'ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്‌വൽക്കരിക്കാനാണ് മോദി ശ്രമിക്കുന്നത്'; പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം ചരിത്ര നിഷേധമെന്ന് മുഖ്യമന്ത്രി
'സ്വാതന്ത്ര്യ ദിനത്തെ പ്രധാനമന്ത്രി അവഹേളിച്ചു'

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിനും വി.ഡി സവർക്കർക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാർത്തി കൊടുക്കുന്നത് ചരിത്രനിഷേധമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവൽക്കരിക്കാനാണ് മോദി ശ്രമിക്കുന്നത്. ഇതിന് സ്വാതന്ത്ര്യ ദിനത്തെ തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യ സമരത്തെ അപമാനിക്കാനാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ അപഹാസ്യ നടപടികൾ കൊണ്ടൊന്നും ആർഎസ്എസിനെപ്പോലെ വിഭജന രാഷ്ട്രീയത്തിന്റെ വിഷലിപ്തമായ ചരിത്രമുള്ള വർഗ്ഗീയ സംഘടനയെ വെള്ളപൂശാനാവില്ല. ഇന്ത്യൻ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തെ ആർഎസ്എസിനെ മഹത്വപ്പെടുത്താൻ ഉപയോഗിച്ചത് ആ ദിനത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണ്. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിനാശംസാ കാർഡിൽ മഹാത്മാ ഗാന്ധിക്ക് മുകളിൽ വി.ഡി സവർക്കറെ പ്രതിഷ്ഠിച്ചത് കൂട്ടി വായിക്കുമ്പോൾ വിപുലമായ ഗൂഢാലോചനയുടെ ഭാഗമാണ് ഇതൊക്കെ എന്നാണ് തെളിയിയുന്നത്. സ്വാതന്ത്ര്യസമര ചരിത്രത്തെ ഭയപ്പെടുന്നവരുടെ വെപ്രാളമാണ് പ്രകടമാകുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Adjust Story Font
16

