ഷിബു ബേബി ജോണിനെതിരെ കേസ്; ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്നേറ്റ് പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി

ഷിബു ബേബി ജോൺ
തിരുവനന്തപുരം: ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെതിരെ വഞ്ചനാകുറ്റത്തിന് പൊലീസ് കേസെടുത്തു. ഷിബു ബേബി ജോണിന്റെ സ്ഥലത്ത് ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്നേറ്റ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് കേസ്.
ഷിബു ബേബി ജോണിന്റെ തിരുവനന്തപുരത്തെ 40 സെന്റ് സ്ഥലത്ത് ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കാന്‍ ബില്‍ഡറുമായി കരാറുണ്ടാക്കിയിരുന്നെന്ന് പരാതിയില്‍ പറയുന്നു. തിരുവനന്തപുരത്തുള്ള ആന്റ ബില്‍ഡേഴ്‌സുമായിട്ടായിരുന്നു കരാര്‍. 15 ലക്ഷം രൂപ സ്ഥാപനത്തിന്റെ എംഡി മിഥുന്‍ കുരുവിളക്ക് കൈമാറുമ്പോള്‍ ഷിബു ബേബി ജോണും കൂടെയുണ്ടായിരുന്നു എന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. 2020ല്‍ രണ്ടു തവണകളായിട്ടാണ് 15 ലക്ഷം രൂപ കൈമാറിയത്. 2022ല്‍ ഫ്ലാറ്റ് നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാമെന്നായിരുന്നു കരാര്‍. എന്നാല്‍ ഫ്ലാറ്റ് നിര്‍മിച്ചു നല്‍കിയില്ല.
ഷിബു ബേബി ജോണിനെ കൂടി വിശ്വാസത്തിലെടുത്താണ് പണം കൈമാറിയതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. ആദ്യം പരാതി നല്‍കിയപ്പോള്‍ പൊലീസ് കേസെടുത്തില്ലെന്നും പിന്നീട് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയ ശേഷമാണ് കേസെടുത്തതെന്നും ഇയാള്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസാണ് പരാതിയില്‍ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്. കേസില്‍ നാലാം പ്രതിയാണ് ഷിബു ബേബി ജോണ്‍. അതേസമയം, കേസ് തിരഞ്ഞെടുപ്പ് അടുത്തതിനാലുള്ള ബ്ലാക്ക് മെയിലിങ് തന്ത്രമാണെന്ന് ഷിബു ബേബി ജോണ്‍ ആരോപിച്ചു. പരാതിക്കാരനെ തനിക്ക് അറിയില്ല. ഇയാളില്‍ നിന്ന് പണം വാങ്ങിയിട്ടുമില്ല. പരാതിക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മാനനഷ്ടക്കേസ് നല്‍കുമെന്നും ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.
Adjust Story Font
16

