സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; നിയമത്തിൻ്റെ കണ്ണില്‍
ന്യായമായും ഉയരേണ്ട ചില അടിസ്ഥാന ചോദ്യങ്ങൾ

സിഎംആർഎല്‍-എക്സാലോജിക് വിഷയത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന തുടർ അന്വേഷണം ഒരു കമ്പനിയെയോ ഒരു ഇടപാടിനെയോ ഒരു രാഷ്ട്രീയ കുടുംബത്തെയോ മാത്രം സംബന്ധിക്കുന്ന വിഷയമല്ല. ഭരണകൂടത്തിന്റെ അന്വേഷണ അധികാരം എങ്ങനെ വിനിയോഗിക്കണം, അന്വേഷണ ഏജൻസികൾ എത്രത്തോളം നീതിപൂർവവും അനുപാതികവുമായി പ്രവർത്തിക്കണം, ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കണം, അന്വേഷണത്തിൽ തിരഞ്ഞെടുക്കപ്പെട്ട സമീപനം ഉണ്ടാകുന്നുണ്ടോ, ഏറ്റവും പ്രധാനമായി നിയമവാഴ്ച എങ്ങനെ സംരക്ഷിക്കണം എന്നതുമായി ബന്ധപ്പെട്ട പൊതുപ്രശ്നമാണിത്.
ഒരു കാര്യം ആദ്യം തന്നെ വ്യക്തമാക്കേണ്ടതുണ്ട്. പിണറായി വിജയനോടും മുഹമ്മദ് റിയാസിനോടും എനിക്ക് ഗുരുതരമായ രാഷ്ട്രീയ വിമർശനങ്ങൾ ഉണ്ട്. അവരുടെ പല രാഷ്ട്രീയ നിലപാടുകളോടും നയങ്ങളോടും എനിക്ക് യോജിപ്പില്ല. രാഷ്ട്രീയ നേതാക്കളെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കണം എന്ന അഭിപ്രായവും എനിക്കില്ല. അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉണ്ടെങ്കിൽ അവ അന്വേഷിക്കപ്പെടണം. കുറ്റം തെളിയുകയാണെങ്കിൽ നിയമപ്രകാരം നടപടി ഉണ്ടാകുകയും വേണം.
എന്നാൽ അതേ നിയമതത്വം അന്വേഷണ ഏജൻസികൾക്കും ബാധകമാണ്. അന്വേഷണം നടത്തുന്ന ഏജൻസിയും നിയമത്തിന് വിധേയമാണ്. വലിയ അധികാരങ്ങൾ കൈവശമുള്ള ഒരു ഏജൻസി ആ അധികാരങ്ങൾ എങ്ങനെ വിനിയോഗിക്കുന്നു എന്നത് പൊതുസമൂഹത്തിന്റെ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്.
എഫ്ഐആർ ഇല്ലാത്ത അന്വേഷണം
സിഎംആർഎല്‍-എക്സാലോജിക് കേസിൽ 2026 ജൂൺ 5ന് കേരള ഹൈക്കോടതി നൽകിയ വിധി ഈ വിഷയത്തിൽ പ്രധാനപ്പെട്ടതാണ്. ഒരു Scheduled Offence സംബന്ധിച്ച് മുൻകൂട്ടി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന കാര്യം മാത്രം കൊണ്ട് ഇഡിക്ക് PMLAയുടെ പരിധിയിൽ അന്വേഷണം നടത്താൻ കഴിയില്ലെന്ന് പറയാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അതിനാൽ എഫ്ഐആർ ഇല്ലാതെ നടക്കുന്ന എല്ലാ ഇഡി നടപടികളും നിയമവിരുദ്ധമാണെന്ന് ഇപ്പോൾ സാങ്കേതികമായി പറയാനാവില്ല. പക്ഷേ അന്വേഷണ ഏജൻസിക്ക് ലഭിക്കുന്ന ഈ അമിതാധികാരം വലിയ അപകടങ്ങൾ ഉണ്ടാക്കാനിടയുണ്ട്.
ഒരു പ്രധാന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു. ഈ കേസിലെ യഥാർത്ഥ Predicate Offence എന്താണ്? അതിന് നിയമപരമായി എന്താണ് അടിസ്ഥാനം? എന്താണ് alleged Proceeds of Crime? Money Trail എന്താണ്? ഏത് objective material-ന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക വ്യക്തികളെയും ഇടപാടുകളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്?. അന്വേഷണം നടത്താനുള്ള അധികാരം ഉണ്ടായിരിക്കാം. എന്നാൽ ആ അന്വേഷണത്തിന് നിയമപരമായ അടിത്തറയും വ്യക്തമായ വസ്തുതാപരമായ കാരണവും ഉണ്ടായിരിക്കണം.
NewsClick കേസിലെ വിധിയും ഇവിടെ പ്രസക്തമാണ്. 2026 മേയ് 29-ന് ഡൽഹി ഹൈക്കോടതി NewsClick കേസിലെ അടിസ്ഥാന എഫ്ഐആർ തന്നെ റദ്ദാക്കി. ആരോപിക്കപ്പെട്ട കുറ്റങ്ങളുടെ ആവശ്യമായ ഘടകങ്ങൾ നിലനിൽക്കുന്നില്ലെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട ഇഡി നടപടികൾക്കും തുടർ നിയമപരമായ അടിത്തറ ഇല്ലാതായതായി കോടതി വ്യക്തമാക്കി.
ഇതിന്റെ അർത്ഥം എല്ലാ ഇഡി അന്വേഷണത്തിനും മുൻപ് എഫ്ഐആർ നിർബന്ധമാണ് എന്നല്ല. എന്നാൽ ഒരു വ്യക്തിക്കെതിരെ തുടർച്ചയായും കടുത്തതുമായ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ നിയമപരമായി നിലനിൽക്കുന്ന ഒരു അടിസ്ഥാനമുണ്ടാകണം എന്ന തത്വം കൂടുതൽ ഉന്നയിക്കേണ്ട സന്ദർഭം ആണിത്. എഫ്ഐആർ പോലും ഇല്ലാതെ, അന്വേഷണ ഘട്ടത്തിൽ കോടതി ഇടപെടലുകൾ പോലും അസാധ്യമാകുന്ന തരത്തിൽ വർഷങ്ങളോളം ഇഡി നടത്തുന്ന അന്വേഷങ്ങൾ സൃഷ്ടിക്കുന്ന അപകടങ്ങളെ ഇത്ര ലാഘവത്തോടെയാണോ നമ്മൾ കാണേണ്ടത് ? .
ആദ്യം ലക്ഷ്യം, പിന്നീട് അന്വേഷണം എന്ന രീതി അപകടകരം
ഈ വിഷയത്തിൽ കൂടുതൽ ആശങ്കയുണ്ടാക്കുന്നത് രൂപപ്പെട്ടു വരുന്ന മറ്റൊരു പൊതുപ്രവണതയാണ്. ആദ്യം ഒരു വ്യക്തിയെ ലക്ഷ്യമിടുകയും പിന്നീട് ആ വ്യക്തിയെയും അദ്ദേഹവുമായി ബന്ധപ്പെട്ട ഇടപാടുകളെയും ചുറ്റിപ്പറ്റി അന്വേഷണം നിർമ്മിക്കുകയും ചെയ്യുന്ന രീതി ഇവിടെ നോർമൽ ആവുകയാണ്. ഈ പ്രവണത നിയമവാഴ്ചയ്ക്ക് ഗുരുതരമായ വെല്ലുവിളിയായിരിക്കും.
നിയമവാഴ്ചയുടെ സാധാരണ ക്രമം ആദ്യം കുറ്റകൃത്യം സംബന്ധിച്ച് ലഭിക്കുന്ന വിവരം, ആരോപണം, കുറ്റം തിരിച്ചറിയൽ, അന്വേഷണം, തെളിവുശേഖരണം, തുടർന്ന് പ്രോസിക്യൂഷൻ എന്നതാണ്. അതിന് പകരം ഒരാളെ ആദ്യം ലക്ഷ്യമിട്ട്, പിന്നീട് Search, Summons, Questioning, Media publicity എന്നിവയ്ക്ക് ശേഷം കുറ്റം കണ്ടെത്താനുള്ള ശ്രമം നടക്കുന്ന സാഹചര്യം ഉണ്ടാകരുത്. അന്വേഷണ ഏജൻസി ആദ്യം “ആരെയാണ് അന്വേഷിക്കേണ്ടത്” എന്ന് തീരുമാനിച്ച് പിന്നീട് “എന്ത് കുറ്റം കണ്ടെത്താം” എന്ന് നോക്കുന്ന രീതി ഒരു തെളിവ് അധിഷ്ഠിത അന്വേഷണ സംവിധാനത്തോട് പൊരുത്തപ്പെടുന്നില്ല.
അന്വേഷണം തന്നെ ശിക്ഷയായി മാറരുത്
PMLA പോലുള്ള നിയമങ്ങൾ അന്വേഷണ ഏജൻസികൾക്ക് വലിയ അധികാരങ്ങൾ നൽകുന്നുണ്ട്. Search, Summons, Seizure, Attachment, Questioning തുടങ്ങിയ നടപടികൾ ഒരു വ്യക്തിയുടെ സ്വകാര്യജീവിതത്തെയും പൊതു ജീവിതത്തെയും അഭിമാനത്തെയും വ്യാപാരത്തെയും സാമ്പത്തിക ഇടപാടുകളെയും എല്ലാം ഗൗരവമായി ബാധിക്കും. അതിനാൽ അന്വേഷണം തന്നെ ശിക്ഷയായി മാറുന്ന സാഹചര്യം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഒരു വ്യക്തി കുറ്റക്കാരനാണെന്ന് കോടതി തീരുമാനിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ അഭിമാനവും ബിസിനസും സ്വത്തും സാമ്പത്തിക നിലയും തകർന്നുപോകുന്ന സാഹചര്യം ഒരു ജനാധിപത്യ നിയമവ്യവസ്ഥയ്ക്ക് ആശങ്കയുണ്ടാക്കേണ്ടതാണ്.
സിഎംആർഎല്‍-എക്സാലോജിക് കേസിലെ തുകയും അന്വേഷണത്തിൻ്റെ ആനുപാതികതയും
സിഎംആർഎല്‍-എക്സാലോജിക് വിഷയത്തിൽ പൊതുമേഖലയിൽ വന്ന ആരോപണങ്ങളിൽ ഏകദേശം ₹1.72 കോടി മുതൽ ₹2.78 കോടി വരെ വ്യത്യസ്ത കണക്കുകൾ ഉയർന്നിട്ടുണ്ട്. തുക കുറഞ്ഞതാണെന്ന പേരിൽ ഒരു കുറ്റകൃത്യം അന്വേഷിക്കേണ്ടതില്ലെന്ന് ആരും പറയുന്നില്ല. ഒരു രൂപയുടെ ഇടപാടും കുറ്റത്തിന്റെ ഭാഗമായാൽ അത് അന്വേഷിക്കാം. എന്നാൽ ചോദ്യം തുകയെക്കുറിച്ച് മാത്രം അല്ല. അന്വേഷണത്തിന്റെ ആനുപാതികതയെക്കുറിച്ചുമാണ്.
ഒരു പ്രത്യേക കേസിന് ഇത്രയും വലിയ സ്ഥാപനപരമായ ശ്രദ്ധയും അന്വേഷണ തീവ്രതയും ലഭിക്കുന്നത് എന്തുകൊണ്ടാണ്? സമാനമായ സാമ്പത്തിക ആരോപണങ്ങളുള്ള മറ്റു കേസുകളിൽ ഇതേ തോതിലുള്ള അടിയന്തരതയും ശ്രദ്ധയും ഉണ്ടോ? കൊടകര ഹവാല കേസ് ഇതിന്റെ പശ്ചാത്തലത്തിൽ ഓർക്കാവുന്നതാണ്. കോടികളുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആ കേസ് കേരളത്തിലെ വലിയ രാഷ്ട്രീയ വിവാദമായിരുന്നു. പൊലീസ് അന്വേഷണത്തിന്റെയും ഇഡിയുടെ സമീപനത്തിന്റെയും ഇടയിൽ പിന്നീട് വ്യത്യാസങ്ങളും ഉണ്ടായി. ആ കേസിൽ എഫ്ഐആറും തെളിവുകളും എല്ലാം ഉണ്ടായിരുന്നു എന്ന് ഓർക്കണം. ഇത്തരം കേസുകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഒരു സാധാരണ പൗരന് ചോദിക്കാവുന്ന ചോദ്യം വളരെ ലളിതമാണ്: എല്ലാ രാഷ്ട്രീയമായി പ്രാധാന്യമുള്ള സാമ്പത്തിക കേസുകളിലും ഒരേ മാനദണ്ഡമാണോ പ്രയോഗിക്കുന്നത്?. ഈ ചോദ്യം ചോദിക്കുന്നത് ആരെയും സംരക്ഷിക്കാനല്ല. അന്വേഷണത്തിലെ വിവേചനപരമായ സെലക്ടിവിറ്റിയെ കുറിച്ച് ഉയരുന്ന വളരെ ജനാധിപത്യപരമായ ചോദ്യമാണിത്.
ഇഡിയുടെ Conviction Rate മാത്രം നോക്കുന്നത് മതിയോ?
ഇഡിയുടെ 93.33 ശതമാനം Conviction Rate പലപ്പോഴും വലിയ നേട്ടമായി അവതരിപ്പിക്കപ്പെടുന്നു. എന്നാൽ അതിന്റെ പശ്ചാത്തലവും മനസ്സിലാക്കേണ്ടതുണ്ട്. ഇഡിയുടെ 2026 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം 8,851 ECIRകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2,396 Prosecution Complaints സമർപ്പിച്ചിട്ടുണ്ട്. Charges Frame ചെയ്ത കേസുകൾ 466 ആണ്. എന്നാൽ അന്തിമ വിചാരണ പൂർത്തിയായ PMLA കേസുകൾ 60 മാത്രമാണ്. അതിൽ 56 കേസുകളിൽ പ്രതികളെ ശിക്ഷിക്കുകയും നാല് കേസുകളിൽ വെറുതെ വിടുകയും ചെയ്തു. അതിനാൽ 93.33 ശതമാനം എന്നത് അന്തിമ വിചാരണ പൂർത്തിയായ 60 കേസുകളിൽ നിന്നുള്ള കണക്കാണ്. അത് 8,851 ECIRകളുടെ Conviction Rate അല്ല. 2,396 Prosecution Complaints-ന്റെ Conviction Rate-ഉം അല്ല.
കൂടുതൽ പ്രസക്തമായ ചോദ്യങ്ങൾ വേറെയാണ്
ആയിരക്കണക്കിന് കേസുകളിൽ എത്രയാണ് വർഷങ്ങളായി കെട്ടിക്കിടക്കുന്നത്? എത്ര അന്വേഷണങ്ങൾ അവസാനിപ്പിക്കപ്പെട്ടു? എത്ര കേസുകൾ പ്രോസിക്യൂഷനിലേക്ക് പോലും എത്തിയില്ല? എത്ര ആളുകൾ ദീർഘകാലം അന്വേഷണത്തിന് വിധേയരായി? എത്ര സ്വത്തുക്കൾ വർഷങ്ങളോളം ജപ്തിയിൽ തുടരുന്നു? എത്ര സ്ഥാപനങ്ങൾ അന്വേഷണത്തിന്റെ പേരിൽ സാമ്പത്തികമായി ബാധിക്കപ്പെട്ടു? ഒരു കേസിന്റെ അന്തിമ വിജയം മാത്രമല്ല ഒരു അന്വേഷണ ഏജൻസിയുടെ പ്രവർത്തനം വിലയിരുത്താനുള്ള മാനദണ്ഡം. അന്വേഷണത്തിന്റെ ദൈർഘ്യം, അതിന്റെ നിയമപരമായ ഗുണമേന്മ, അതിന്റെ ഫലപ്രാപ്തി, ഒടുവിൽ ലഭിക്കുന്ന നീതിയും അതിന്റെ ഭാഗമാണ്.
ദീർഘകാലം കെട്ടികിടക്കുന്ന കേസുകളും അവസാനമില്ലാത്ത അന്വേഷണങ്ങളും
ഒരു ശക്തമായ അന്വേഷണ ഏജൻസിക്ക് അന്വേഷണം നടത്താനുള്ള അധികാരത്തോടൊപ്പം അന്വേഷണം ഒരു യുക്തിസഹമായ സമയത്തിനുള്ളിൽ അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്വവും ഉണ്ടായിരിക്കണം.ഒരു വ്യക്തിയെ അഞ്ച് വർഷം, ഏഴ് വർഷം, പത്ത് വർഷം വരെ “Investigation Pending” എന്ന നിലയിൽ നിർത്തുന്നത് ആരോഗ്യകരമായ ഒരു നിയമവ്യവസ്ഥയുടെ ലക്ഷണമല്ല. വിചാരണ ആരംഭിക്കാതെ തന്നെ ഒരു വ്യക്തിയെയോ ഒരു സ്ഥാപനത്തെയോ വർഷങ്ങളോളം അനിശ്ചിതത്വത്തിൽ നിർത്തുന്നത് നിയമവാഴ്ചയുടെ ആത്മാവിനോട് പൊരുത്തപ്പെടുന്നില്ല. Investigation ഒരു indefinite process ആകരുത്. കുറ്റം തെളിയിക്കുന്നതിന് മതിയായ തെളിവുണ്ടെങ്കിൽ നിയമനടപടി മുന്നോട്ട് പോകണം. തെളിവില്ലെങ്കിൽ അന്വേഷണം അവസാനിപ്പിക്കണം. അന്വേഷിക്കുക, പ്രോസിക്യൂട്ട് ചെയ്യുക, അല്ലെങ്കിൽ കേസ് അവസാനിപ്പിക്കുക എന്നതാണ് ജനാധിപത്യ അന്വേഷണ സംവിധാനത്തിന്റെ അടിസ്ഥാന ശൈലി.
ഔദ്യോഗിക ECIRന് മുമ്പുള്ള അന്വേഷണങ്ങളും ഒരു ചോദ്യമാണ്
സിഎംആർഎല്‍ കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ FIR ഇല്ലാതെയും EDക്ക് ചില സാഹചര്യങ്ങളിൽ inquiry നടത്താൻ കഴിയുമെന്ന നിയമവ്യാഖ്യാനം കൂടുതൽ പ്രാധാന്യം നേടുന്നു. അപ്പോൾ മറ്റൊരു ചോദ്യമുണ്ട്. ഔദ്യോഗിക ECIR കണക്കുകൾക്ക് പുറത്തുള്ള Preliminary Inquiry-കൾ എത്രയാണ്? എത്ര ഇടപാടുകൾ പരിശോധിക്കപ്പെടുന്നു? എത്ര ആളുകളിൽ നിന്ന് രേഖകൾ ആവശ്യപ്പെടുന്നു? എത്ര Preliminary Inquiryകൾ പിന്നീട് ECIRകളായി മാറുന്നു? എത്ര എണ്ണം യാതൊരു Prosecution-ലേക്കും പോകാതെ അവസാനിപ്പിക്കപ്പെടുന്നു?. ഒരു അന്വേഷണ ഏജൻസിക്ക് Inquiry നടത്താനുള്ള അധികാരം ഉണ്ടെങ്കിൽ, അതിന്റെ ദൈർഘ്യത്തിലും നടപടിക്രമത്തിലും ഒരു സ്ഥാപനപരമായ ഉത്തരവാദിത്വം ഉണ്ടായിരിക്കണം. “Inquiry” എന്ന പേരിൽ ഒരാളെ അനിശ്ചിതകാലം അന്വേഷണത്തിന്റെ കീഴിൽ നിർത്തുന്നത് സ്വീകാര്യമായ ഭരണരീതിയാകരുത്.
അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളിൽ എത്തുന്നതെങ്ങനെ?
മറ്റൊരു ഗൗരവമായ പ്രശ്നം മാധ്യമങ്ങളിൽ പുറത്തുവരുന്ന അന്വേഷണ വിവരങ്ങളാണ്. പി.എ മുഹമ്മദ് റിയാസിനെ ED ഔദ്യോഗിക നോട്ടീസ് നൽകാതെ ഫോൺ മുഖേന ബന്ധപ്പെട്ടതായി ചില മാധ്യമ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. അത് ശരിയാണെങ്കിൽ വളരെ അടിസ്ഥാനപരമായ ഒരു നിയമചോദ്യം ഉയരുന്നു. ഏത് നിയമവകുപ്പ് പ്രകാരമാണ് ED ഔദ്യോഗിക നോട്ടീസ് നൽകാതെ ഒരു വ്യക്തിയെ ഫോൺ മുഖേന വിളിക്കുന്നത്?.
ഇവിടെ മാധ്യമങ്ങളോടും ഒരു ചോദ്യം ചോദിക്കേണ്ടതുണ്ട്. “ED വിളിച്ചു” എന്ന വിവരം റിപ്പോർട്ട് ചെയ്യുമ്പോൾ ഒരു Journalist ആദ്യം ചോദിക്കേണ്ടത് Written Notice നൽകിയോ, ഏത് വകുപ്പിന്റെ അടിസ്ഥാനത്തിലാണ്, എന്താണ് ആവശ്യപ്പെട്ടത് എന്നൊക്കെയാണ്. അന്വേഷണ ഏജൻസിയുടെ വേർഷൻ മാത്രം വാർത്തയാക്കുന്നത് മാധ്യമങ്ങളുടെ ദൗത്യം അല്ല. ഭരണകൂടത്തോടും അന്വേഷണ ഏജൻസിയോടും ചോദ്യങ്ങൾ ചോദിക്കുകയാണ് പത്രപ്രവർത്തനത്തിന്റെ ഉത്തരവാദിത്വം.
ഇഡി ഒരു രാഷ്ട്രീയ ഉപകരണമായി മാറിയെന്ന പൊതുധാരണ
ഇഡിയെക്കുറിച്ച് ഇന്ത്യയിൽ ഒരു ശക്തമായ രാഷ്ട്രീയ ധാരണ രൂപപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിലെ ഭരണകക്ഷിയുടെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഏജൻസി തിരഞ്ഞെടുക്കപ്പെട്ട രീതിയിൽ ഉപയോഗിക്കപ്പെടുന്നു എന്ന ആരോപണം പലതവണ ഉയർന്നിട്ടുണ്ട്.
എല്ലാ ഇഡി അന്വേഷണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുന്നത് ശരിയല്ല. എന്നാൽ ഒരു സ്ഥാപനത്തെക്കുറിച്ച് തുടർച്ചയായി അത്തരമൊരു പൊതുധാരണ ഉണ്ടാകുന്നത് തന്നെ ഗൗരവമായ പ്രശ്നമാണ്. ഒരു സ്വതന്ത്ര അന്വേഷണ ഏജൻസി സ്വതന്ത്രമായിരിക്കണം. അതിനൊപ്പം പൊതുസമൂഹത്തിന് അതിന്റെ പ്രവർത്തനം സ്വതന്ത്രവും നിഷ്പക്ഷവുമാണെന്ന് വിശ്വസിക്കാനും കഴിയണം.
ഇവിടെ പ്രസക്തമാകുന്ന ഒരു ഉദാഹരണം പറയാം. 2018ൽ തമിഴ്നാട്ടിലെ ബുഖാരി ഗ്രൂപ്പിന്റെ ഉടമസ്ഥൻ അഹമ്മദ് ബുഹാരിയ്ക്കെതിരെ അദ്ദേഹത്തിന്റെ Coastal Energen എന്ന കോൾ മൈനിങ് സ്ഥാപനത്തിലെ ക്രമക്കേട് ആരോപിച്ച് സിബിഐ കേസ് എടുക്കുന്നു. 2022 ൽ ഇഡി അദ്ദേഹത്തിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയും, ദീർഘകാല ED നടപടികൾക്കും, 32 മാസത്തെ കസ്റ്റഡിക്കും ഇടയിൽ അദ്ദേഹത്തിന്റെ സ്ഥാപനം ഇൻസോൾവൻസി നടപടികളിലേക്ക് കടക്കുകയും പൊടുന്നനെ അദാനി ഗ്രൂപ്പ് ആ സ്ഥാപനം ഏറ്റടുകയും പിന്നീട് ഇഡി കേസിൽ ഒരു അടിസ്ഥാനവുമില്ല എന്ന കണ്ടത്തലോടെ അദ്ദേഹത്തിന് എതിരായ നടപടികൾ 2026 ൽ കോടതി അവസാനിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. PMLA നടപടികളിൽ കോടതിയുടെ ഇടപെടൽ, എന്നാൽ ദീർഘകാല അന്വേഷണത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു.
കേരളത്തിലെ പല വ്യാപാരികളും വ്യവസായികളും കേന്ദ്ര അന്വേഷണ ഏജൻസികളെക്കുറിച്ച് സ്വകാര്യമായി ആശങ്കകൾ പ്രകടിപ്പിക്കുന്നതായി കേൾക്കാം. പക്ഷേ ഒരു ബിസിനസുകാരന് അതിനെക്കുറിച്ച് തുറന്ന് സംസാരിക്കുന്നത് എളുപ്പമല്ല. ബാങ്ക് അക്കൗണ്ടുകൾ, സാമ്പത്തിക ഇടപാടുകൾ, സ്ഥാപനത്തിന്റെ പ്രവർത്തനം, ജീവനക്കാർ, ഭാവിയിലെ ബിസിനസ് സാധ്യതകൾ തുടങ്ങിയവയെല്ലാം അന്വേഷണത്തിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ പ്രത്യാഘാതം നേരിടാം. കോടതി കുറ്റം തെളിയിക്കുന്നതിന് മുമ്പ് തന്നെ ഒരു അന്വേഷണം ഒരു സ്ഥാപനത്തിന്റെ ബിസിനസ് നിലനിൽപ്പിനെ ബാധിച്ചാൽ അതിന്റെ ഉത്തരവാദിത്വം ആർക്കാണ് എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്.
തിരുവനന്തപുരത്തെ ആക്രമണവും അന്വേഷണ ഏജൻസിയുടെ അധികാര ദുരുപയോഗവും
തിരുവനന്തപുരത്ത് ED ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണത്തെയും തടസ്സപ്പെടുത്തലിനെയും അപലപിക്കുന്നു. ഒരു രാഷ്ട്രീയ പ്രതിഷേധത്തിനും പൊതു ഉദ്യോഗസ്ഥർക്കെതിരെ അക്രമത്തിന് ന്യായീകരണം നൽകാനാവില്ല. അതുപോലെ തന്നെ അന്വേഷണ ഏജൻസിയുടെ അധികാര ദുരുപയോഗം ഉണ്ടെങ്കിൽ അതിനെയും വിമർശിക്കണം. ശാരീരിക അക്രമം തെറ്റാണ്. സ്ഥാപനപരമായ അധികാര ദുരുപയോഗവും തെറ്റാണ്. ED ഉദ്യോഗസ്ഥരുടെ സുരക്ഷയും മാന്യതയും സംരക്ഷിക്കേണ്ടതുണ്ട്. അതോടൊപ്പം അന്വേഷണത്തിന് വിധേയരാകുന്ന വ്യക്തികളുടെ ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കണം. ഈ രണ്ട് നിലപാടുകളും പരസ്പര വിരുദ്ധമല്ല.
അഴിമതി ആരോപണം രാഷ്ട്രീയ ആയുധമാകരുത്
ഇന്ത്യൻ രാഷ്ട്രീയത്തിൽ അഴിമതി ആരോപണങ്ങൾ പലപ്പോഴും രാഷ്ട്രീയ ആയുധമായി മാറിയിട്ടുണ്ട്. ലാലു പ്രസാദ് യാദവ്, അരവിന്ദ് കെജ്രിവാൾ തുടങ്ങിയ നേതാക്കളുടെ കേസുകളിലും ആരോപണങ്ങളുടെ രാഷ്ട്രീയ പ്രതിഫലനം നമ്മൾ കണ്ടിട്ടുണ്ട്. അവർക്കെതിരായ ആരോപണങ്ങൾ ശരിയാണോ തെറ്റാണോ എന്നത് തെളിവുകളുടെയും കോടതിയുടെയും അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ട വിഷയമാണ്. ഒരു രാഷ്ട്രീയ നേതാവാണെന്ന പേരിൽ അന്വേഷണം ഒഴിവാക്കാനാവില്ല. അതുപോലെ ഒരു അഴിമതി ആരോപണം ഉയർന്നുവെന്ന കാരണം മാത്രം കൊണ്ട് ആ വ്യക്തിയുടെ Due Process അവകാശങ്ങൾ ഇല്ലാതാക്കാനും പാടില്ല. വാദത്തിനുവേണ്ടി പിണറായി വിജയനെയും കുടുംബാംഗങ്ങളെയും കുറിച്ചുള്ള പ്രധാന ആരോപണങ്ങൾ എല്ലാം ശരിയാണെന്ന് നമുക്ക് കരുതാം. അങ്ങനെ ആയാലും അധികാര ദുരുപയോഗം അംഗീകരിക്കാനാവുമോ?. തിരഞ്ഞെടുക്കപ്പെട്ട (സെലെക്ടീവ്) അന്വേഷണരീതി അംഗീകരിക്കാനാവുമോ?. അനുപാതമില്ലാത്ത നിർബന്ധിത നടപടികൾ അംഗീകരിക്കാനാവുമോ? മാധ്യമങ്ങളിലേക്ക് അന്വേഷണ വിവരങ്ങൾ ചോരുന്നത് അംഗീകരിക്കാനാവുമോ?. വർഷങ്ങളോളം അന്വേഷണം അവസാനിപ്പിക്കാതെ തുടരുന്നത് അംഗീകരിക്കാനാവുമോ?. ഇല്ല. ആരോപണം ഗുരുതരമാണെങ്കിൽ നിയമാനുസൃതമായ നടപടിക്രമം അതിലും കൂടുതൽ ഗൗരവമായി പാലിക്കേണ്ടതാണ്. അതാണ് ഭരണഘടനാപരമായ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വം.
കേരളം കൂടുതൽ ജാഗ്രത പുലർത്തണം
FIR ഇല്ലാതെയും ED അന്വേഷണം നടത്തുന്നത് കേരളത്തിൽ ഒരു പുതിയ സാധാരണ രീതിയായി മാറാനുള്ള സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ജനാധിപത്യ ജാഗ്രത കൂടുതൽ ശക്തമാകേണ്ടതാണ്. എന്നാൽ നമ്മുടെ കക്ഷിരാഷ്ട്രീയ പക്ഷപാതിത്വങ്ങൾക്ക് അനുസരിച്ച് പലപ്പോഴും നമ്മുടെ ഭരണഘടനാപരമായ നിലപാടുകൾ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് നമ്മൾ പോകുന്നു. നമ്മുടെ രാഷ്ട്രീയ എതിരാളിക്കെതിരെ ED അന്വേഷണം നടത്തുമ്പോൾ അതിനെ സ്വാഗതം ചെയ്യുകയും, നാളെ അതേ അധികാരം നമ്മുടെ പക്ഷത്തുള്ള ഒരാൾക്കെതിരെ ഉപയോഗിക്കുമ്പോൾ Rule of Law ഓർമ്മിക്കുകയും ചെയ്യുന്നത് ജനാധിപത്യ ജാഗ്രതയല്ല. അത് രാഷ്ട്രീയ സൗകര്യമാണ്. കേരളത്തിന് ശക്തമായ ജനാധിപത്യ പാരമ്പര്യമുണ്ട്. രാഷ്ട്രീയ വിയോജിപ്പ്, ഭരണഘടനാപരമായ അവകാശങ്ങൾ, അധികാര ദുരുപയോഗത്തിനെതിരായ നിലപാട് എന്നിവയ്ക്ക് ഇവിടെ ദീർഘമായ പാരമ്പര്യമുണ്ട്. പ്രാദേശിക രാഷ്ട്രീയ വൈരങ്ങൾ കാരണം ആ വിശാലമായ ജനാധിപത്യ ബോധം നമുക്ക് നഷ്ടപ്പെടരുത്. ഇത്തരം നടപടികൾ തുടരുകയും പൊതുസമൂഹത്തിന്റെ ജാഗ്രത കുറയുകയും ചെയ്താൽ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം ഒരു വ്യക്തിയിലോ ഒരു പാർട്ടിയിലോ മാത്രം ഒതുങ്ങില്ല. പരമ്പരാഗത ജനാധിപത്യവും മതനിരപേക്ഷവുമായ രാഷ്ട്രീയ ഇടം ദുർബലമാകുമ്പോൾ അതിന്റെ പ്രയോജനം ആർക്കാണ് എന്ന് ഗൗരവത്തിൽ ആലോചിക്കേണ്ടതുണ്ട്. ഭരണഘടനാപരമായ അവകാശങ്ങൾ നമുക്ക് ഇഷ്ടമുള്ള ആളുകൾക്ക് മാത്രം നൽകുന്ന പ്രത്യേക അവകാശമല്ല. നമുക്ക് ഇഷ്ടമില്ലാത്ത ആളുകൾക്കും അതേ അവകാശങ്ങൾ ഉണ്ടാകണം.
ഇഡി അന്വേഷിക്കട്ടെ. സിബിഐ അന്വേഷിക്കട്ടെ. എസ്എഫ്ഐഒ അന്വേഷിക്കട്ടെ. ഇൻകം ടാക്സ് ഡിപാർട്ട്മെൻറ് അന്വേഷിക്കട്ടെ. കേരള പൊലീസും അന്വേഷിക്കട്ടെ. യഥാർഥ ആരോപണമുണ്ടെങ്കിൽ അന്വേഷണം നടക്കണം. തെളിവുണ്ടെങ്കിൽ പ്രോസിക്യൂഷൻ ഉണ്ടാകണം. കോടതി കുറ്റം തെളിയിച്ചാൽ ശിക്ഷ ഉണ്ടാകണം. പക്ഷേ ഇതെല്ലാം നിയമപ്രകാരം, വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ, രാഷ്ട്രീയ പക്ഷപാതമില്ലാതെ, തിരഞ്ഞെടുക്കപ്പെട്ട (സെലെക്ടീവ്) മാധ്യമചോർച്ചകളില്ലാതെ, അനുപാതമില്ലാത്ത നിർബന്ധിത നടപടികളില്ലാതെ, അനന്തമായി നീളുന്ന അന്വേഷണം ഇല്ലാതെ നടക്കണം.
ഇവിടെ ചോദിക്കേണ്ട പ്രധാന ചോദ്യം “പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ വിജയൻ അല്ലെങ്കിൽ മറ്റാരെങ്കിലും കുറ്റക്കാരാണോ?” എന്നത് മാത്രമല്ല. അതിലും പ്രധാനപ്പെട്ട ചോദ്യം ഇതാണ്: കുറ്റം തെളിവിന്റെയും നിയമാനുസൃതമായ അന്വേഷണത്തിന്റെയും കോടതിവിധിയുടെയും അടിസ്ഥാനത്തിൽ തീരുമാനിക്കുന്ന ഒരു സംവിധാനമാണോ നമുക്ക് വേണ്ടത്, അതോ രാഷ്ട്രീയമായി ഒരാളെ ലക്ഷ്യമിടുന്നതുതന്നെ ക്രിമിനൽ നടപടിയുടെ തുടക്കമാകുന്ന ഒരു സംവിധാനമാണോ നമുക്ക് വേണ്ടത്?.
Adjust Story Font
16

