കോഴിക്കോട് ചെങ്ങോട്ടുമലയിൽ ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകരുതെന്ന് ശിപാർശ
സ്ഥലം സന്ദർശിച്ച സംസ്ഥാന വിദഗ്ധ സമിതിയുടേതാണ് ശിപാർശ

കോഴിക്കോട് ചെങ്ങോട്ടുമലയിൽ ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകരുതെന്ന് ശിപാർശ. സ്ഥലം സന്ദർശിച്ച സംസ്ഥാന വിദഗ്ധ സമിതി യുടേതാണ് ശിപാർശ. ശിപാർശ സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതിക്ക് നൽകി. ചെങ്ങോട്ടുമലയിൽ ഖനനത്തിന് ശ്രമം നടക്കുന്ന വാർത്ത മീഡിയവണാണ് ആദ്യം പുറത്ത് വിട്ടത്.
കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോടുമലയിലെ 12 ഏക്കർ സ്ഥലത്ത് പാറ ഖനനം നടത്താനുള്ള പാരിസ്ഥിതികാനുമതി തേടിയാണ് ഡെൽറ്റ റോക്സ് പ്രൊഡക്റ്റ് എന്ന കമ്പനി സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതി അഥവാ സിയക്ക് അപേക്ഷ നൽകിയത്. അപേക്ഷയെ തുടർന്ന് ആദ്യം സിയാക്കിലെ രണ്ട് അംഗങ്ങൾ സ്ഥലം സന്ദർശിച്ച് ഖനനത്തിന് അനുകൂലമായി റിപ്പോർട്ട് നൽകിയിരുന്നു. തങ്ങളെ കേൾക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടി സമരസമിതി ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് സമരസമിതിയുടെയും കോട്ടൂർ പഞ്ചായത്തിന്‍റെയും വാദം കേട്ടതിന്‍റെ അടിസ്ഥാനത്തിൽ രണ്ടംഗ സമിതിയുടെ റിപ്പോർട്ട് തള്ളി. തുടർന്നാണ് സിയാക് ചെയർമാൻ എം. ഭാസ്ക്കരൻ ഉൾപ്പെടെ ഏഴംഗ സംഘം ചെങ്ങോട്ടുമല സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ടിലാണ് ചെങ്ങോട്ടുമലയിൽ കരിങ്കൽ ക്വാറി ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകരുതെന്ന ശിപാർശ.
സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതി ശിപാർശ അംഗീകരിക്കുന്നതോടെ ചെങ്ങോട്ടുമലയിൽ ഖനനം നടത്താനാകില്ല. ഖനന നീക്കത്തിനെതിരെ കഴിഞ്ഞ മൂന്നര വർഷമായി നാട്ടുകാർ സമരത്തിലാണ്. സർക്കാർ ഭൂമി കയ്യേറി കുടിവെള്ള ടാങ്ക് പൊളിച്ച് മഞ്ഞൾ കൃഷിക്കെന്ന വ്യാജേന ഖനനത്തിന് നീക്കം നടത്തുന്ന വാർത്ത മീഡിയവണാണ് പുറത്ത് വിട്ടത്. പാരിസ്ഥിതികാനുമതി നൽകരുതെന്ന സിയാക്ക് ശിപാർശയിൽ നാട്ടുകാർ വലിയ ആഹ്ലാദത്തിലാണ്.
Adjust Story Font
16

