Quantcast

'ലോകത്തിന് മുന്നിൽ കേരളത്തെ അവതരിപ്പിക്കുകയാണ് കേരളീയം, നമുക്ക് എല്ലാ രംഗത്തും തനതായ വ്യക്തിത്വം'; കേരളീയം വേദിയിൽ മുഖ്യമന്ത്രി

'അര നൂറ്റാണ്ട് കൊണ്ട് ഒരു നൂറ്റാണ്ടിലെ ദൂരം നമ്മൾ ഓടി തീർത്തു, കേരളത്തെ ലോകോത്തര ബ്രാൻഡാക്കും'

MediaOne Logo

Web Desk

  • Updated:

    2023-11-01 06:09:25.0

Published:

1 Nov 2023 5:37 AM GMT

ലോകത്തിന് മുന്നിൽ കേരളത്തെ അവതരിപ്പിക്കുകയാണ് കേരളീയം, നമുക്ക് എല്ലാ രംഗത്തും തനതായ വ്യക്തിത്വം; കേരളീയം വേദിയിൽ മുഖ്യമന്ത്രി
X

തിരുവനന്തപുരം: കേരളത്തിന്റെ പുരോഗതിയും സാംസ്‌കാരിക പാരമ്പര്യവും അവതരിപ്പിക്കുന്ന കേരളീയം മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിവിധ രംഗത്തെ പ്രമുഖർക്കൊപ്പം തിരിതെളിയിച്ചാണ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്. ലോകത്തിന് മുന്നിൽ കേരളത്തെ അവതരിപ്പിക്കുകയാണ് കേരളീയമെന്നും നമുക്ക് എല്ലാ രംഗത്തും തനതായ വ്യക്തിത്വമുണ്ടെന്നും എന്നാലത് നാം അത് തിരിച്ചറിയുന്നില്ലെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കേരളീയത്തിലൂടെ ലോകശ്രദ്ധ ഇവിടേക്ക് കേന്ദ്രീകരിക്കുമെന്നും ലോക മാതൃകകൾ സ്വാംശീകരിച്ച് കേരളത്തെ ലോകോത്തര ബ്രാൻഡാക്കി മാറ്റുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ലോകത്തിനുള്ള മാതൃകസംസ്ഥാനമാണ് കേരളമെന്നും അര നൂറ്റാണ്ട് കൊണ്ട് ഒരു നൂറ്റാണ്ടിലെ ദൂരം നമ്മൾ ഓടി തീർത്തുവെന്നും അദ്ദേഹം പറഞ്ഞു. ആഗോള പുരോഗതിയുടെ കുതിപ്പിനൊത്ത് നാം ഇന്ന് നീങ്ങുകയാണെന്നും ആധുനിക ലോകത്തെ ഇവിടേക്ക് ആകർഷിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ഇത് നാം ആഘോഷിക്കേണ്ടതല്ലേയെന്നും ചോദിച്ചു. കേരളം വ്യവസായത്തിന് പറ്റിയ ഇടമല്ലെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ടെന്നും എന്നാൽ ഇവിടെ നിക്ഷേപം നടത്തിയ നിക്ഷേപകരോ സംരംഭകരോ അല്ല ഈ പ്രചരണത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില നിക്ഷിപ്ത താൽപര്യക്കാരാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നതെന്നും കുറ്റപ്പെടുത്തി.

പലയിടങ്ങളിൽ പോയി തേൻ സംഭരിക്കുന്ന തേനീച്ചകളെ പോലെയാണ് മലയാളികളെന്നും അഭിപ്രായപ്പെട്ടു. കോവിഡിൽ ലോകം പകച്ച് നിന്നപ്പോൾ കേരളം മാതൃകപരമായി അതിനെ നേരിട്ടുവെന്നും കേരളത്തിലെ പൊതുജനാരോഗ്യത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയാണ് നാം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ നാട് പുതിയ ഒരു ചുവടുവെക്കുകയാണെന്നും കേരളത്തിന്റെ ആകെ മഹോത്സവമാണ് കേരളീയമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെക്കുറിച്ച് ലോകത്തോട് വിളിച്ചു പറയാനുള്ള അവസരമാണിതെന്നും ഇനി എല്ലാവർഷവും കേരളീയം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പല കാര്യത്തിലും കേരളീയം മുന്നിലാണെന്ന കാര്യം ഉയർത്തിക്കാട്ടാൻ നമുക്ക് കഴിയണമെന്നും പറഞ്ഞു.



പരിപാടിക്കായി കമൽഹാസൻ. മമ്മൂട്ടി, മോഹൻലാൽ, ശോഭന തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും സെൻട്രൽ സ്റ്റേഡിയത്തിലെത്തി. എംഎ യൂസഫലി, രവി പിള്ള തുടങ്ങിയ വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

ഏഴ് ദിവസങ്ങളിലായി തെരുവു വേദികൾ അടക്കം 44 ഇടങ്ങളിൽ ആണ് കേരളീയം നടക്കുന്നത്. കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ മേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തിൽ സർക്കാർ ഒരുക്കിയിരിക്കുന്നത്. കേരളീയത്തിനൊപ്പം സമാന്തരമായി നിയമസഭാ പുസ്തകോത്സവും ഇന്ന് തുടങ്ങും. സമഗ്ര സംഭാവനയ്ക്കുള്ള 'നിയമസഭാ അവാർഡ്' മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് മുഖ്യമന്ത്രി സമ്മാനിക്കും.

Chief Minister Pinarayi Vijayan inaugurated the Keralayam Mela, which showcases the progress and cultural heritage of Kerala.

TAGS :

Next Story