'ഒരു പാർട്ടിക്ക് ചെയ്യാൻ കഴിയുന്ന എല്ലാ നടപടിയും ചെയ്തില്ലേ?'; രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ചെന്നിത്തല
രാഹുലിന്റെ അറസ്റ്റിന് തടസമില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പരാതിയിൽ പാർട്ടിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തുകഴിഞ്ഞെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മാർക്‌സിസ്റ്റ് പാർട്ടി അങ്ങനെ ചെയ്‌തോ? പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു, പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു, യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റി...ഇനി പാർട്ടി എന്താണ് ചെയ്യേണ്ടതെന്നും ചെന്നിത്തല ചോദിച്ചു.
കോൺഗ്രസിനെ തകർക്കാൻ സിപിഎം- ബിജെപി അന്തർധാര സജീവമാണെന്നും ചെന്നിത്തല ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് ശരിയാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കെ.സുധാകരനും പ്രതികരിച്ചു. അതുകൊണ്ട് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ട എന്നാണ് പറഞ്ഞത്. രാഹുൽ ചെയ്തത് മഹാ തെറ്റാണ്. ഇതിനെക്കാൾ എത്രയോ വലിയ ആളുകൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഒരു രാഷ്ട്രീയ പ്രവർത്തകനെ ഹനിക്കുന്നതിന് മുമ്പ് മുന്നും പിന്നും ആലോചിക്കണം. രാജ്മോഹൻ ഉണ്ണിത്താന്റെ വിമർശനങ്ങൾക്ക് മറുപടി പറയാനില്ലെന്നും സുധാകരൻ വ്യക്തമാക്കി.
അതിനിടെ രാഹുലിനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമം ഊർജിതമാക്കി. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം. രാഹുലിന്റെ അറസ്റ്റിന് തടസമില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. പാലക്കാട്, കൊച്ചി, തിരുവനന്തപുരം ജില്ലകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. രാഹുൽ കേരളം വിട്ടുപോയിട്ടില്ലെന്നാണ് വിലയിരുത്തൽ. നേതാക്കളുടെ വീടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Adjust Story Font
16

