Quantcast

കുറ്റപത്രം വൈകുന്നു; ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതിയടക്കം ജയിൽ മോചിതരാകാൻ സാധ്യത

കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി നാളെ ജാമ്യാപേക്ഷ നൽകും

MediaOne Logo

Web Desk

  • Updated:

    2026-01-30 01:54:24.0

Published:

30 Jan 2026 6:42 AM IST

കുറ്റപത്രം വൈകുന്നു; ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതിയടക്കം ജയിൽ മോചിതരാകാൻ സാധ്യത
X

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ കുറ്റപത്രം സമർപ്പിക്കാൻ എസ്ഐടി വൈകുന്നതിനാൽ മുഖ്യപ്രതി ഉൾപ്പടെയുള്ളവർ ജയിൽ മോചിതരാകാൻ സാധ്യത. കട്ടിള പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് കാലാവധി ഈ മാസം 31ന് 90 ദിവസം ആകുന്നതോടെ ജാമ്യ ഹരജി നൽകും. ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ സ്വാഭാവിക ജാമ്യത്തിനായി ഇന്ന് വിജിലൻസ് കോടതിയിൽ ഹരജി സമർപ്പിക്കും.

സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശില്പ കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കട്ടിള പാളി കേസിലെ റിമാൻഡ് നാളെ 90 ദിവസം ആകുന്നത്തോടെ ജാമ്യ ഹരജിയുമായി വിജിലൻസ് കോടതിയെ സമീപിക്കാനാണ് തീരുമാനം. സ്വഭാവിക ജാമ്യം ലഭിച്ചാൽ പോറ്റിക്ക് പുറത്ത് ഇറങ്ങാൻ കഴിയും. പ്രത്യേക അന്വേഷണ സംഘം ഇടക്കാല കുറ്റപത്രം എങ്കിലും സമർപ്പിക്കാൻ വൈകുന്നതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണം.

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായിരുന്ന മുരാരി ബാബുവും, എസ് ശ്രീകുമാറും ഇതിനോടകം തന്നെ ജാമ്യം ലഭിച്ചു ജയിൽ മോചിതരായി. അറസ്റ്റിലായി 43 ാം ദിനമാണ് തെളിവുകൾ ഇല്ലാത്തതിനാൽ ശ്രീകുമാറിന് ജാമ്യം ലഭിക്കുന്നത്. പ്രഥമ ദൃഷ്ടിയിൽ പോലും ശ്രീകുമാറിന് എതിരെ തെളിവ് നൽകാൻ എസ്ഐടിക്ക് കഴിഞ്ഞിട്ടില്ലെന്ന് ജാമ്യ ഉത്തരവിൽ പറയുന്നു.

റിമാൻഡ് കാലാവധി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സ്വഭാവിക ജാമ്യത്തിന് പ്രതികൾക്ക് അവകാശമുണ്ട്. അതാണ് ശബരിമല കേസിലും പ്രതികൾ പുറത്ത് ഇറങ്ങാൻ കാരണം. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിലായി 90 ദിവസം പിന്നിടുകയാണ്. ഇന്ന് രണ്ടു കേസുകളിലും സ്വാഭാവിക ജാമ്യം തേടി വിജിലൻസ് കോടതിയിൽ ഹരജി സമർപ്പിക്കും. വരും ദിവസങ്ങളിൽ മറ്റു പ്രതികളും ഇതേ രീതിയിൽ ജാമ്യം നേടി പുറത്തിറങ്ങാനാണ് സാധ്യത.


TAGS :

Next Story