ചൊക്രമുടി ഭൂമി കയ്യേറ്റം: നാല് പട്ടയങ്ങൾ റവന്യു വകുപ്പ് റദ്ദാക്കി
കയ്യേറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കും

തിരുവനന്തപുരം: ഇടുക്കി ചൊക്രമുടിയിലെ അനധികൃത ഭൂമി കൈയേറ്റങ്ങൾ കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ നാല് പട്ടയങ്ങൾ റദ്ദാക്കിയതായി റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അനധികൃതമായി കയ്യേറിയ 13.79 ഏക്കർ ഭൂമി സർക്കാറിലേക്ക് തിരിച്ചുപിടിച്ചതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. റദ്ദാക്കിയ പട്ടയങ്ങൾ നാലും ദേവികുളം താലൂക്കിലെ ബൈസൺവാലി വില്ലേജിൽ ഉൾപ്പെടുന്നതാണ്.
ചൊക്രമുടിയിൽ ഭൂമി കയ്യേറ്റം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു കൊണ്ട് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അന്വേഷണത്തിന് നിർദ്ദേശിച്ചിരുന്നു. ഈ സംഘം നടത്തിയ പരിശോധനയിലാണ് വ്യാജരേഖകൾ ചമച്ച് അനധികൃതമായി ഭൂമി കയ്യേറ്റം നടന്നതായി സ്ഥിരീകരിക്കുന്ന റിപ്പോർട്ട് സമർപ്പിച്ചത്.
അന്വേഷണത്തിൽ കണ്ടെത്തിയ അപാകതകൾ ചൂണ്ടിക്കാട്ടി കുറ്റാരോപിതരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് 1964ലെ കേരള ഭൂപതിവ് ചട്ടം 8 (2), 8 (3) എന്നിവ പ്രകാരം നടപടി സ്വീകരിച്ചിരിക്കുന്നത്. കയ്യേറ്റക്കാർക്കെതിരെ കൃത്രിമ രേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും ഉത്തരവുണ്ട്.
Adjust Story Font
16

