Quantcast

അബിഗേലിനെ കണ്ടെത്തിയത് കൊല്ലം നഗരപരിധിയില്‍; പ്രതികൾക്കായി തെരച്ചിൽ ഊർജിതം

കണ്ടെത്തുന്ന സമയത്ത് അബിഗേല്‍ ക്ഷീണിതയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2023-11-28 09:04:21.0

Published:

28 Nov 2023 8:57 AM GMT

അബിഗേലിനെ കണ്ടെത്തിയത് കൊല്ലം നഗരപരിധിയില്‍; പ്രതികൾക്കായി തെരച്ചിൽ ഊർജിതം
X

കൊല്ലം: കേരളം മുഴുവൻ ആശങ്കയുടെ മുൾമുനയിലായിരുന്ന 21 മണിക്കൂറാണ് കഴിഞ്ഞുപോയത്. ഓയൂരിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ ആറുവയസുകാരി അബിഗേലിനെ ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് കണ്ടെത്തിയത്. ഓയൂരിൽ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടിയെ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞെങ്കിലും പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

പൊലീസ് തെരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് പെൺകുട്ടിയെ കൊല്ലം നഗര പരിധിയിൽ നിന്ന് തന്നെയാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ഉദ്ദേശം നടപ്പിലാക്കാനാകാതെ കുട്ടിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനവും. കണ്ടെത്തുന്ന സമയത്ത് കുഞ്ഞ് അവശനിലയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പിന്നീട് നാട്ടുകാര്‍ തന്നെയാണ് വെള്ളവും ബിസ്കറ്റും വാങ്ങി നല്‍കിയത്. ഉടനെ പൊലീസ് എത്തുകയും കുഞ്ഞിനെ ആദ്യം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും പിന്നീട് എ.ആർ ക്യാമ്പിലും എത്തിക്കുകകയായിരുന്നു.

സംഭവത്തിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന ആളുടെ കളർ രേഖാചിത്രം പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. കടയിലെത്തിയ ആളുമായി രേഖാചിത്രത്തിന് സാമ്യമുണ്ടെന്നാണ് കടക്കാരി അറിയിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടു പോകാൻ പ്രതികൾ ഉപയോഗിച്ചത് വാടക കാർ ആണെന്നാണ് പൊലീസിന്റെ നിഗമനം.

ഓയൂർ കാറ്റാടിമുക്കിൽ വെച്ച് തിങ്കളാഴ്ച വൈകുന്നേരം 4.20ഓടെയാണ് സംഭവമുണ്ടാകുന്നത്. സഹോദരൻ ജൊനാഥനുമൊത്ത് ട്യൂഷന് പോകവേ കാറിലെത്തിയ സംഘം കുട്ടിയെ പിടിച്ചു വലിച്ച് കാറിലേക്ക് കയറ്റുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരനെയും കാറിൽ കയറ്റാൻ ശ്രമമുണ്ടായെങ്കിലും നടന്നില്ല. സംഘമെത്തിയ വെള്ള കാർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരിസരത്തുണ്ടെന്നാണ് കുട്ടിയുടെ മൊഴി.





TAGS :

Next Story