്നവരാണ്. ഇതിൽ കേസെടുത്താൽ പിണറായി വിജയന്റെ പൊലീസ് സംഘി പൊലീസാണെന്ന് പ്രചരിപ്പിക്കുന്നതും ഇതേ ആളുകളാണ്. അധികാരനഷ്ടത്തിൽ മനംനൊന്ത് ലീഗ് കോപ്രായങ്ങൾ കാട്ടിക്കൂട്ടുകയാണെന്നും ഇതുമൂലം ജനങ്ങൾക്കിടയിലുണ്ടാകുന്ന വർഗീയ ചേരിതിരിവ് ലീഗ് നേതൃത്വം കാണാതെ പോകരുതെന്നും ജലീൽ വിമർശിച്ചു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഇന്നു വെള്ളിയാഴ്ച. ജുമുഅ നമസ്‌കാരത്തിന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 40 ആളുകളെ പങ്കെടുപ്പിക്കാം. അതിനപ്പുറം കവിയാതെ നോക്കണം. എല്ലാ മതവിഭാഗക്കാരുടെ വിശേഷാൽദിവസങ്ങളിലും വിശ്വാസികളായ 40 പേർക്ക് അവരവരുടെ ആരാധനാലയങ്ങളിൽ ഒരു നേരത്തെ ചടങ്ങിന് പങ്കെടുക്കാമെന്നാണ് മുഖ്യമന്ത്രി തന്റെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. പെരുന്നാൾദിനങ്ങൾ മാത്രമാണ് മുസ്‌ലിംകളുടെ വിശേഷാൽദിവസങ്ങൾ എന്ന് തെറ്റായി പ്രചരിപ്പിച്ച് ജുമുഅ നടക്കുന്ന പള്ളിക്കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസെടുപ്പിക്കുന്നത് ഹൈന്ദവ സഹോദരന്മാരല്ല. അവരത് ഒരിക്കലും ചെയ്യില്ല. രഹസ്യമായി പരാതി ഫോണിൽ വിളിച്ച് സ്റ്റേഷനിൽ പറയുന്നത് ലീഗ്-ജമാഅത്തെ ഇസ്‍ലാമി-സുഡാപ്പി പാർട്ടികളിൽപെടുന്നവരാണ്. അങ്ങനെ പൊലീസ് കേസെടുത്താൽ പിണറായി വിജയന്റെ പൊലീസ് സംഘി പൊലീസാണെന്ന് പ്രചരിപ്പിക്കുന്നതും ഇതേ ആളുകളാണ്.

ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇതും പറഞ്ഞ് നടക്കുന്ന കടുത്ത വർഗ്ഗീയ പ്രചാരണം കേട്ടാൽ അറപ്പുളവാകും. മുസ്ലിം ലീഗ് ഭരിക്കുന്ന ഒതുക്കുങ്ങൽ പഞ്ചായത്ത് സെക്രട്ടറി ആ പഞ്ചായത്തിലെ മുസ്‌ലിം പള്ളികളുടെ ഭാരവാഹികൾക്ക് നൽകിയിട്ടുള്ള നോട്ടീസാണ് ഇമേജായി ചേർത്തിരിക്കുന്നത്. ഒതുക്കുങ്ങൽ വേങ്ങര മണ്ഡലത്തിലാണെന്നുകൂടി ഓർക്കുക. താനൂർ ഡിവൈഎസ്പി പറഞ്ഞിട്ടാണത്രെ തിരൂരങ്ങാടി പൊലീസ് അവിടുത്തെ ചില പള്ളിക്കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്തവും കുന്തവും തിരിയാത്ത ബുദ്ധിശൂന്യർ ചെയ്യുന്ന അബദ്ധത്തിന് പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്നത് സർക്കാരാണെന്ന് ഇത്തരക്കാർ ഓർക്കുന്നത് നന്നാകും. മുസ്‌ലിംകളുടെ വിശേഷാൽ ദിവസമാണ് വെള്ളിയാഴ്ചകൾ എന്നറിയാത്തവരായി ഈ നാട്ടിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ ഊളമ്പാറയിലേക്കയക്കണം.

എല്ലാ മലയാള മാസം ഒന്നാം തിയതിയും ക്ഷേത്രങ്ങളിലെ ദേവീദേവന്മാരുടെ പിറന്നാൾ ദിവസങ്ങളും വിഷു, ഓണം, ശിവരാത്രി തുടങ്ങിയ ആഘോഷദിനങ്ങളും ഹൈന്ദവവിശ്വാസികൾക്ക് വിശേഷാൽദിവസങ്ങളാണ്. എല്ലാ ഞായറാഴ്ചകളും ക്രിസ്മസ് ദിനവും പെസഹ വ്യാഴം, ദുഃഖവെള്ളി തുടങ്ങിയ ദിവസങ്ങളും പള്ളിപ്പെരുന്നാളുകളും ക്രൈസ്തവരുടെ വിശേഷാൽദിനങ്ങളാണ്. ഇതൊക്കെ അറിയാത്തവരാണോ നമ്മുടെ ഉദ്യോഗസ്ഥർ.

പത്ത് കൊല്ലം പ്രതിപക്ഷത്തിരിക്കാൻ ലീഗിന് ജനങ്ങൾ ഇപ്പോൾ നൽകിയിട്ടുള്ള വിധി അംഗീകരിച്ച് ക്ഷമാപൂർവം കാത്തിരിക്കുക. അതല്ലാതെ അധികാരനഷ്ടത്തിൽ മനംനൊന്ത് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ജനങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന വർഗ്ഗീയ ചേരിതിരിവ് ലീഗ് നേതൃത്വം കാണാതെ പോകരുത്. സമസ്തയുടെ ബഹുമാന്യനായ അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും കേരളത്തിലെ സുന്നീ പ്രസ്ഥാനത്തിന്റെ അമരക്കാരൻ ശൈഖുനാ എപി അബൂബക്കർ മുസ്‌ലിയാരും മുഖ്യമന്ത്രിയുമായി സംസാരിച്ച് വ്യക്തത വരുത്തിയ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ദയവായി ലീഗ്-വെൽഫെയർ-സുഡാപ്പികൾ ശ്രമിക്കരുത്. ഇതൊരു അപേക്ഷയാണ്, പ്ലീസ്.

TAGS :

Next Story