Quantcast

അടിയായി ആഹ്ലാദ പ്രകടനം; പലയിടത്തും സംഘർഷം, മർദനം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കാസർകോട് ബേഡകത്ത് ആഹ്ലാദപ്രകടനത്തിനിടയിൽ കോൺ​ഗ്രസ് പ്രവർത്തകർക്ക് സിപിഎം പ്രവർത്തകരുടെ മർദനമേറ്റു.

MediaOne Logo

Web Desk

  • Published:

    13 Dec 2025 11:17 PM IST

Clashes at many places during victory celebrations one person dies many injured |
X

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ സംസ്ഥാനത്ത് പലയിടത്തും സംഘർഷം. ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കോട്ടയം പള്ളിക്കത്തോട്ടിൽ കോൺഗ്രസ്- കേരള കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷത്തിനിടെ കുഴഞ്ഞുവീണ കേരള കോൺഗ്രസ് എം പ്രവർത്തകൻ സിബി മരിച്ചു.

കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഎം ആക്രമണത്തിൽ രണ്ട് സ്ഥാനാർഥികൾക്ക് പരിക്കേറ്റു. വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി സുനിൽ തേനംമാക്കൽ, യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സുറുമി എന്നിവരക്കമുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് കക്കോടിയിൽ വിജയിച്ച വെല്‍ഫെയർ പാർട്ടി സ്ഥാനാർഥിയുടെ ഭർത്താവിനെയും മകനേയും സിപിഎം പ്രവർത്തകർ മർദിച്ചു. കക്കോടി പഞ്ചായത്ത് 19-ാം വാർഡിൽ വിജയിച്ച സുബൈദ കക്കോടിയുടെ കുടുംബത്തെയാണ് സിപിഎം പ്രവർത്തകർ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാസർകോട് ബേഡകത്ത് ആഹ്ലാദപ്രകടനത്തിനിടയിൽ കോൺ​ഗ്രസ് പ്രവർത്തകർക്ക് സിപിഎം പ്രവർത്തകരുടെ മർദനമേറ്റു. തടയാൻ ശ്രമിച്ച പൊലീസുകാർക്കും പരിക്കേറ്റു.

കാസർകോട് മംഗൽപാടിയിൽ എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു. മംഗൽപാടി പഞ്ചായത്തിലെ പച്ചിലംപാറയിലും ഷിറിയയിലുമാണ് സംഘർഷം ഉണ്ടായത്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഷറഫ് പച്ചിലംപാറയുടെ വീട് ആക്രമിച്ച് തകർത്തെന്നും പരാതിയുണ്ട്.

കല്ലേറിൽ കാലിന് പരിക്കേറ്റ അഷറഫിനെയും ഭാര്യയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഹ്ലാദ പ്രകടനത്തിന് നേരെ കല്ലെറിഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് യുഡിഎഫ് പ്രവർത്തകർ പറയുന്നത്.

കോഴിക്കോട് കടലുണ്ടിയിൽ സിപിഎം- ബിജെപി സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. കോഴിക്കോട് ഏറാമല പഞ്ചായത്തില്‍ ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ അക്രമണമുണ്ടായി. മലപ്പുറം പൊന്നാനിയിൽ എൽഡിഎഫിനെതിരെ യുഡിഎഫ് അട്ടിമറി വിജയം നേടിയ മുക്കാടിയിൽ പടക്കമെറിഞ്ഞതിനെ തുടർന്ന് വീടിന് തീപിടിച്ചു.

കണ്ണൂർ കൂടാളിയിൽ യുഡിഎഫ് പ്രകടനത്തിനിടെ പടക്കം പൊട്ടി 13കാരിക്ക് പരിക്കേറ്റു. ‌കോഴിക്കോട് കക്കോടിയിൽ വെൽഫെയർ പാർട്ടി പ്രവർത്തകർക്ക് നേരെ കല്ലേറുണ്ടായി. ഇടുക്കി ഇടവെട്ടിയിൽ സിപിഎം ലോക്കൽ കമ്മിറ്റി മെമ്പറുടെ വീടിനു നേരെയും അക്രമണമുണ്ടായി.

TAGS :

Next Story