പള്ളിപ്പെരുന്നാളിന് പള്ളിക്കെട്ട് പാടിയത് തടയാൻ ശ്രമിച്ച ആളെ ഇറക്കി വിട്ടു; പമ്പാ ഗണപതി അടക്കം അഞ്ച് പാട്ടുകൾ പാടിച്ച് വികാരി അച്ചൻ
പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന അയ്യപ്പഭക്തിഗാനം പാടുകയായിരുന്നു ഗായകൻ റഷീദ്

കോട്ടയം: പാലാ കിഴപറയാർ പള്ളിയിൽ തിരുനാളിനോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന പാട്ട് പാടിയത് തടയാൻ ശ്രമിച്ച ആളെ ഇറക്കി വിട്ടു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന അയ്യപ്പഭക്തിഗാനം പാടുകയായിരുന്നു ഗായകൻ റഷീദ്. ഇതിനിടെ വേദിയിൽ വെള്ളഷർട്ടും മുണ്ടും ധരിച്ച ഒരാൾ കയറി. തുടർന്ന് ഗായകനെ തടഞ്ഞ ഇയാൾ ക്രിസ്തീയ ഗാനങ്ങൾ പാടിയാൽ മതിയെന്നും പള്ളിക്കെട്ട് പാടേണ്ടെന്നും ഇയാൾ ഗായകനോട് പറഞ്ഞു. ഇയാൾ നാട്ടുകാരനല്ലെന്നാണ് വിഡിയോയിൽ പറയുന്നത്. ഇതോടെ വേദിക്ക് പരിസരമുണ്ടായിരുന്നവർ കൂക്കിവിളിക്കുന്നതും പള്ളിക്കെട്ട് പാടണമെന്ന് ഉറക്കെ പറയുന്നതും കേൾക്കാം. പിന്നാലെ വേദിയിൽ കയറിയവർ ഇയാളെ പിടിച്ച് വേദിയിൽ നിന്ന് ഇറക്കിവിടുന്നതും കാണാം.
ഇതിനിടെ 'ഈ നാട്ടുകാരനല്ല ഇതെന്നും ഈ നാട്ടുകാരനാണെങ്കിൽ പോലും കൊടുക്കെന്നും' ആളുകൾ പറയുന്നത് കേൾക്കാം. പിന്നാലെ ഇയാളെ ആളുകൾ പ്രദേശത്ത് നിന്ന് മാറ്റുന്നതും കാണാം. ശേഷം പള്ളിയിലെ അച്ചന്റെ ആവശ്യപ്രകാരം വീണ്ടും പള്ളിക്കെട്ട് ഗായകൻ പാടി. രണ്ട് പാട്ട് എന്നതിന് പകരം പമ്പാ ഗണപതി അടക്കം അഞ്ച് പാട്ട് പാടാനും അച്ചൻ നിർദേശിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Adjust Story Font
16

