Quantcast

"വിരട്ടാൻ നോക്കണ്ട... ഏത് വേഷത്തിൽ വന്നാലും നടക്കില്ല"; വിഴിഞ്ഞം പദ്ധതി നിർത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി

സമരത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    1 Dec 2022 1:21 PM GMT

വിരട്ടാൻ നോക്കണ്ട... ഏത് വേഷത്തിൽ വന്നാലും നടക്കില്ല; വിഴിഞ്ഞം പദ്ധതി നിർത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവെക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രക്ഷോഭങ്ങളുടെ പേരിൽ പദ്ധതികളിൽ നിന്ന് സർക്കാർ മുഖംതിരിക്കില്ല. പദ്ധതി ഉപേക്ഷിച്ചാൽ നാടിന്റെ വിശ്വാസ്യത തകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമരക്കാരുടെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതാണ്.മറ്റൊന്നും സർക്കാരിന് ഇക്കാര്യത്തിൽ ചെയ്യാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമരത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. 'വ്യക്തമായ ഗൂഢോദ്ദേശ്യത്തോടെ നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നാടിന്റെ മുന്നോട്ടുപോക്കിനെതിരെയുള്ള സമരമാണിത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കാല് തല്ലിയൊടിച്ചു. ഒരു പ്രത്യേക വിഭാഗം ആളുകളെ ഇതിനുവേണ്ടി ഒരുമിച്ച് കൂട്ടി. എന്തിനുവേണ്ടിയാണ് ഇതെന്ന് നാം ചിന്തിക്കണം.'; മുഖ്യമന്ത്രി പറഞ്ഞു.

ഒന്നുകൊണ്ടും സർക്കാരിനെ വിരട്ടിക്കളയാമെന്ന് വിചാരിക്കേണ്ട. പദ്ധതിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഏത് വേഷത്തിൽ വന്നാലും പദ്ധതിക്കെതിരായ ഒരു നീക്കവും നടക്കില്ലെന്നും മുഖ്യമന്ത്രി താക്കീത് നൽകി.

വിഴിഞ്ഞം ആക്രമണത്തിൽ വൈദികർക്കും പങ്കുണ്ടെന്ന് ഹൈക്കോടതിയിൽ പൊലീസ് സത്യവാങ്മൂലം നൽകിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഹൈക്കോടതിയിൽ നൽകിയ ഉറപ്പുകൾ സമരക്കാർ ലംഘിച്ചുവെന്നും പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങൾ വൈദികരുടെ നേതൃത്വത്തിൽ തടഞ്ഞുവെന്നും പൊലീസ് സത്യവാങ്മൂലത്തിൽ പറഞ്ഞു. വൈദികർ പള്ളി മണിയടിച്ച് കൂടുതൽ ആളുകളെ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചുവെന്നും തുടർന്ന് സ്ത്രീകളും കുട്ടികളും മുതിർന്നവരുമടക്കം രണ്ടായിരത്തോളം പേർ സംഭവസ്ഥലത്ത് എത്തിയെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളിൽ 54 പൊലീസുകാർക്കാണ് പരിക്കേറ്റത്. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് മുൻപ് സമീപത്തെ കടകളിലെ സി.സി.ടി.വി കാമറകൾ നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ബൈക്കുകളിലെത്തിയാണ് കാമറകൾ തകർത്തതെന്നാണ് പൊലീസ് പറയുന്നത്. കമ്പിവടികളും കല്ലും ഉപയോഗിച്ച് പൊലീസ് സ്റ്റേഷൻ അക്രമിച്ചത്. അഞ്ച് വാഹനങ്ങൾ തകർത്തു. മാരകായുധങ്ങളുമായി ഡ്യൂട്ടിയിലുള്ള പൊലീസുകാരെ ആക്രമിച്ചു. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ പ്രതികളുടെ അറസ്റ്റിലേക്ക് പൊലീസ് കടക്കാനൊരുങ്ങുന്നതായി വിവരമുണ്ടായിരുന്നു. ആക്രമണത്തിൽ പങ്കെടുത്തവരുടെ പട്ടിക തയ്യാറാക്കി അറസ്റ്റ് ചെയ്യാനാണ് നീക്കം.

TAGS :

Next Story