Quantcast

2018 മുതൽ ഒരു ലക്ഷം വാങ്ങുന്നുണ്ട്; 32 ലക്ഷമൊക്കെ കിട്ടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കും-ചിന്ത ജെറോം

'32 ലക്ഷം എന്നൊരു ഭീമൻ തുക എനിക്കു ലഭിക്കുമെന്നും പ്രചാരണമുണ്ടായി. വ്യക്തിപരമായി ഇത്രയും തുകയൊന്നും കൈവശം സൂക്ഷിക്കുന്ന പ്രവർത്തനപാരമ്പര്യമോ കുടുംബപശ്ചാത്തലമോ എനിക്കില്ല.'

MediaOne Logo

Web Desk

  • Updated:

    2023-01-05 11:26:30.0

Published:

5 Jan 2023 11:23 AM GMT

2018 മുതൽ ഒരു ലക്ഷം വാങ്ങുന്നുണ്ട്; 32 ലക്ഷമൊക്കെ കിട്ടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കും-ചിന്ത ജെറോം
X

തിരുവനന്തപുരം: കേരള യുവജന കമ്മിഷൻ ചെയർപേഴ്‌സന്റെ ശമ്പളം ഇരട്ടിയായി വർധിപ്പിച്ചതായുള്ള വാർത്തകളോട് പ്രതികരിച്ച് ചിന്താ ജെറോം. 2018 ഇറങ്ങിയ ചട്ടപ്രകാരം യുവജന കമ്മിഷൻ ചെയർപേഴ്‌സന്റെ ശമ്പളം ഒരു ലക്ഷമാക്കി നിശ്ചയിച്ചിരുന്നുവെന്ന് അവർ വ്യക്തമാക്കി. അന്നുമുതൽ താൻ ആ തുക താൻ കൈപറ്റിവരുന്നുണ്ട്. തന്നെ ലക്ഷ്യമിട്ടുള്ള സംഘടിതവും ബോധപൂർവവുമായ വ്യാജപ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്നും ചിന്ത ആരോപിച്ചു.

ഞാൻ യുവജന കമ്മിഷൻ ചെയർപേഴ്‌സനായി നിയമിതയാകുന്നത് 2016ലാണ്. അന്ന് കേരള സർവകലാശാലയിൽ കേന്ദ്ര സർക്കാരിന്റെ ജെ.ആർ.എഫ് ഫെലോഷിപ്പോടെ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ജെ.ആർ.എഫ് ഫെലോഷിപ്പ് വേണ്ടെന്ന് എഴുതിനൽകിയാണ് അന്ന് കമ്മിഷൻ അധ്യക്ഷയായി ചുമതലയേറ്റത്-ചിന്ത സൂചിപ്പിച്ചു.

'ചുമതലയേൽക്കുമ്പോൾ യുവജന കമ്മിഷൻ അധ്യക്ഷയുടെ ശമ്പളം നിശ്ചയിച്ചിരുന്നില്ല. സേവനവേതന വ്യവസ്ഥയെ സംബന്ധിച്ച് പിന്നീട് ഒരു സർക്കാർ ഉത്തരവ് പുറത്തിറക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. യാതൊരുവിധ ശമ്പളവും പറ്റാതെയാണ് കമ്മിഷൻ അധ്യക്ഷയായി ആദ്യം പ്രവർത്തിച്ചുവന്നത്.'

'ചുമതലയേറ്റ അടുത്ത ദിവസം മുതൽ ചിന്താ ജെറോമിന് ഒരു ലക്ഷത്തിലേറെ ശമ്പളമുണ്ടെന്നും എല്ലാ ചെലവും സർക്കാർ വഹിക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നെ വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള സംഘടിതവും ബോധപൂർവവുമായ പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നടന്നത്. ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയത് സർക്കാർ ചെലവിലാണെന്നുവരെ വ്യാജ പ്രചാരണമുണ്ടായിട്ടുണ്ട്.'

'ഒരു ലക്ഷം വാങ്ങുന്നത് 2018ലെ ചട്ടപ്രകാരം'

2018 മേയിലാണ് യുവജന കമ്മിഷൻ ചട്ടങ്ങൾ രൂപീകരിക്കുന്നത്. യുവജന കമ്മിഷൻ അധ്യക്ഷ എന്ന പദവിയിലുള്ള ആൾക്കുള്ള ശമ്പളം ഒരു ലക്ഷമാണെന്ന് നിജപ്പെടുത്തിയാണ് 2018ൽ ചട്ടങ്ങൾ പുറത്തുവന്നത്. സർക്കാർ തീരുമാനിക്കുകയും നിയമസഭ അംഗീകരിക്കുകയും ചെയ്ത ആ തുക അന്നുമുതൽ കൈപറ്റിവരുന്നുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസമാണ് ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയായി വർധിപ്പിച്ചെന്ന തരത്തിൽ പ്രചാരണം നവമാധ്യമങ്ങളിൽ നടക്കുന്നത് ശ്രദ്ധയിൽപെട്ടതെന്നും ചിന്ത ചൂണ്ടിക്കാട്ടി.

'32 ലക്ഷം എന്നൊരു ഭീമൻ തുക എനിക്കു ലഭിക്കുമെന്നും പ്രചാരണമുണ്ടായി. ഞാൻ ചുമതലയേറ്റതു മുതലുള്ള തുക കണക്കുകൂട്ടിയാലും ഇത്ര വരില്ല. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നത്? ഒരു അടിസ്ഥാനവുമില്ലാത്ത വാർത്തയാണിത്. 32 ലക്ഷം രൂപയൊക്കെ എന്റെ കൈയിൽ വന്നാൽ അത് ആദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കും. അതാണ് ഞങ്ങൾ ശീലിച്ചുവന്ന രീതി. വ്യക്തിപരമായി ഇത്രയും തുകയൊന്നും കൈവശം സൂക്ഷിക്കുന്ന പ്രവർത്തന പാരമ്പര്യമോ കുടുംബ പശ്ചാത്തലമോ എനിക്കില്ല.'

എന്റെ മുൻപ് കമ്മിഷൻ ചെയർമാനായി പ്രവർത്തിച്ചിരുന്നത് കെ.പി.സി.സി നേതാവായ ആർ.വി രാജേഷ് ആയിരുന്നു. ഉമ്മൻചാണ്ടിയുടെ കാലത്താണിത്. അദ്ദേഹം ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് കോടതിയെ അടുത്തിടെ സമീപിച്ചിരുന്നു. അദ്ദേഹത്തിന്റെ ശമ്പള കുടിശ്ശിക നൽകണമെന്ന് കോടതിവിധിയും വരികയുണ്ടായി. ഇതാണിപ്പോൾ വാർത്തയാകാനുള്ള കാരണമെന്നാണ് താൻ മനസിലാക്കുന്നതെന്നും ചിന്ത ജെറോം കൂട്ടിച്ചേർത്തു.

Summary: 'The Chairperson's salary was fixed as One lakh in the Kerala Youth Commission Rules released in May 2018. Since then I have received the same amount', says Chintha Jerome

TAGS :

Next Story