ഒടുവില്‍ സമവായം; പിഎസ്‌സി അംഗങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു
മുസ്‌ലിം ലീഗിന്റെ പ്രതിനിധിയായി ഷാഫി ചാലിയത്തെ നിർദേശിച്ചു

തിരുവനന്തപുരം: പിഎസ്‌സി അംഗങ്ങളുടെ നിയമനവും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമനവും സംബന്ധിച്ച തർക്കത്തെ തുടർന്ന് മന്ത്രിസഭായോഗം രണ്ടര മണിക്കൂറിലേറെ നീണ്ടു. ഇരുവിഷയങ്ങളിലും മന്ത്രിമാർക്കിടയിൽ അഭിപ്രായവ്യത്യാസം ഉയർന്നെങ്കിലും ഒടുവിൽ സമവായത്തിലെത്തി. പിഎസ്‌സിയിലെ അഞ്ച് അംഗങ്ങളുടെ നിയമനത്തിനും മന്ത്രിസഭ അംഗീകാരം നൽകി.
പിഎസ്‌സി അംഗങ്ങളുടെ നിയമനത്തിനായി മുഖ്യമന്ത്രി അവതരിപ്പിച്ച പട്ടികയിലാണ് മന്ത്രിസഭയിൽ ആദ്യം എതിർപ്പുയർന്നത്. മന്ത്രിമാരുമായി കൂടിയാലോചിക്കാതെയാണ് പട്ടിക തയ്യാറാക്കിയതെന്നായിരുന്നു വിമർശനം. പിന്നാലെ മറ്റ് മന്ത്രിമാരും വിഷയത്തിൽ അഭിപ്രായം അറിയിച്ചതോടെ ചർച്ച നീണ്ടു.
സുധാ മേനോന്റെ സ്ഥിരതാമസം സംബന്ധിച്ചും മുഖ്യമന്ത്രി എതിർപ്പ് ഉന്നയിച്ചു. കഴിഞ്ഞ ഏഴ് വർഷമായി അഹമ്മദാബാദിലാണ് അവർ താമസിക്കുന്നതെന്നും കേരളത്തിൽ സ്ഥിരതാമസമില്ലാത്ത ഒരാളെ പിഎസ്‌സി അംഗമായി പരിഗണിക്കുന്നത് ശരിയായ രീതിയല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
തുടർന്ന് സുധാ മേനോന് പകരം മറ്റൊരു പേര് നിർദേശിക്കാൻ കെ.സി. വിഭാഗത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ആർ. സനൽകുമാറിന്റെ പേര് മുന്നോട്ടുവച്ചു. ജി. ഗോപകുമാർ, രമേശ് എൻ. തമ്പി, റോസമ്മ ഫിലിപ്പ്, ആർ. സനൽകുമാർ എന്നിവരാണ് കോൺഗ്രസ് പ്രതിനിധികളായി പട്ടികയിലുള്ളത്. മുസ്‌ലിം ലീഗിന്റെ പ്രതിനിധിയായി ഷാഫി ചാലിയത്തെയും നിർദേശിച്ചു. അഞ്ചുപേരുടെയും നിയമനത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
Adjust Story Font
16

