എയ്ഡഡ് ഭിന്നശേഷി സംവരണത്തിൽ സർക്കാരിനു മേൽ സമ്മർദം ശക്തമാക്കി ക്രൈസ്തവസഭകൾ
പളളുരുത്തി സ്കൂളിലെ ശിരോ വസ്ത്ര വിവാദത്തിലും സഭ നേതൃത്വം പ്രതിഷേധം വ്യക്തമാക്കി

Photo| MediaOne
കോട്ടയം: എയ്ഡഡ് ഭിന്നശേഷി സംവരണത്തിൽ സർക്കാരിനു മേൽ സമ്മർദം ശക്തമാക്കി ക്രൈസ്തവസഭകൾ. അനുകൂല ഉത്തരവ് ഇറക്കി സർക്കാർ പ്രതിസന്ധി പരിഹരിക്കണമെന്ന് കോട്ടയം പാലായിൽ ചേർന്ന ക്രൈസ്തവസഭയുടെ യോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിൽ കൈസ്തവർ പാർശ്വവത്കരിക്കപ്പെട്ടുവെന്ന ആശങ്കയുണ്ടെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പഞ്ഞു .
ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായി ലഭിച്ച വിധി ക്രൈസ്തവ സഭകൾക്കും ബാധകമാണെന്ന് സർക്കാർ ഉത്തരവ് ഇറക്കാത്തതിൽ സഭ നേതൃത്വത്തിന് കടുത്ത അമർഷമുണ്ട്. പാലായിൽ ചേർന്ന ക്രൈസ്തവ സഭ അധ്യക്ഷമാരുടെ യോഗം വിഷയം ചർച്ച ചെയ്തു. ഇക്കാരൃത്തിൽ അടിയന്തര സർക്കാർ ഇടപെടലാണ് സഭ നേതൃത്വം ആവശ്യപ്പെടുന്നത്. ക്രൈസ്തവ സമൂഹം ഒരുമിച്ച് നിൽക്കും. അനീതിയുണ്ടെങ്കിൽ ഇടപെടും. ക്രൈസ്തവസഭകൾ രാജ്യത്തിൻറെ ഉന്നമനത്തിനു വേണ്ടിയാണ് പ്രവർത്തിച്ചത്. സമരം സഭകളുടെ നിലപാടല്ലെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ പറഞ്ഞു.
പളളുരുത്തി സ്കൂളിലെ ശിരോ വസ്ത്ര വിവാദത്തിലും സഭ നേതൃത്വം പ്രതിഷേധം വ്യക്തമാക്കി . കഴിഞ്ഞ കുറച്ച് നാളുകളായി ക്രൈസ്തവ സഭ സ്ഥാപനങ്ങൾക്ക് നേരെ അസ്വസ്ഥതകൾ ഉണ്ടാകുന്നുണ്ട്. അതിനെ ഗൗരവമായി കാണുന്നു എന്ന് സിറോ മലബാർ സഭ മീഡിയ കമ്മിഷൻ സെക്രട്ടറി ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു. ഭിന്നശേഷി സംവരണത്തിൽ ഉടൻ നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് സഭാ നേതൃത്വത്തിന്റെ ആലോചന.
Adjust Story Font
16

