Quantcast

'ചിന്താ ജെറോമിന്റെ ഗവേഷണ ബിരുദം പുനഃപരിശോധിക്കണം'-ഗവർണർക്ക് നിവേദനം

ഡോ. പി.പി അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്പെൻഡ് ചെയ്യണമെന്ന് ഗവർണർക്കും കേരള വി.സിക്കും നൽകിയ നിവേദനത്തിൽ സേവ് യൂനിവേഴ്‌സിറ്റി കാംപയിൻ കമ്മിറ്റി

MediaOne Logo

Web Desk

  • Published:

    30 Jan 2023 1:22 PM GMT

ChinthaJeromePhDthesis, ChinthaJerome
X

തിരുവനന്തപുരം: ചിന്താ ജെറോമിന്റെ ഗവേഷണ ബിരുദം പുനഃപരിശോധിക്കണമെന്ന് സേവ് യൂനിവേഴ്‌സിറ്റി കാംപയിൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഗവർണർക്കും കേരള സർവകലാശാല വി.സിക്കും നൽകിയ നിവേദനത്തിലാണ് ആവശ്യമുയർത്തിയത്. ഡോ. പി.പി അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്‌പെൻഡ് ചെയ്യണമെന്നും എച്ച്.ആർ.ഡി.സി ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

മലയാള വാണിജ്യ സിനിമകളുടെ പ്രത്യയ ശാസ്ത്രത്തെ അധികരിച്ച് യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം പി.എച്ച്.ഡി ബിരുദം നേടുന്നതിന് സമർപ്പിച്ച പ്രബന്ധം വിദഗ്ധസമിതിയെ നിയോഗിച്ച് പുനഃപരിശോധിക്കണം. ഗുരുതര വീഴ്ച വരുത്തിയ ചിന്തയുടെ ഗൈഡ് മുൻ പി.വി.സി പി.പി അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്‌പെൻഡ് ചെയ്യണം. അദ്ദേഹത്തെ നിലവിലെ എച്ച്.ആർ.ഡി.സി ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും സേവ് യൂനിവേഴ്‌സിറ്റി കാംപയിൻ ആവശ്യപ്പെട്ടു.

ചിന്താ ജെറോമിന്റെ പ്രബന്ധം മറ്റു പ്രസിദ്ധീകരണങ്ങളിൽനിന്ന് പകർത്തിയതാണെന്നതിന് വ്യക്തമായ തെളിവുകൾ പുറത്തുവന്നിരിക്കുന്നു. ആശയങ്ങളും രചനയും മറ്റു പ്രസിദ്ധീകരണങ്ങളിൽനിന്ന് പകർത്തിയത് കണ്ടെത്താൻ ശ്രമിക്കാത്തത് ഗൈഡിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ്. അക്കാദമിക് പ്രോഗ്രാമുകളുടെ സർഗസ്വഭാവവും മൗലികതയും നിലനിർത്തേണ്ട സ്ഥാപനങ്ങളാണ് സർവകലാശാലകൾ. ഈ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ധാർമികമായും അക്കാദമികപരമായും ബൗദ്ധികമായും സംഭവിക്കുന്ന ക്രമക്കേടുകളെ പ്രോത്സാഹിപ്പിക്കുന്നവർ ആകരുത്. സർവകലാശാല വൈസ് ചാൻസലർ സ്ഥാപനത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥനാണ്. അതിനാൽ ക്രമക്കേടുകൾക്ക് വി.സി ഉൾപ്പെടെയുള്ള ഭരണാധികാരികൾ ഉത്തരവാദികളാണ്. അതുകൊണ്ട് ചാൻസലർ എന്ന നിലയിൽ ബഹുമാനപ്പെട്ട ഗവർണർ ഈ ക്രമക്കേടുകൾ തടയുന്നതിന് നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

Summary: SAVE University Campaign, in a petition to the Governor and Kerala University VC, demanded reconsideration of Chintha Jerome's research degree

TAGS :

Next Story