'ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിൽ ഉത്തരവാദി സഭ': യുഹാനോൻ മാർ മിലിത്തിയോസ്
'ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിൽ പ്രധാന പ്രതി ക്രൈസ്തവ സഭ തന്നെയാണ്, അത് കഴിഞ്ഞേ കുടുംബങ്ങളുടെയും ഭർത്താവിന്റെയും വീഴ്ച വരുന്നുള്ളൂ'

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവത്തിൽ ക്രൈസ്തവ സഭയെ വിമര്‍ശിച്ച് ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യുഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത.
ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിൽ പ്രധാന ഉത്തരവാദി ക്രൈസ്തവ സഭ തന്നെയാണന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ പറഞ്ഞു.
'ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിൽ പ്രധാന പ്രതി ക്രൈസ്തവ സഭ തന്നെയാണ്, അത് കഴിഞ്ഞേ കുടുംബങ്ങളുടെയും ഭർത്താവിന്റെയും വീഴ്ച വരുന്നുള്ളൂ'- എന്നാണ് ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചത്.
വൈദീകർ വിശ്വാസികളെ നിരന്തരം(പിരിവിനല്ല) സന്ദർശിച്ച് അവരുടെ സാഹചര്യങ്ങളെ അടുത്തറിഞ്ഞ് വേണ്ട ഇടപെടലുകൾ നടത്തിയാൽ വലിയൊരു പരിധിവരെ കുടുംബപ്രശ്‌നങ്ങളൊഴിവാക്കാൻ സാധിക്കുമെന്നും ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസനാധിപൻ കൂട്ടിച്ചേര്‍ത്തു.
ഇത്തരം സന്ദർശനങ്ങൾക്ക് സന്യാസിമാരെയും ശെമ്മാനിശിമാരെയും വനിതാ പ്രവർത്തകരെയും കൂടി നിയോഗിക്കാമെന്നും ഗൗരവമായ വിഷയങ്ങളിൽ അധികാരികളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ഇടപെടലിന് കളമൊരുക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ക്രൈസ്തവ സഭയ്ക്ക് എന്ത് ചെയ്യാനാകുമെന്ന വിശ്വാസിയുടെ ചോദ്യത്തിന് അതേ ഫേസ്ബുക്ക് പോസ്റ്റിൽ തന്നെ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഫെബ്രുവരി 28നാണ് ഷൈനിയുടെയും മക്കളായ അലീന, ഇവാന എന്നിവരുടെ മൃതദേഹം കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ കണ്ടത്. ആദ്യം ഇതര സംസ്ഥാന തൊഴിലാളികൾ എന്ന് സംശയിച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ഹോൺ അടിച്ചിട്ടും മാറിയില്ലെന്നും മൂന്ന് പേരും കെട്ടിപ്പിടിച്ച് ട്രാക്കിൽ ഇരിക്കുകയായിരുന്നുവെന്നും ലോക്കോ പൈലറ്റ് പറഞ്ഞിരുന്നു.
ഷൈനിയുടെ മക്കളുടെയും മരണത്തില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ ഒരു ബന്ധുവായ വൈദികനും നേരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. മള്ളൂശ്ശേരി സെയ്ന്റ് തോമസ് ക്‌നാനായ പള്ളിയിലാണ് വിശ്വാസികള്‍ പ്രതിഷേധം ഉയര്‍ത്തിയത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.
Adjust Story Font
16

